ഓണത്തുമ്പിക്കാഘോഷം

Views:
അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ.

ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ
ചിത്തം നിറയെ പൊന്നോണം.

ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ
ചോന്നു തുടുത്തൊരു നാണപ്പൂ.

വിശാഖം വയറും തടവി വിളിച്ചൂ,
വയറുനിറഞ്ഞുകവിഞ്ഞമ്മേ.

അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ,
അനിയാ പയ്യെത്തിന്നോളൂ.

കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം
കുട്ടികൾ കൂടും കളിമേളം.

മൂലത്തിൻ നാളൂഞ്ഞാലാടും,
മൂടും കുത്തിത്താഴേക്കും.

പൂരാടത്തിനു കോടിയുടുക്കാം,
പൂമയിലാഭവിടർത്തീടാം.

ഉത്രാടക്കഥ വെപ്രാളത്തി -
ന്നുത്സവലഹരി വിളമ്പുന്നൂ.

ഓണത്തിൻ പൊൻപുലരി പിറന്നാ-
ലോണത്തുമ്പിക്കാഘോഷം.

രജി ചന്ദ്രശേഖർ
28-08-2023





No comments: