Skip to main content

Anu P Nair :: 'നമ്മളൊന്നാവേണ്ടതുണ്ട്



കവിത ദൈവത്തോടുള്ള പരാതി പറച്ചിലുകളാണ് എന്ന് എവിടെയോ വായിച്ചത് ഓർത്തു പോകുന്നു. എന്നാൽ പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു ലോകം തേടൽ കൂടിയാകുന്നു കവിത . അങ്ങനെയൊരു ലോകത്ത് തിരയടങ്ങിയ കടൽ പോലെ ശാന്തനായി ഇരിക്കുക എന്നത് ഓരോ കവിയുടെയും സ്വപ്നമാണ് . അൻസാർ വർണ്ണനയുടെ 'ഞാനും നീയും നമ്മളാകുന്നത്' എന്ന കാവ്യ സമാഹാരത്തിലെ കവിതകൾ അത്തരത്തിൽ ഒരു കവി കണ്ട കിനാവുകളാണ് .

''നമുക്കിടയിലെന്ത്
കോടതിയും കുന്ത്രാണ്ടങ്ങളും ?'' എന്ന് കവി ചോദിക്കുന്നു . പരസ്പരം അറിഞ്ഞു കഴിയുമ്പോൾ, ഞാൻ - നീ എന്ന ഭാവങ്ങൾ ഇല്ലാതാകുമ്പോൾ പിന്നെ പരാതികളില്ല . വ്യവഹാരങ്ങളുടെ ആവശ്യവുമില്ല .
''എന്റെ ഗന്ധമാണ് നീ
ഞാൻ നിന്റെയും '' എന്ന തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകുന്നു .

ഒരു പുതിയ മെച്ചപ്പെട്ട ലോകത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഈ സമാഹാരത്തിലെ ഇരുപത്തിയഞ്ച് കവിതകൾ .ഒരു പുതിയ ലോകം വരുമെന്ന് കവി വിശ്വസിക്കുന്നു . കവിക്കാരോ വാക്കു നൽകിയിട്ടുണ്ട് .

''വരുമെന്നാണയിട്ട്  പറഞ്ഞത്'' കവിയുടെ സർഗ്ഗശക്തി തന്നെയാവാം. അതുണ്ടാക്കിയിരിക്കുന്നത് ഉറവ വറ്റാത്ത മനുഷ്യത്വം കൊണ്ടാണ് .മനുഷ്യത്വമില്ലെങ്കിൽ നമ്മളാരാണ് ? ആരുമല്ല . 'ഞാനും നീയുമല്ല' എന്ന കവിതയിൽ വർണ്ണന എഴുതി -''ഞാനൊരു ഞാനല്ല, നീയൊരു നീയുമല്ല''

അൻസാർ വർണ്ണനയുടെ കവിതകളിലെ മറ്റൊരു പ്രത്യേകത സ്ത്രീയോടുള്ള കരുതലാണ് . ഉമ്മ, ഭാര്യ, മകൾ എന്നിവരോടുള്ള കരുതൽ കവിതയിൽ കാണാം . ഈ സമാഹാരത്തിലെ കവിത അല്ലെങ്കിലും 'സ്വപ്നക്കുഞ്ഞ്' എന്ന കവിത ഓർക്കേണ്ടതുണ്ട് . തന്റെ ഭാര്യയുടെ പേറ്റുനോവിനെ പങ്കിട്ടെടുത്ത നായകനാണ് ആ കവിതയിലുള്ളത് . ഒരു പിതാവിനും മുലയൂട്ടാം . വാത്സല്യവും കരുതലുമാണ്  അഛൻ ചുരത്തുന്നത് .

ഈ സമാഹാരത്തിലെ ആദ്യ കവിത ഉമ്മയെക്കുറിച്ചാണ് . ഉമ്മ ചിരിക്കുന്നത് കവി കണ്ടിട്ടേയില്ല . പക്ഷേ ''ചിരിക്കാത്ത ഉമ്മയുടെയുമ്മയിൽ പറ്റിച്ചേർന്ന് കിടക്കുന്ന ഗദ്ഗദമാണ് എന്റെ ചിരിയും വാഴ് വും'' എന്ന് തിരിച്ചറിയുന്നു . ഇത് ലോകത്തെ എല്ലാ ഉമ്മമാർക്കുമുള്ള ആദരവാണ് .

മറുപാതിയിൽ ഭാര്യയാണ് വരുന്നത് . ഭാര്യയുടെ കൈ പിടിച്ച മുഹൂർത്തം ''പ്രതിജ്ഞയാണ്'' എന്നത് ഒരോർമ്മപ്പെടുത്തലാണ് .

പ്രണയം കൊണ്ടുവരുന്ന തീഷ്ണമായ വേദനകൾ കവി വരച്ചിടുന്നുണ്ട് . കണ്ണീരാണ് കാമുകി കൊണ്ടുവരുന്ന പ്രണയ സമ്മാനം . ആ കണ്ണീരിനു പകരം നൽകാനുള്ളത് കവിത മാത്രമാണ് .

പ്രണയത്തിന്റെ ലഹരിയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്ന് ' ലഹരി' എന്ന കവിതയിൽ പറയുന്നു
''കള്ള് ,
കഞ്ചാവ് ,
പ്രണയത്തോളമാകില്ല'' കവി ഉറപ്പിക്കുന്നു .

അൻസാർ വർണ്ണന എന്നും അക്രമ രാഷ്ട്രീയത്തിന് എതിരാണ് . തന്റെ ആദ്യസമാഹാരമായ തീർത്ഥയാത്രയിൽ (2002) അദ്ദേഹം കണ്ണൂരിലെ അസ്ന എന്ന പെൺകുട്ടിയെക്കുറിച്ച്  എഴുതി . അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ആ കുട്ടി . സ്വപ്നക്കുഞ്ഞിലും ആസാദിയിലുമൊക്കെ അതിന്റെ തുടർച്ചകൾ വായിച്ചെടുക്കാം .

തീർത്ഥയാത്രയിൽ നിന്നും ഞാനും നീയും നമ്മളാകുമ്പോഴിലെത്തുമ്പോൾ 17 വർഷങ്ങൾ കഴിഞ്ഞു .പക്ഷേ അക്രമ രാഷ്ട്രീയം നിലനില്ക്കുന്നു .കവിയ്ക്ക് എങ്ങനെ നിശബ്ദനായിരിക്കാൻ കഴിയും ? സംഖ്യാശാസ്ത്രം എന്ന കവിത അങ്ങനെ ഒരു തുടർച്ചയാകുന്നു . 'ഭയമുണ്ടെന്ന് പറയാനും ഭയപ്പെടണം എന്ന് കവി എഴുതി .

ഓരോ കവിതയ്ക്കുമൊപ്പം മനോഹരമായ ചിത്രങ്ങളുണ്ട് . അത് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു . സംഗീത് ബാലചന്ദ്രന്റെ വരയും രാജേഷ് ചാലോടിന്റെ കവർ പേജും സുന്ദരം .

ശ്രീ സുനിൽ സി ഇ അവതാരികയിൽ എഴുതിയതു പോലെ നമ്മുടെ അനുഭവങ്ങളോട്  ചേർന്ന് നിൽക്കുന്നവയാണ് അൻസാർ വർണ്ണനയുടെ കവിതകൾ .

Comments

  1. നല്ല വാക്കുകൾക്ക്,കവിതകളെയും പുസ്തകത്തെയും സ്വീകരിച്ചെഴുതിയതിന് സ്നേഹം.

    ഒത്തിരി സ്നേഹം.

    റിവ്തൂ പബ്ലിഷ് ചെയ്ത മലയാളത്തിനും സ്നേഹം

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...