K V Rajasekharan :: രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ

Views:

 

രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമോ...

കെ വി രാജശേഖരൻ

കെ വി രാജശേഖരന്‍റെ മറ്റു രചനകള്‍ വായിക്കാം


സീതയിലൂടെ  അപഹരിയ്ക്കപ്പെട്ട ധർമ്മത്തെ വീണ്ടെടുക്കുന്നതിനാണ് ശ്രീരാമ ചന്ദ്രൻ ആയുധം എടുത്തത്. ദ്രൗപദിയിലൂടെ അപമാനിക്കപ്പെട്ട ധർമ്മത്തെ രക്ഷിക്കുവാനാണ് ആയുധമെടുക്കാതെയാണെങ്കിലും ശ്രീകൃഷ്ണൻ കുരുക്ഷേത്രത്തിലേക്കിറങ്ങിയത്. രാമപക്ഷത്തെ എതിർത്ത രാവണനോ കൃഷ്ണപക്ഷത്തെ ചെറുത്ത ദുര്യോധനനോ തല പോകുമെന്ന ഘട്ടമെത്തിയിട്ടും ശൂർപ്പണഖയെയോ ദുശ്ശളയെയോ അവസാന പോരാട്ടത്തിന് ഇറക്കി നോക്കാമെന്ന് കരുതിയില്ല. പക്ഷേ കലിയുഗത്തിലെ കൗരവപ്പട കാലക്കേടിൽ കാലിടറുമ്പോൾ കച്ചിത്തുരുമ്പിൽ കടിച്ചു കയറാനും ശ്രമിച്ചു നോക്കിയേക്കാം.  രാഹുലും പ്രിയങ്കയും സോണിയയും  പിടിച്ചാൽ കിട്ടുന്നതിനപ്പുറമാണ് ദേശീയതയിലടിയുറച്ച ഭാരതത്തിന്‍റെ വർത്തമാനകാല രാഷ്ട്രീയം എന്നത് തിരിച്ചറിഞ്ഞുകഴിഞ്ഞ ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൂട്ടായ്മ മമതയെ ഇറക്കി 2024ലെ പോരാട്ടത്തിന്  പുതിയ വഴികൾ തേടുന്ന ഗതികേടിലായിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ.
 
സ്വതന്ത്രഭാരതം പിടിച്ചടക്കിയത് കൗരവപ്പടയാണെന്നാണ് ഡോ ശശിതരൂർ തന്‍റെ 'ദി ഗ്രേറ്റ് ഇൻഡ്യൻ നോവലിൽ' എഴുതിവെച്ചിട്ടുള്ളത്.  'മഹാഭാരത' ഇതിഹാസത്തിന്‍റെ പശ്ചാത്തലത്തിലാണ് ആ  ആഖ്യായികയുടെ രചന നടത്തിയത്. അതിൽ   ജവഹർലാൽ നെഹ്രുവിനെ ധൃതരാഷ്ട്രരായാണ് തരൂർ അവതരിപ്പിച്ചത്. നൂറ്  കൗരവപുത്രന്മാരുടെ ആസുരശക്തി ഒന്നായി മാറിയ പുത്രി, 'പ്രിയദുര്യോധനി' ആയി ഇന്ദിരയെയും!  

ആ അച്ഛൻ-മകൾ പിന്തുടർച്ച ജന്മം നൽകിയ പുതിയ കാല കൗരവ സാമ്രാജ്യം ഒരുക്കിയ അടിയന്തിരാവസ്ഥയെന്ന അരക്കില്ലത്തെയുൾപ്പടെ അതിജീവിച്ചാണ്  ഭാരതീയദേശീയതയുടെ ധർമ്മപക്ഷം ഭാരതത്തിൽ വിജയപതാക ഉയർത്തിയത്.   കലികാലത്ത് സംഘമാണ് ശക്തിയെന്നത് ഉൾക്കൊണ്ടുകൊണ്ട്, ആധുനിക കുരുക്ഷേത്രത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘമാണ്,  ധാർമ്മിക ദേശീയതയുടെ ആയുധമെടുക്കാത്ത ചാലകശക്തിയായ തേരാളിയായി തല ഉയർത്തി നിൽക്കുന്നത്.  പൊരുതി നേടിയ വിജയം പ്രതിരോധിക്കുവാനും നിലനിർത്തുവാനും ധാർമ്മിക ദേശീയതയുടെ ആയുധമേന്തിയ മുന്നണിപ്പോരാളിയായി നരേന്ദ്ര ദാമോദർ ദാസ് മോദിയും! 
ആത്മനിർഭരമാകണം ഭാരതം.   അഞ്ച് ട്രില്ല്യൻ യു എസ്സ് ഡോളർ സാമ്പത്തിക ശക്തിയായി വളരണം.  എല്ലാവരോടുമൊപ്പം നിൽക്കണം.. എല്ലാവരുടെയും വികാസത്തിന് വഴിയൊരുങ്ങണം. . എല്ലാവരുടെയും വിശ്വാസങ്ങൾ സ്വതന്ത്രമായി വളരണം.  
2014 മുതൽ മോദി സർക്കാർ എടുത്ത ഓരോ നടപടികളിലും നടത്തിയ ഓരോ ഇടപെടലുകളിലും ആ വക ലക്ഷ്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പ്രകടമായിരുന്നു.   പാചകവാതകത്തിന്‍റെയും വൈദ്യുതിയുടെയും ലഭ്യത ദരിദ്രനാരായണനും ഉറപ്പു വരുത്തി.   പൊതുവഴികളും ഡിജിറ്റൽ സൗകര്യവർധനയും ഉൾപ്പടെ അടിസ്ഥാന സൗകര്യവളർച്ച അതിവേഗമാക്കുവാൻ ശാസ്ത്രവും സാങ്കേതിക വിദ്യയും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് വ്യാപകമായി. 'സ്വച്ഛഭാരതവും'  ഭദ്ര ഭാരതവും സുരക്ഷിത ജീവിതവും സാദ്ധ്യമാണെന്ന ബോദ്ധ്യം ജനാധിപത്യഭാരതം അനുഭവിച്ചു ബോദ്ധ്യപ്പെട്ടു.  കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ഡിമോണിട്ടേസേഷനുൾപ്പടെയുള്ള നടപടികളുടെ പ്രഭാവം സമൂഹം തിരിച്ചറിഞ്ഞു.  ജിഎസ്സടി ഉൾപ്പടെയുള്ള വിപ്ലവകരമായ മാറ്റങ്ങളിലൂടെ രാജ്യത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ബഹുദൂരം മുന്നോട്ടു പോയി.

അതിനിടയിലാണ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈന കോവിഡ്-19 എന്ന ജൈവായുധം പ്രയോഗിച്ച് സാമ്രാജ്യത്വ ലക്ഷ്യവുമായി മാനവരാശിയെ കടന്നാക്രമിച്ചത്. ചൈനയുടെ ആക്രമണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ അമേരിക്കയോടും തെയ്വാനോടുമൊപ്പം ഭാരതവുമായിരുന്നു.   കൊറോണക്കാലത്ത് മുതലെടുക്കുവാൻ ചൈനാ പാക്ക് ചാരന്മാർ  പൗരത്വ(ഭേദഗതി) നിയമവും കാർഷിക നിയമവും  പോലുള്ള വിഷയങ്ങളിൽ ആന്തരിക പ്രശ്നങ്ങളുണ്ടാക്കുവാൻ കിണഞ്ഞു  പരിശ്രമിച്ചു.  പാൽഘറിൽ (മഹാരാഷ്ട്ര) രണ്ടു ഹിന്ദു സന്യാസിമാരെയും ഡ്രൈവറെയും ആൾക്കൂട്ട കൊലപാതകത്തിന് വിധേയരാക്കിയതുൾപ്പടെ പ്രകോപനങ്ങൾ സൃഷ്ടിച്ച് അന്തർ സംഘർഷങ്ങളുടെ വെടിമരുന്നു ശാലയ്ക്ക് തീ കൊളുത്തുവാനും അവർ പരിശ്രമിച്ചു.  ആ കാലത്ത് ലഡാക്കിൽ കടന്നാക്രമിക്കാനും ചൈന തയ്യാറായി.   രാഹുലും പ്രതിപക്ഷവും കൊറോണയും ചൈനയും ഉയർത്തിയ ഭീഷണികളുടെ ഇടയിൽ രാഷ്ട്രീയ മുതലെടുപ്പിന് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞുകൊണ്ട് നാടൊട്ടുക്ക് കുത്തിത്തിരുപ്പിന് വഴികൾ തേടി.  പക്ഷേ, അകത്തും പുറത്തുമുള്ള ശത്രുക്കൾ ഉയർത്തിയ ഓരോ പ്രതിസന്ധിയെയും വിജയകരമായി നേരിട്ട് ഭാരതം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടു തന്നെ പോകുകയാണ്.  

