Skip to main content

Jayan Pothencode :: അരങ്ങുവാഴുന്ന സത്യങ്ങൾ

   
അരങ്ങുവാഴുന്ന സത്യങ്ങൾ
ജയൻ പോത്തൻകോട്
9446559210

ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ മഞ്ചാടി എന്ന കവിത വായിക്കാം

മറ്റുള്ളവരുമായി സസ്നേഹം ഇടപെടുന്നവരെയാണ് സമൂഹത്തിനാവശ്യം. മനസ്സ് തുറന്നു ചിരിക്കുന്ന മനുഷ്യൻ പൂത്തുലഞ്ഞ് നിൽക്കുന്ന ചെടിയാണെന്നൊരു കവിവാക്യമുണ്ട്. അത്തരം വ്യക്തികളെ കാണുമ്പോൾ നമ്മിൽ ആനന്ദവും ആശ്വാസവും ഉണ്ടാകുന്നു. അത്തരം മനുഷ്യരിൽ മഹത്വവും ഉണ്ടാകും. നിറഞ്ഞ ആത്മവിശ്വാത്തോടെ തെളിഞ്ഞ പുഞ്ചിരിയുമായി മനസ്സിൽ തെളിച്ചമുള്ള വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ. രജി ചന്ദ്രശേഖർ .

ജീവിതത്തിന്‍റെ സങ്കീർണതകളെ തീവ്ര യാഥാർഥ്യത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് അദ്ദേഹത്തിന്‍റെ മഞ്ചാടി. വൈവിധ്യമുള്ള പ്രമേയത്താൽ സമൂഹത്തിലേക്കു തുറന്നുപിടിച്ച കണ്ണ് . മഞ്ചാടി സമൂഹത്തിന്‍റെ ജീർണിച്ച മുഖത്തേക്കുള്ള പ്രതികരണവുമാണ്. ചുറ്റും നടമാടുന്ന സംഭവങ്ങളെക്കുറിച്ച് സദാ ഉത്കണ്ഠപ്പെടുന്ന ഒരു മനസ്സ് ഈ കവിയിലുണ്ട്. ജീവിതത്തിന്‍റെ അകവും പുറവും സത്യസന്ധമായി പകർത്തുകയാണ് ശ്രീ രജി ചന്ദ്രശേഖർ മഞ്ചാടിയിലൂടെ.
 
ന്‍റെ കൈവെള്ളയിലൂറുന്ന നിണത്തുള്ളിയെ മഞ്ചാടിയോട് ഉപമിച്ചാണ് കവി കവിത തുടങ്ങുന്നത്. അത് പ്രിയപ്പെട്ടവളുടെ നെറ്റിയിൽ സിന്ദൂരമായി പൊട്ടുകുത്താനും  ചൊടിയിലും കവിളിലും അനുരാഗത്തുടിപ്പേറ്റുവാനും
 കവി ആഗ്രഹിക്കുന്നു. അനുവാചകരെ അനുരാഗനദിയിൽ സ്നാനം ചെയ്യാൻ കവി പ്രേരിപ്പിക്കുന്നു എന്നൊരു തോന്നൽ സൃഷ്ടിക്കാൻ ഈ വരികൾക്ക് കഴിയുന്നുണ്ട്. ജീവിതത്തിന്‍റെ ഓരോ നിമിഷത്തെയും തീപിടിച്ചത് പോലുള്ള പ്രണയസ്പന്ദനങ്ങൾ ആക്കി മാറ്റാൻ കവി ശ്രമിക്കുന്നു. അപ്പോൾ അനുവാചകരിൽ ചിലരെങ്കിലും സ്വന്തം പ്രണയത്തെയും പൊടിതട്ടിയെടുത്തു മിനുക്കി എണ്ണയൊഴിച്ച് തിരിനീട്ടി വീണ്ടും ജ്വലിപ്പിക്കുവാൻ ശ്രമിക്കുമെന്നും നെഞ്ചിൻ കൂടിനുള്ളിലെ സ്നേഹപ്പുതപ്പിനെ വാരിപ്പുണരുമെന്നും കവി പ്രതീക്ഷിക്കുന്നു. മഞ്ചാടി വെറുമൊരു കവിത മാത്രമല്ല; കവിയുടെ ഹൃദയമെഴുത്ത് കൂടിയാണ്.

കറങ്ങുന്ന പങ്കയ്ക്കു ചുറ്റും സുഖമനുഭവിക്കുന്നവർ സമൂഹത്തിൽ ദുരിതം പേറുന്നവരെ കാണുന്നില്ലെന്ന് കവി പരിതപിക്കുന്നു. കത്തുന്ന ജീവിതത്തിന്‍റെ നേർക്കാഴ്ചകളിലേക്കാണ് കവി നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ശബ്ദം ഉയർത്തി സംസാരിച്ചു ശക്തരാണെന്ന് തെളിയിക്കാനും സാധാരണക്കാരെ കീഴ്പ്പെടുത്താനും ശ്രമിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെ തിരിച്ചറിയാൻ കവി ആഹ്വാനം ചെയ്യുന്നു . ഉറക്കെ പറയുന്നവനും ഒടുവിൽ നിർത്തുന്നവനും വിജയിക്കും എന്നത് വെറും തോന്നൽ മാത്രമാണ് .നന്മയുടെ തുരുത്തിൽ ജീവിക്കാനാണ് കവി ഇഷ്ടപ്പെടുന്നത്.

വേഗതയും മാത്സര്യവും കൊണ്ട് സങ്കീർണമായ ജീവിതപ്രശ്നങ്ങളിൽ പെട്ടുഴലുന്ന മനുഷ്യന് പ്രകാശമുള്ള ഒരു വാക്ക് മതിയാകും സ്വച്ഛന്ദമായ ജീവിതത്തിലേക്ക് തിരിച്ചെത്താൻ. ഉള്ളുണർത്തുന്ന ഒരു വ്യക്തിക്കു മാത്രമേ വാക്കുകളിൽ വെളിച്ചം നിറയ്ക്കാൻ സാധിക്കു. കൊച്ചുമലരിലെ പൂന്തേൻ നുകരുവാനെത്തുന്ന തുമ്പിയും പാണന്‍റെ പാട്ടും കവിയുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുന്നില്ല .
 
ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയം ഇല്ലാതാകുന്നു. തിരിഞ്ഞുനോക്കാനും തിരിച്ചറിയാനും കഴിയാതാവുന്നു . മൊബൈലിന്‍റെമാസ്മരികതയിൽ മയങ്ങിപോകുന്ന കുട്ടികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കുഴങ്ങുന്ന മാതാപിതാക്കൾ . കരളിൽ പടരുന്ന പരമാർഥങ്ങളും മനുഷ്യ ലോകത്തിന്‍റെ നന്മതിന്മകളും ഈ കവിതയിൽ കാണാം. ബന്ധങ്ങളുടെ വാതിലുകൾ അടഞ്ഞുപോയ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. തിരക്കുകളുടെ ലോകം. അറിവിന്‍റെ ലോകം വിരൽതുമ്പിൽ ആയപ്പോൾ സ്നേഹം പ്രധാനപ്പെട്ട ഒരു മൂല്യം അല്ലാതായി തീരുകയും കേവല വസ്തുവായി തരംതാഴുകയും ചെയ്യുന്ന കാലം...  ചോരയും ചോറും മറക്കുന്നവരുടെ കാലമാണിതെന്ന് കവി പറയുന്നു. കിനാവു കരിഞ്ഞ് ദാഹവും വിശപ്പുമായി അർദ്ധരാത്രിയിൽ വണ്ടിക്ക് തലവച്ചൊടുങ്ങുന്നവരുടെ  കാഴ്ച ദയനീയമാണ്. നാണയത്തിന് കൈനീട്ടുന്നവർ, നാണം മറയ്ക്കാൻ പോലുമാകാത്ത വൃദ്ധനും വൃദ്ധയും , വഞ്ചിച്ചുപൊട്ടിച്ചിരിിക്കുന്നവരുടെ കാലം, കള്ളന്‍റെ കാവൽ, വെള്ളം കുതിർക്കാത്ത ഉച്ഛിഷ്ട ഭാരവുമെല്ലാം മഞ്ചാടി കവിതയിലെ തീക്ഷ്ണത പകരുന്ന വരികൾ ആയി മാറുന്നു. നോട്ടം വിറച്ച്, വാക്കുകൾ കിട്ടാതെ കവിമനസ്സ് വിതുമ്പുന്നു. രചനയിൽ മറ്റാരോടും സാമ്യപ്പെടാതെ സ്വന്തം വഴിയിലൂടെ ഈ കവി മുന്നോട്ടുപോകുന്നു. ഇത്തരം കാഴ്ചകൾ കവിയെ വിഷമിപ്പിക്കുകയും ചെയ്യുന്നു.

തിരികെട്ടൊരോട്ടുവിളക്ക് എന്ന വരി മൂല്യച്യുതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യർക്ക് അക്ഷരങ്ങളുടെ വില അറിയാതെ സ്വാർത്ഥ ചിന്തയിൽ മുഴുകി കിടക്കുന്നു. എല്ലാവരും മുഖംമൂടിയണിഞ്ഞ് ജീവിക്കുന്നു. കാരുണ്യ സേവനത്തിൽ പോലും പേവിഷം ബാധിച്ചിരിക്കുന്നത് കരഞ്ഞു കൊണ്ടും പരിഭവിച്ചു കൊണ്ടും കവി പറയുന്നു. മനുഷ്യന്‍റെ മനസ്സിൽ പാമ്പിനേക്കാൾ വിഷം അടങ്ങിയിരിക്കുന്നതായി പറഞ്ഞു രോഷാകുലനാകുന്നുണ്ട് കവി. ഇത്തരം കാഴ്ചകൾ കവിമനസ്സിനെ വല്ലാതെ ഉലയ്ക്കുന്നുമുണ്ട്. ഇടതിങ്ങി വിങ്ങുന്ന നിരാശയും തീരാത്ത പൈദാഹദീനശാപങ്ങളും താളം ചവിട്ടിത്തളർന്ന പാദങ്ങളും ഉൾക്കൊണ്ട വരികൾ മഞ്ചാടി കവിതയെ വ്യത്യസ്തമാക്കുന്നു. തീക്ഷ്ണമായ പക്ഷപാതവും മതാന്ധതയും മുഖംമൂടിയണിഞ്ഞ മനുഷ്യരും കാലഘട്ടത്തിന്‍റെ നേർക്കാഴ്ചകൾ ആയി മാറുന്നു .
 
ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ആർഷ ഭാരതസംസ്കൃതിയുടെ അരുണോദയത്തിന് ആവുമെന്ന് കവി പ്രത്യാശിക്കുന്നു. തീക്ഷ്ണമായ പക്ഷപാതവും മതാന്ധതയും നിറഞ്ഞ കാലഘട്ടത്തിൽ വെളിച്ചമേകാൻ തെളിഞ്ഞ കണ്ണും തെളിമയാർന്ന മനസ്സുമുള്ളവർക്ക് കഴിയും. ആരണ്യ മന്ത്രങ്ങളും, സൂര്യഗായത്രികളും മനസ്സിൽ നന്മ തെളിയിക്കുവാൻ കെല്പുള്ളവയാണ്  എന്നും കവി അടിവരയിട്ടു പറയുന്നു. സുതാര്യവും സർവ്വചരാചരങ്ങളോടും സ്നേഹവായ്പും പ്രായോഗികമായ കാഴ്ചപ്പാടും ഉള്ള ആർഷഭാരതസംസ്കാരം ലോകനന്മയ്ക്കായി ഉള്ള ഒരു പ്രാർത്ഥന കൂടിയാണെന്ന് കവി സമർത്ഥിക്കുന്നു. ഏകലോക മാനവികതയെ കവി സ്വപ്നം കാണുന്നു. മാതൃഭൂമിയെ സേവിക്കാനും ദൈവികതയിലേക്ക് ഉയരാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ആശയുടെയും പ്രതീക്ഷയുടെയും ഉയർന്നുപൊങ്ങുന്ന മനസ്സാണ് കവിയുടേത്. പഞ്ചേന്ദ്രിയങ്ങൾക്കും വിരുന്നൊരുക്കുന്ന കവിതയാണ് മഞ്ചാടി.
 
 
മഞ്ചാടി വർത്തമാനകാല ഭീകരതയിലേയ്ക്കും ദൈന്യതയിലേയ്ക്കും വെളിച്ചം വീശുന്ന കവിതയാണ്. സമൂഹത്തിന്‍റെ ജീർണിച്ച മുഖത്തോടുഉള്ള പ്രതികരണം കൂടിയാണ്. കരഞ്ഞുകൊണ്ടും പരിഭവിച്ചുകൊണ്ടും പറയുന്ന വാക്കുകൾ ആണ് ഈ കവിതയുടെ കേന്ദ്രബിന്ദു .അനുരാഗനദിയിൽ സ്നാനം ചെയ്യിക്കുന്നതോടൊപ്പം മഞ്ചാടി കവിത കണ്ണീരുപ്പു കൊണ്ട് നനയ്ക്കുകയും ചെയ്യുന്നുണ്ട്. കരളിൽ പടരുന്ന പരമാർഥങ്ങളെ തീക്ഷ്ണതയോടെ   കവി മഞ്ചാടിയിൽ പ്രതിപാദിക്കുന്നു. മനുഷ്യലോകത്തിന്‍റെ നന്മതിന്മകൾ ഈ കവിതയിൽ കാണാം. രചനയിൽ മറ്റാരോടും സാമ്യപ്പെടാതെ സ്വന്തം വഴിയിലൂടെ ഈ കവി മുന്നോട്ടുപോകുന്നു. അപ്രിയസത്യങ്ങൾ  തുറന്നെഴുതുന്നതിന്  അദ്ദേഹം കാണിക്കുന്ന 'മിടുക്ക്' പ്രശംസനീയമാണ്. മഞ്ചാടി കവിതയ്ക്ക് ഒരു 'ഊക്ക്'  ഉണ്ട്.വർത്തമാനകാല ദുരന്തങ്ങൾ വേട്ടയാടുമ്പോഴും ഒരു മഞ്ചാടി കുരുവിനെ പോലെ ജീവിക്കാൻ കവി ആഹ്വാനം ചെയ്യുന്നു ഉതിർന്നു വീഴുമ്പോഴും മനോഹരിയാവാൻ ... സൃഷ്ടിക്കും സൃഷ്ടി കർത്താവിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു


JAYAN POTHENCOD

Manchadi Cover Art


ആലാപനങ്ങള്‍


ആസ്വാദനങ്ങൾ...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan