Views:
കവിത ദൈവത്തോടുള്ള പരാതി പറച്ചിലുകളാണ് എന്ന് എവിടെയോ വായിച്ചത് ഓർത്തു പോകുന്നു. എന്നാൽ പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു ലോകം തേടൽ കൂടിയാകുന്നു കവിത . അങ്ങനെയൊരു ലോകത്ത് തിരയടങ്ങിയ കടൽ പോലെ ശാന്തനായി ഇരിക്കുക എന്നത് ഓരോ കവിയുടെയും സ്വപ്നമാണ് . അൻസാർ വർണ്ണനയുടെ 'ഞാനും നീയും നമ്മളാകുന്നത്' എന്ന കാവ്യ സമാഹാരത്തിലെ കവിതകൾ അത്തരത്തിൽ ഒരു കവി കണ്ട കിനാവുകളാണ് .
''നമുക്കിടയിലെന്ത്
കോടതിയും കുന്ത്രാണ്ടങ്ങളും ?'' എന്ന് കവി ചോദിക്കുന്നു . പരസ്പരം അറിഞ്ഞു കഴിയുമ്പോൾ, ഞാൻ - നീ എന്ന ഭാവങ്ങൾ ഇല്ലാതാകുമ്പോൾ പിന്നെ പരാതികളില്ല . വ്യവഹാരങ്ങളുടെ ആവശ്യവുമില്ല .
''എന്റെ ഗന്ധമാണ് നീ
ഞാൻ നിന്റെയും '' എന്ന തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകുന്നു .
ഒരു പുതിയ മെച്ചപ്പെട്ട ലോകത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഈ സമാഹാരത്തിലെ ഇരുപത്തിയഞ്ച് കവിതകൾ .ഒരു പുതിയ ലോകം വരുമെന്ന് കവി വിശ്വസിക്കുന്നു . കവിക്കാരോ വാക്കു നൽകിയിട്ടുണ്ട് .
''വരുമെന്നാണയിട്ട് പറഞ്ഞത്'' കവിയുടെ സർഗ്ഗശക്തി തന്നെയാവാം. അതുണ്ടാക്കിയിരിക്കുന്നത് ഉറവ വറ്റാത്ത മനുഷ്യത്വം കൊണ്ടാണ് .മനുഷ്യത്വമില്ലെങ്കിൽ നമ്മളാരാണ് ? ആരുമല്ല . 'ഞാനും നീയുമല്ല' എന്ന കവിതയിൽ വർണ്ണന എഴുതി -''ഞാനൊരു ഞാനല്ല, നീയൊരു നീയുമല്ല''
അൻസാർ വർണ്ണനയുടെ കവിതകളിലെ മറ്റൊരു പ്രത്യേകത സ്ത്രീയോടുള്ള കരുതലാണ് . ഉമ്മ, ഭാര്യ, മകൾ എന്നിവരോടുള്ള കരുതൽ കവിതയിൽ കാണാം . ഈ സമാഹാരത്തിലെ കവിത അല്ലെങ്കിലും 'സ്വപ്നക്കുഞ്ഞ്' എന്ന കവിത ഓർക്കേണ്ടതുണ്ട് . തന്റെ ഭാര്യയുടെ പേറ്റുനോവിനെ പങ്കിട്ടെടുത്ത നായകനാണ് ആ കവിതയിലുള്ളത് . ഒരു പിതാവിനും മുലയൂട്ടാം . വാത്സല്യവും കരുതലുമാണ് അഛൻ ചുരത്തുന്നത് .
ഈ സമാഹാരത്തിലെ ആദ്യ കവിത ഉമ്മയെക്കുറിച്ചാണ് . ഉമ്മ ചിരിക്കുന്നത് കവി കണ്ടിട്ടേയില്ല . പക്ഷേ ''ചിരിക്കാത്ത ഉമ്മയുടെയുമ്മയിൽ പറ്റിച്ചേർന്ന് കിടക്കുന്ന ഗദ്ഗദമാണ് എന്റെ ചിരിയും വാഴ് വും'' എന്ന് തിരിച്ചറിയുന്നു . ഇത് ലോകത്തെ എല്ലാ ഉമ്മമാർക്കുമുള്ള ആദരവാണ് .
മറുപാതിയിൽ ഭാര്യയാണ് വരുന്നത് . ഭാര്യയുടെ കൈ പിടിച്ച മുഹൂർത്തം ''പ്രതിജ്ഞയാണ്'' എന്നത് ഒരോർമ്മപ്പെടുത്തലാണ് .
പ്രണയം കൊണ്ടുവരുന്ന തീഷ്ണമായ വേദനകൾ കവി വരച്ചിടുന്നുണ്ട് . കണ്ണീരാണ് കാമുകി കൊണ്ടുവരുന്ന പ്രണയ സമ്മാനം . ആ കണ്ണീരിനു പകരം നൽകാനുള്ളത് കവിത മാത്രമാണ് .
പ്രണയത്തിന്റെ ലഹരിയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്ന് ' ലഹരി' എന്ന കവിതയിൽ പറയുന്നു
''കള്ള് ,
കഞ്ചാവ് ,
പ്രണയത്തോളമാകില്ല'' കവി ഉറപ്പിക്കുന്നു .
അൻസാർ വർണ്ണന എന്നും അക്രമ രാഷ്ട്രീയത്തിന് എതിരാണ് . തന്റെ ആദ്യസമാഹാരമായ തീർത്ഥയാത്രയിൽ (2002) അദ്ദേഹം കണ്ണൂരിലെ അസ്ന എന്ന പെൺകുട്ടിയെക്കുറിച്ച് എഴുതി . അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ആ കുട്ടി . സ്വപ്നക്കുഞ്ഞിലും ആസാദിയിലുമൊക്കെ അതിന്റെ തുടർച്ചകൾ വായിച്ചെടുക്കാം .
തീർത്ഥയാത്രയിൽ നിന്നും ഞാനും നീയും നമ്മളാകുമ്പോഴിലെത്തുമ്പോൾ 17 വർഷങ്ങൾ കഴിഞ്ഞു .പക്ഷേ അക്രമ രാഷ്ട്രീയം നിലനില്ക്കുന്നു .കവിയ്ക്ക് എങ്ങനെ നിശബ്ദനായിരിക്കാൻ കഴിയും ? സംഖ്യാശാസ്ത്രം എന്ന കവിത അങ്ങനെ ഒരു തുടർച്ചയാകുന്നു . 'ഭയമുണ്ടെന്ന് പറയാനും ഭയപ്പെടണം എന്ന് കവി എഴുതി .
ഓരോ കവിതയ്ക്കുമൊപ്പം മനോഹരമായ ചിത്രങ്ങളുണ്ട് . അത് ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു . സംഗീത് ബാലചന്ദ്രന്റെ വരയും രാജേഷ് ചാലോടിന്റെ കവർ പേജും സുന്ദരം .
ശ്രീ സുനിൽ സി ഇ അവതാരികയിൽ എഴുതിയതു പോലെ നമ്മുടെ അനുഭവങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് അൻസാർ വർണ്ണനയുടെ കവിതകൾ .
1 comment:
നല്ല വാക്കുകൾക്ക്,കവിതകളെയും പുസ്തകത്തെയും സ്വീകരിച്ചെഴുതിയതിന് സ്നേഹം.
ഒത്തിരി സ്നേഹം.
റിവ്തൂ പബ്ലിഷ് ചെയ്ത മലയാളത്തിനും സ്നേഹം
Post a Comment