അതുകൊണ്ടു തന്നെയാണ് ഭാരതത്തിന്‍റെ ശത്രുക്കളായ ചൈനയും പാക്കിസ്ഥാനും മോദിയുടെ ശത്രുക്കളായ രാജ്യത്തിനകത്തുള്ള ഹിന്ദുവിരുദ്ധ വർഗീയതയുടെ രാഷ്ട്രീയക്കുട്ടായ്മയും  ഒന്നിച്ചു നിന്ന്  അദ്ദേഹത്തെ എതിർക്കാനുള്ള പഴുതുകൾ പലതും വീണ്ടും പരീക്ഷിച്ചു നോക്കുന്നത്.  നേരും നെറിയുമില്ലാത്ത ആ രാഷ്ട്ര വിരുദ്ധക്കൂട്ടായ്മ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പോരാട്ടശേഷിയുള്ള നേതൃത്വത്തിന്‍റെ അഭാവമാണ്. വീരപ്പനില്ലാതായ കൊള്ള സംഘത്തിന്‍റെ അവസ്ഥ.  പുതിയ ഒരു നേതാവിനെ തേടി മമതയിലേക്കെത്തിയ പ്രതിപക്ഷ ആൾക്കുട്ടം  ഗതികേടിലായ  ദയനീയതയുടെ പശ്ചാത്തലമതാണ്.

ബംഗാൾ നിയമസഭയിൽ 2016ലെ  മൂന്നിൽ നിന്ന്  2021ൽ 74ലേക്ക് ഭാരതീയ ജനതാ പാർട്ടി വളർന്നതിൽ വിളറിപൂണ്ട് അവിടെ അരങ്ങേറിയ ഹിന്ദുക്കൾക്കെതിരെയുള്ള കൊലപാതകങ്ങൾക്കും കൊള്ളിവെപ്പുകൾക്കും ബലാത്സംഗങ്ങൾക്കും ഭീകരതയുടെ എല്ലാ സീമകളെയും അതിലംഘിക്കുവാൻ    ഭരണകൂട പിന്തുണനൽകിയതാണ്  മമതയെ രാഷ്ട്ര വിരുദ്ധ ശക്തികൾക്ക് പ്രിയങ്കരിയാക്കിയത്.  ശ്രീരാമ ജന്മഭൂമി സമരത്തിൽ  കോത്താരി സഹോദരന്മാരെ വെടിവെച്ചിട്ട മുലായത്തിനെക്കാളും,  1993ൽ ബോംബെയിൽ നടന്ന  ഹിന്ദു   വിരുദ്ധ വർഗീയ കലാപത്തിനുൾപ്പടെ അധോലോക സമൂഹത്തിനും ഇസ്ലാമിക തീവ്രവാദത്തിനും എന്നും കൂടെ നിൽക്കുന്ന ശരദ് പവാറിനേക്കാളും, വാടിക്കൽ രാമകൃഷ്ണനെ കൽമഴുവിന് വെട്ടിക്കൊന്ന കേസിൽ പ്രതിയായിരുന്ന, ഉന്മൂലന രാഷ്ട്രീയത്തിന്‍റെ കരുത്തനായ ഗുണ്ടാത്തലവന്‍റെ ചരിത്രം പേറുന്ന 'ഇരട്ടച്ചങ്കുമായി' മാര്‍ക്സിസത്തെ മുസ്ലീം വർഗീയതക്ക് അടിയറവെച്ച പിണറായി വിജയനെക്കാളും ഹിന്ദുവിന്‍റെ മേൽ പ്രഹരിക്കുവാനുള്ള കൈക്കരുത്ത് മമതാ ബാനർജിക്കാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ എതിർക്കേണ്ടതില്ല; എതിർത്തിട്ടു കാര്യവുമില്ല.  പക്ഷേ അതാണ് ഇൻഡ്യൻ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയെന്ന് പറയുന്നവരോട് 'പോയി പണി നോക്കാൻ' പറയേണ്ടിവരുമെന്നതിൽ പതർച്ചയില്ല.

രാഹുലിന്‍റെ കഴിവുകേടിന് പകരം മമതയുടെ കാടത്തമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് കൂടുതൽ കേമമെന്ന് പറയണമെന്നുള്ളവർ പറഞ്ഞോട്ടെ!  പക്ഷേ ഭാരതത്തിന്‍റെ പ്രധാനമന്തി പദത്തിലേക്ക്, അതും മോദിക്ക് പകരക്കാരിയായി,  മമതയെ ഉയർത്തിക്കാട്ടിയാൽ ഭാരതീയ ജനാധിപത്യം മുഖം തിരിച്ചു നിൽക്കും.   മമതയുടെ ഹിന്ദുവിരുദ്ധ കാടത്തം ഭാരതമാകെ തുറന്നു കാട്ടിയാൽ മാത്രം മതി  2014ലും 2019ലും കാട്ടിയ വിവേകം 2024ലും ഭാരതം കൂടുതൽ വ്യക്തതയോടെ  ആവർത്തിക്കും.  അവിടെ ഒരു പ്രധാന കാര്യം ശ്രദ്ധിച്ചാൽ മതി.  ന്യൂനപക്ഷ വർഗീയശക്തികൾ എന്നും ഹൈന്ദവ സാംസ്കാരിക ദേശീയതയുടെ  പക്ഷത്തിനെതിരെ വോട്ടു ചെയ്തവരാണ്.  അവരുടെ ശക്തിക്ക് ഇനി വളരാനുള്ള ഇടമെത്രയുണ്ട്? തിരഞ്ഞെടുപ്പുകളിൽ  ഇതുവരെ ചെയ്തതിൽ കൂടുതൽ ഉപദ്രവം, ദേശീയ പക്ഷത്തിന് അവരിൽ നിന്ന് ഉണ്ടാകുമെന്ന് കരുതേണ്ട കാര്യമേയില്ല.  നേരെ മറിച്ച്, പാർശ്വവത്കരിക്കപ്പെട്ട, അവഗണിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട, ഹിന്ദുക്കളിൽ വലിയൊരു വിഭാഗം പലയിടങ്ങളിലും കപട മതേതരത്വത്തിന്‍റെ വലയിൽപെട്ട്, തങ്ങൾ നേരിടുന്ന ഭീഷണികളും വെല്ലുവിളികളും  ശരിയായി തിരിച്ചറിയാത്തതുകൊണ്ട് ദേശീയ പക്ഷത്തോട് ചേരേണ്ടതിന്‍റെ അനിവാര്യത ഉൾക്കൊള്ളത്തവരായിട്ടുണ്ട്.  ദുർഗാ പൂജയ്ക്കും രാമനാമജപത്തിനും പോലും തടസ്സം നിൽക്കുന്നതിലൂടെ ആരംഭിച്ച് ഹിന്ദുക്കളെ കൊന്നു തള്ളുന്നതിലും ബലാത്സംഗം ചെയ്യുന്നതിലും വരെ എത്തിച്ചേർന്നു കഴിഞ്ഞ  കാടത്തത്തിന്‍റെ  രാഷ്ട്രീയ മുഖമാണ് മമതാ ബാനർജിയെന്ന് ഭാരതമാകെ തെളിവുകൾ സഹിതം സ്ഥാപിച്ചു കഴിഞ്ഞാലും നരേന്ദ്രമോദിയെ എതിർത്തുകൊണ്ട് അവർ കളത്തിലുണ്ടാകുമെന്ന് കരുതുന്നവരുടെ രാഷ്ട്രീയ സാക്ഷരത അപാരം തന്നെയായിരിക്കും!

