Views:
പുതിയ ഖദർ മുണ്ട് വാങ്ങിയാൽ അതൊന്ന് കീറിത്തയിച്ചുടൂക്കുന്നുവെന്ന് പറയപ്പെടുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയ്ക്കപ്പുറം ഏറെ വളർന്നു. ഭാരതത്തിന്റെ കിരീടാവകാശിയെന്ന് ഗാന്ധി വധേര കുടുംബത്തിനു ചുറ്റും കറങ്ങി നടക്കുന്ന ആവേശക്കൂട്ടം വിളിച്ചു കൂകുന്ന രാഹുലിന് പോലും പൈജാമയുടെ കീറിയ പോക്കറ്റു പുറത്തു കാണിച്ച് ജനകീയനാകാൻ വഴികാട്ടിയായ കുഞ്ഞൂഞ്ഞ് മോശക്കാരനൊന്നുമല്ല.
അതൊക്കെ ശരി. പക്ഷേ ഉമ്മൻ ചാണ്ടിയും നാളെ മുഖ്യമന്ത്രിയാകാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള രമേശ് ചെന്നിത്തലയും അഴിമതിക്കാര്യത്തിൽ ഒളിമ്പിക് റിക്കാർഡുകൾക്കുവരെ അർഹതയുള്ള സോണിയയ്ക്കും രാഹുലിലും പി ചിദംബരത്തിനും ഡി കെ ശിവകുമാറിനും ഒപ്പം പരാമർശിക്കപ്പെടാൻ അർഹത നേടിയവരാണെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസ്സ് ചാനലും പാർട്ടി നേതാക്കളും ശ്രമിക്കുന്നതു കാണുമ്പോൾ പതിവുപണിയായ പരസ്പരം കുതികാല് വെട്ട് കലാപരമായി തുടരാനാണോ ഭാവം എന്നാകും ചോദ്യം. ടൈറ്റാനിയം കേസ്സിൽ സിബിഐ അല്ല ആരുവേണമെങ്കിലും അന്വേഷിക്കട്ടെയെന്നാണ് അവർ രണ്ടു പേരും പറഞ്ഞത്. അവരെയും മുകളിൽ പറഞ്ഞ അഴിമതിയുടെ തമ്പുരാന്മാരെയും ഒരുപോലെ പീഡിപ്പിക്കപ്പെട്ടവരാണെന്ന് പറഞ്ഞ് ഇവരെല്ലാം ഒരമ്മ പെറ്റ മക്കളാണെന്ന സത്യം പൊതു ജനങ്ങളെ അറിയിക്കുന്നത്,
ഉദ്ദേശശുദ്ധിയോടെയൊന്നുമല്ലെങ്കിലും, നല്ലകാര്യം! അങ്ങനെ ചെയ്യുന്ന കോൺഗ്രസ്സ് നേതാക്കളെ കുറ്റപ്പെടുത്താനാകില്ല. കാരണം 75 വയസ്സുകഴിഞ്ഞ ഉമ്മൻ ചാണ്ടിയും 65 നോടടുക്കുന്ന ചെന്നിത്തലയും മുഖ്യമന്ത്രി കസേരയിൽ കയറിയിരിക്കാൻ വാശികാട്ടിയാൽ പിണറായിയിൽ നിന്ന് കിട്ടുന്ന വടിയെടുത്ത് രണ്ടു വയസ്സന്മാരെയും വട്ടം അടിക്കയല്ലാതെ ഇളമുറത്തമ്പുരാന്മാർക്ക് വഴി വല്ലതും ഉണ്ടോ?
അല്ലെങ്കിൽ തന്നെ, പിണറായി കൊടുത്ത വടി ഉപയോഗിച്ചടിക്കുന്നതിലും കുറ്റം പറയാനാവില്ല. കാരണം പുത്തൻ കോൺഗ്രസ്സുകാർക്ക് മൂത്ത കോൺഗ്രസ്സുകാരായ ചാണ്ടിയും ചെന്നിത്തലയുമൊക്കെ ആചരിച്ചു ശീലിച്ചു നൽകിയ മാതൃകയും അതുതന്നെ.
"ഒന്നു വീഴാത്തവരും ഒമ്പതു വീണവരും ഇല്ല"!വീഴുക, വീണ്ടും വീണ്ടും വീഴുക, ഇതൊരു തുടർക്കഥയായി കൊണ്ടു നടക്കുന്ന പിള്ളേരോട് മുതിർന്നവർ പറഞ്ഞുകൊടുക്കാറുണ്ട്. പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോൺഗ്രസ്സുകാർ അതു പഠിച്ചിട്ടില്ല.
കമ്യൂണിസ്റ്റു പക്ഷം ഭരിക്കുമ്പോൾ കൊല്ലും, കൊലവിളി വിളിക്കും, അഴിമതി നടത്തും. ആരോപണവും അന്വേഷണവും ഒക്കെ 'മുറപോലെ' നടക്കും. പക്ഷേ സഹികെട്ട ജനം ഭരണം കോൺഗ്രസ്സിനെ ഏൽപ്പിച്ചാലും എല്ലാം തേയും, മായും. ഉദ്ദിഷ്ടകാര്യം സിദ്ധിച്ച കമ്യൂണിസ്റ്റുകാർ തിരിച്ചും സഹായിക്കും. രണ്ടു കൂട്ടരും മാറി മാറി കുളിപ്പിച്ച്, കുളിപ്പിച്ച്, കേരളത്തെ വെളുപ്പിച്ചില്ലാതാക്കുന്നതിന് മത്സരിക്കുന്നു, സഹകരിക്കുന്നു.അതിനിടയിലും 'കള്ളത്തിലും' കമ്യൂണിസ്റ്റുകാർ ചതി കാട്ടുന്ന ചരിത്രവും കണ്ടിട്ടുണ്ട്.
- ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളോട് നേർക്കു നിന്ന് പൊരുതാനുള്ള തലയെടുപ്പുള്ളവരെ മാർക്കു ചെയ്യും.
- ആ വ്യക്തിയെ ഒതുക്കാൻ എല്ലാ തറവേലയും പരീക്ഷിക്കും.
- അതിന് ഭാഗ്യവും കമ്യൂണിസ്റ്റുകാരെ തുണയ്ക്കും!
- മറുപക്ഷത്ത് കുതികാലുവെട്ടും ഗ്രൂപ്പുകളിയും വേണ്ടതുപോലെ ഉള്ളതുകൊണ്ട് പണി എളുപ്പവുമാകും.
- തങ്ങളുടെ മുഖ്യ എതിരാളിയെ വളഞ്ഞിട്ടാക്രമിക്കാൻ മറുപക്ഷത്തെ ചതിയൻ ചന്തുമാരെയും സ്വന്തം സഖാക്കളെയും കൂലിക്കെടുത്ത മാദ്ധ്യമ, കലാസാഹിത്യ രംഗങ്ങളിലെ കൂലിപ്പടയാളികളെയും വേണ്ടും വിധം ഉപയോഗിക്കും.
- എതിർ പക്ഷത്തിനുള്ളിലെ വിമതപക്ഷത്തോട് ചങ്ങാത്തവും കൂടും.
അതു പോലെ കരുണാകരൻ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി നകാര്യമന്ത്രിയുമായിരുന്നപ്പോൾ നടന്ന പാമോയിൽ കേസിൽ കരുണാകരനെ തകർക്കാൻ നോക്കി. ഒപ്പം തന്നെ ആദ്യഘട്ടങ്ങളിൽ ഉമ്മൻ ചാണ്ടിയെ തൊടാതിരിക്കാൻ കരുതലുമെടുത്തു. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യ ശത്രുവായിത്തുടങ്ങിയപ്പോൾ മാത്രമാണ് കളി മാറിയത്.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ഒരു ഘട്ടത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്യൂണിസ്റ്റുകാരാൽ മാർക്കു ചെയ്യപ്പെട്ടു.കാരണം
- ടിപി ചന്ദ്രശേഖരൻ വധക്കേസിലുൾപ്പടെ നിഷ്പക്ഷവും ശക്തവുമായ നടപടികളിലൂടെ മാക്സിസ്റ്റുകളുടെ ഉറക്കം കെടുത്തി.
- ഉമ്മൻ ചാണ്ടി പക്ഷത്തെ രണ്ടാമനായി തിരുവഞ്ചൂർ കരുതപ്പെടാൻ തുടങ്ങിയത് അദ്ദേഹം ഭാവിയിൽ മാക്സിസ്റ്റുകൾക്കുള്ള മുഖ്യപ്രതിയോഗിയായേക്കാമെന്ന ഭീഷണി തിരിച്ചറിഞ്ഞു.
തന്റെ രണ്ടാമനാകാൻ മറ്റാരെയോ കരുതി വെച്ചിട്ടുള്ളതിനാലും ആ തലത്തിലേക്ക് തിരുവഞ്ചൂർ വളരുന്നത് ഉമ്മൻ ചാണ്ടിയുടെ 'മതേതര മനസ്സ്' അനുവദിക്കാത്തതിനാലും കോൺഗ്രസ്സിനുള്ളിൽ പടയൊരുക്കം വേഗം നടന്നു.തിരുവഞ്ചൂർ നേരും നെറിയമുള്ള ഒരു നായരായതുകൊണ്ട് പെരുന്നയിലെ പോപ്പും കുതന്ത്രങ്ങൾക്ക് കൂട്ടു നിന്നു.
തിരുവഞ്ചൂരിന് ആഭ്യന്തരം നഷ്ടമായി.
കമ്യൂണിസ്റ്റുകളുടെ നേർക്ക് ഭാവിയിലുയരാനിടയുള്ള ശക്തനായ ഒരു എതിരാളിയുടെ പത്തി അവിടെ മടക്കി.പറഞ്ഞു വന്നത്, നാട് കട്ടുമുടിക്കുന്ന കോൺഗ്രസ്സുകാരെ നിർണ്ണായക വഴിത്തിരിവുകളിൽ വഴിവിട്ട് കമ്യൂണിസ്റ്റുകാർ സഹായിക്കും. അങ്ങനെ ചെയ്യുമ്പോഴും തങ്ങൾക്ക് എതിരെ മാറി മാറി ഉയരുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളെ ഒതുക്കി ഒഴിവാക്കുവാൻ ഒരിക്കലും മടിക്കാറുമില്ല.
ടൈറ്റാനിയം കേസിൽ ഇപ്പോൾ സംഭവിച്ചത് അതുതന്നെയാണ്. വിട്ടുവീഴ്ചയില്ലാതെ ശരിദിശയിലും വേഗത്തിലും അന്വേഷണം നടന്നിരുന്നുവെങ്കിൽ ചാണ്ടിയും ചെന്നിത്തലയുമടക്കം പലരും അഴിക്കുള്ളിലാകുമായിരുന്ന കേസ് പതിയെ ഇഴയുവാനിടയാക്കിയിട്ടത് കൗശലമായിരുന്നു.
ഇടതുഭരണത്തിന് ഒരു തുടർ അവസരം തേടുവാനുള്ള നിർണ്ണായക ശ്രമങ്ങൾക്ക് തുടക്കം കുറിക്കേണ്ട സന്ദർഭത്തിനു മുമ്പായി അത് പൊടി തട്ടിയെടുത്ത് സിബിഐക്കൊണ്ട് അന്വേഷിപ്പിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിന്റെ തന്ത്രമികവാണ് പ്രകടമാക്കുന്നത്.
ഈ ഘട്ടത്തിൽ നാല് അനുകൂല ഘടകങ്ങൾ കമ്യൂണിസ്റ്റു പക്ഷത്തിന് മേൽക്കൈ നൽകുന്നു.
- പൊതു മുതൽ കട്ടുമുടിച്ചുയെന്ന കാര്യത്തിൽ തർക്കമില്ലാത്തൊരു കേസ്.
- 75 കാരൻ ഉമ്മൻചാണ്ടിയെയും 65 കാരൻ രമേശ് ചെന്നിത്തലയെയും ഒതൂക്കാൻ അവസരം നോക്കിയിരിക്കുന്നവരായ കോൺഗ്രസ്സുകാരുടെ ഒളിസഹായം.
- താൻ പെട്ടാലും രമേശിനെ ഒതുക്കി തന്റെ പിൻഗാമിയായി മനസ്സിൽ കരുതിയിട്ടുള്ള ആൾക്ക് അവസരം ഒരുക്കുവാൻ വഴിയുണ്ടെന്നതിനാൽ കേസ് നീണ്ടുപോകുവാനിടയാക്കുകയും മറ്റും ചെയ്യുന്നതിന് ഉമ്മൻ ചാണ്ടിയുടെ ശ്രമം ഉണ്ടാകാം.
- അഴിമതിയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി ഭാരതം ഭരിക്കുന്നതുകൊണ്ട് സിബിഐയുടെ ഭാഗത്തു നിന്നും നിഷ്പക്ഷ നിലപാട്.
ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ടാകണം ടൈറ്റാനിയം കേസ് പഠനവിഷയമാക്കേണ്ടത്. ഒപ്പം ഈ അഴിമതി നടന്ന കാലവും.2014 ൽ ഡോ മൻ മോഹൻ സിംഗിനെ മുന്നിൽ നിർത്തി സോണിയ നടത്തിയ ഭരണം ആകാശവും ഭൂമിയും പതാളവും അഴിമതിയ്ക്കുള്ള വേദിയായി ഉപയോഗിച്ചു.
അന്ന് കേരളം ഭരിച്ച ഉമ്മൻ ചാണ്ടി സർക്കാരും അതേ വഴിക്കായി യാത്ര.
കരിക്കും മണലിനും കരിമണലിനുമപ്പുറം കരിമണൽ ഫാക്ടറിയിലെ മാലിന്യം സംസ്കരിക്കുന്നതിലാണ് കോൺഗ്രസ്സ് ഭരണകൂടം അഴിമതിസാദ്ധ്യത കണ്ടെത്തിയത്.
- സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് മാലിന്യ സംസ്കരണത്തിന് പ്രോജക്ട് പരിഗണിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെഡോയിക്കു 2001 ൽ നൽകിയ തൊണ്ണൂറ്റിയൊന്ന് കോടിയുടെ കരാർ റദ്ദാക്കിയിട്ടാണ് ആ സ്ഥാനത്ത് 256 കോടിയുടെ പദ്ധതിക്ക് ഉമ്മൻ ചാണ്ടിസർക്കാർ തയാറായത്.
- മാലിന്യ ബോർഡിന്റയോ മറ്റേതെങ്കിലും ബന്ധപ്പെട്ട വിദഗ്ധരുടെയോ അഭിപ്രായം ചോദിക്കാതെ വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കിയെടുത്ത തീരുമാനം.
- ഫിൻലാൻഡിൽ നിന്നുള്ള ഇറക്കുമതിയുടെ മറവിൽ 80 കോടിയുടെ അഴിമതിയുണ്ടായതായി വിലയിരുത്തപ്പെടുന്നു.
- എല്ലാം കഴിഞ്ഞ് 62 കോടിരൂപയുടെ ഉപകരണങ്ങൾ ഫാക്ടറിവളപ്പിൽ നശിച്ച് തുരുമ്പെടുത്തു. മാലിന്യം ഒഴിവാക്കുവാൻ ഇറക്കുമതി ചെയ്ത സാമഗ്രികൾ തന്നെ മാലിന്യമായി മാറിക്കിടക്കുന്നു.
- ഈ കൊടും ക്രിമിനൽ കുറ്റത്തിന് വിചാരണ നേരിടേണ്ടി വരേണ്ടവർ ചാണ്ടിയായാലും ചെന്നിത്തലയായാലും ഇബ്രാഹിം കുഞ്ഞായാലും ദയ അർഹിക്കുന്നില്ല. അന്വേഷണം ഇനിയെങ്കിലും വേഗം നടക്കണം. കാര്യക്ഷമമായി നടക്കണം.
സുപ്രീം കോടതി പറഞ്ഞിട്ട് തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെ കണക്കിലെടുത്താണു പോലും ഈ പ്രോജക്ട് നടപ്പിലാക്കുന്നതിന് ശ്രമിച്ചതത്രേ!സുപ്രീം കോടതി പ്രോജക്ട് നടപ്പിലാക്കാനല്ലേ പറഞ്ഞത്? അതിൽ കയ്യിട്ടു വാരാൻ പറഞ്ഞില്ലല്ലോ?
ചെന്നിത്തല അന്ന് കെപിസിസി പ്രസിഡന്റ് മാത്രമായിരുന്നു പോലും! മന്ത്രിസഭയിൽ ഭാഗമായിരുന്നില്ലല്ലോ എന്ന്!.അതുശരി,
- അങ്ങനെയാകുമ്പോൾ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ സോണിയ നടത്തിയ പിൻസീറ്റ് ഡ്രൈവിംഗ് ഇവിടെ കേരളത്തിലെ കെപിസിസി പ്രസിഡന്റിന് വശമില്ലായിരുന്നുയെന്ന് പൊതുജനം കരുതണമെന്നാണോ?
- മന്ത്രിസഭയിലെ സ്ഥാനങ്ങളെല്ലാം ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വെക്കുന്ന കേരളത്തിൽ ഗ്രൂപ്പ് നേതാവിന് തന്റെ ഗ്രൂപ്പ് മന്ത്രിമാർ താക്കോൽ സ്ഥാനങ്ങളിലുള്ള മന്ത്രിസഭയുടെ മേൽ ഒരു സ്വാധീനവും ഇല്ലെന്നോ?
- കൂടാതെ സിബിഐക്കു വിടുന്നതിനെതിരെ ബാലിശമായ ചില നിയമ പ്രശ്നങ്ങളും. നിയമ പ്രശ്നങ്ങളിൽ പ്രതീക്ഷയുണ്ടെങ്കിൽ വേഗം കോടതിയിലേക്ക് പോയിക്കൂടേ?
- നിയമം നിയമത്തിന്റെ വഴിയെ പോകട്ടെ. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ.
- കോൺഗ്രസ് രീതി അഴിമതി കൊണ്ട് നേതൃത്വത്തിലുള്ള വ്യക്തികൾ തടിച്ചു കൊഴുക്കുകയും അതിന്റെ ചെറിയ ഒരംശം ഉപയോഗിച്ച് അവർ അണികളെ വിലക്കെടുക്കുകയും ചെയ്യുന്നതാണ്.
- ഈ സമ്പ്രദായത്തിന്റെ സവിശേഷത പിടിക്കെപ്പെടുന്ന നേതാക്കളെ കയ്യൊഴിഞ്ഞ് മറ്റുള്ളവരും പാർട്ടിയും തലയൂരാൻ ഇടയുണ്ടെന്നതാണ്.
- കമ്യൂണിസ്റ്റ് രീതി ഗുണ്ടായിസവും സ്വജനപക്ഷപാതവും അഴിമതിയും സ്ഥാപനവത്കരിക്കുന്നതാണ്.
- വഴിയിലിരുന്ന് നോക്കുകൂലിവാങ്ങൂന്ന തരത്തിൽ വരെ വികേന്ദ്രീകരിച്ച അന്യായത്തിന്റെയും അഴിമതിയുടെയും രീതി.
- വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസുവരെ സകല മേഖലയിലും പാർട്ടിക്കൊപ്പം നിലനിൽക്കുന്നവർക്ക് എന്തും കാണിക്കാനുള്ള അന്തരീക്ഷമൊരുക്കൽ.
- ഇതിന്റെയെല്ലാം വിഹിതം പാർട്ടിക്കെത്തുന്ന ലവി സമ്പ്രദായവും! അങ്ങനെയെത്തുമ്പോൾ കൈക്കുലി മേടിക്കുന്ന വില്ലേജ് ശിപായി മുതൽ ലാവലിൻ കേസുപോലുള്ളവയിൽ പ്രതി സ്ഥാനത്തെത്തുന്ന ഭുഖ്യമന്ത്രിയെ വരെ രക്ഷിക്കാൻ പാർട്ടി മെഷിനറി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കും.
അഴിമതിയും ദുർഭരണവും തുടർ ചരിത്രമാക്കിയ ഈ രണ്ടു ബദൽ രാഷ്ട്രീയ ശക്തികളെയും തിരുത്തുവാനോ തുരത്തുവാനോ ജനാധിപത്യ കേരളം മികവ് കാട്ടണം.
No comments:
Post a Comment