ഈ വിഷയം ചർച്ച ചെയ്യുമ്പോൾ പ്രാദേശിക  പാർട്ടികളുടെ കൂട്ടായ്മ ഉയർത്തി ദേശീയ രാഷ്ട്രീയത്തിന്‍റെ വളർച്ച തടസ്സപ്പെടുത്തുവാൻ കുടില തന്ത്രങ്ങൾ  പ്രയോഗിക്കുന്നവരുടെ ചരിത്രം കൂടി ഓർക്കേണ്ടതുണ്ട്.  മുസ്ലീം ലീഗ് ഭാരതം രണ്ടായി വിഭജിക്കാൻ  ആവശ്യം ഉയർത്തിയപ്പോൾ പലതായി മുറിക്കുവാൻ  ന്യായം നിരത്തിയ ഇഎംഎസ്സ് ഉൾപ്പടെയുള്ള കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യം, സോവിയറ്റ് സഹായത്തോടെ,  ഭിന്നിച്ചു നിൽക്കുന്ന  ഓരോരോ പ്രാദേശിക ഘടകങ്ങളിലൂടെ,  ഭാരതം പിടിച്ചടക്കുകയായിരുന്നു.   പല കാര്യങ്ങളിലും വിമർശിക്കപ്പെടേണ്ടതായിരുന്നു ഇന്ദിരയെന്ന ഫാസിസ്റ്റ് ഭരണാധികാരിയെന്നതിൽ സംശയമില്ല.  പക്ഷേ    ഏത് ചെകുത്താന്‍റെയും കൂട്ടു പിടിച്ച് ഇന്ദിരയുടെ നേതൂത്വത്തിലുള്ള കോൺഗ്രസ്സ് ഭരണത്തെ ചെറുക്കുമെന്ന് 1967ൽ ഈഎംഎസ്സ് പറഞ്ഞതിന്‍റെ പിന്നിൽ ഒളിഞ്ഞിരുന്ന അജണ്ട ഭാരതത്തെ അന്ന് അസ്ഥിരപ്പെടുത്തുകയായിരുന്നു എന്നത് മറക്കാനും പാടില്ല.  (പ്രതിപക്ഷ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന് മുമ്പ് മമതയോടും തൃണമൂൽ കോൺഗ്രസ്സുകാരോടും മൂമ്പ് ചെയ്തിട്ടുള്ള കൊടും ക്ര്രൂരതകൾക്ക് കൂട്ട നമസ്കാരം ചെയ്ത് ക്ഷമ ചോദിക്കുവാൻ തറ്റുടുത്ത് തയാറെടുക്കുന്ന യച്ചൂരിക്കും കമ്യൂണിസ്റ്റുകാർക്കും അന്ന് ശങ്കരൻ നമ്പൂതിരിപ്പാടുയർത്തിയ ന്യായീകരണ 'ക്യാപ്സ്യൂളുകൾ' പൊടിതട്ടിയെടുക്കുന്നത് പണി എളുപ്പമാക്കിയേക്കും!). അന്നത്തെ സാഹചര്യത്തിൽ ഭാരതത്തെ ഒന്നായി നിർത്താൻ കഴിവുണ്ടായിരുന്ന ഇന്ദിരയെ എതിർത്തവർ ഇന്ന് രാജ്യത്തിന്‍റെ അഖണ്ഡത ഉറപ്പാക്കാൻ കരത്തുള്ള മോദിയെ എതിർക്കുന്നു!

അവിടെയാണ് ദേശീയതയുടെ പക്ഷം വേറിട്ട് നിൽക്കുന്നത്. വീര സവർക്കറും ഗുരുജി ഗോൾവൾക്കറും  തങ്ങൾക്ക് രാഷ്ട്രീയമായി യോജിക്കാനാവില്ലായിരുന്ന ഇഎംഎസ്സിന്‍റെ  കേരളസർക്കാറിനെ(1957) പിരിച്ചുവിടുന്നതിനെ എതിർത്തതിന്‍റെ ആശയപരമായ പശ്ചാത്തലം കൃത്യമായി ഉൾക്കൊണ്ടതാണ് നരേന്ദ്രമോദിയുടെ രാഷ്ട്രീയ  വ്യക്തിത്വം.  അതുകൊണ്ടാണ് അദ്ദേഹം  കേന്ദ്ര സംസ്ഥാന സഹകരണത്തിലൂടെ (കോഓപ്പറേറ്റീവ് ഫെഡറലിസം) വളരുന്ന ദേശീയ ഐക്യത്തിന്‍റെ സാദ്ധ്യതകൾക്ക് കൊറോണക്കാലത്തും പ്രാധാന്യം നൽകുന്നത്.  നെഹ്രുവിനെയോ ഇന്ദിരയെയോ രാജീവിനെയോ നരസിംഹറാവുവിനെയോ പോലെ ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതിന് മോദി അധികാരത്തിൽ കയറി ഏഴുവർഷങ്ങളായിട്ടും ഒരിക്കൽ പോലും ഒരുമ്പെട്ടിട്ടില്ലായെന്നത് നൽകുന്ന സന്ദേശം കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ പ്രാദേശിക വികസനവും  ദേശീയ ഐക്യവുമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നതാണ്.  അത്തരം സകാരാത്മക സമീപനത്തിലൂടെ ദേശീയ നേതൃത്വത്തെ മോദി നയിക്കുമ്പോൾ മോദി വിരോധം മാത്രം പൊതുവായുള്ളവർ നകാരാത്മക കൂട്ടായ്മയുണ്ടാക്കി എതിർക്കാൻ തുനിഞ്ഞിറങ്ങിയാൽ സംസ്ഥാനങ്ങളിലെ അധികാരത്തിൽ നിന്നുപോലും അവരെ അടിച്ചിറക്കി വിവേകം പ്രകടമാക്കുവാൻ രാഷ്ട്രബോധമുള്ള പൊതുസമൂഹം തയാറാകുമെന്നതിന് സംശയം വേണ്ട.  

2014ൽ സോണിയാ കോൺഗ്രസ്സിനെക്കൊണ്ട് പൊറുതിമുട്ടിയ ഭരണവിരുദ്ധ വികാരവും കൂടിയാണ് ഗുജറാത്തിൽ കഴിവുതെളിയിച്ച മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിന് ഇടവരുത്തിയത്.  എന്നാൽ, 2019ലെ വിജയം മോദിയുടെ ഭരണമികവിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു.  അയോദ്ധ്യാ വിഷയത്തിലും കശ്മീർ വിഷയത്തിലും കൊറോണാ പ്രതിരോധത്തിലും ഇതുവരെ കാട്ടിയ  നേതൃപാടവത്തോടെ ഇനിയുള്ള കാലത്ത്  സാമ്പത്തിക ഉത്തേജനത്തിനും സമഗ്രവികസനത്തിനും ഊന്നൽ കൊടുത്തുള്ള തുടർ നടപടികളുമായിക്കഴിയുമ്പോൾ 2024ലും ഭാരതീയ ജനതാ പാർട്ടിയും ദേശീയ ജനാധിപത്യ മുന്നണിയും ചരിത്രം ആവർത്തിക്കും. 

അന്ന് മമതയാണ് പ്രതിപക്ഷ മുഖമെങ്കിൽ 'ദീദിക്ക്' നല്ല ചില പ്രായോഗിക രാഷ്ട്രീയ അനുഭവങ്ങൾ ബാക്കിയാകുമെന്നു മാത്രം.  കവുങ്ങേൽ കയറാൻ ഉപയോഗിക്കുന്ന തളപ്പുമായി തെങ്ങേൽ കയറാൻ പോയാൽ തലയും കുത്തി വീഴുമെന്ന് തിരിച്ചറിയും!  കടിക്കാനിട്ട് ഓടിച്ച പേപ്പട്ടിയെ എറിഞ്ഞോടിക്കാൻ പാടുപെടുന്ന ആളിനോട് കണ്ടുനിൽക്കുന്ന ആൾക്കൂട്ടം കൂടെ കൂടിയെന്നു വരും. പക്ഷെ, അതേ ആൾ പാലു തരുന്ന പശുവിനെ എറിയാൻ തുനിഞ്ഞാൽ അയാൾക്കും   പേ പിടിച്ചെന്നു കരുതി ആൾക്കൂട്ടം പിടിച്ചു കെട്ടുമെന്നും തിരിച്ചറിയും! കൊലപാതകങ്ങളും കടന്നാക്രമണങ്ങളും കൊണ്ട് ബംഗാളിൽ അരാജകത്വം വരുത്തിയ കമ്യൂണിസ്റ്റ് കാടത്തത്തിന് കടിഞ്ഞാണിടാൻ കൂട്ടു നിന്ന ജനം മഹാഭാരതത്തിന്‍റെ വികസന നായകൻ നരേന്ദ്ര മോദിയുടെ വഴിമുടക്കുവാൻ ചെന്നാൽ മമതയെ പിടിച്ചു മാറ്റുമെന്ന നേരറിവും ബാക്കിയാകും!

കെ വി രാജശേഖരൻ

9497450866




No comments: