Views:
വേലുത്തമ്പി ദളവയുടെ കാലത്തെ ഒരു ചരിത്ര സംഭവം ഈയുള്ളവന്‍റെ ഓർമ്മയിൽ വരുന്നു.
തിരുവിതാംകൂറിലെ ജനങ്ങളുടെ പുരയിടത്തിലെ ഫലവൃക്ഷങ്ങൾക്ക് വൃക്ഷക്കരം ഈടാക്കാൻ രാജാവ് ഉത്തരവിട്ടു. രാജ്യത്തെ 'കണ്ടെഴുത്തുപിള്ള' മാർ വീടുവീടാന്തരം കയറിയിറങ്ങി ഫലവൃക്ഷങ്ങളുടെ എണ്ണമെടുത്ത്, എണ്ണത്തിനനുസരിച്ച് കരം കണക്കാക്കി പണം പിരിച്ചു.
വേലുത്തമ്പി ദളവയുടെ വീട്ടിലും 'കണ്ടെഴുത്തു പിള്ള' വന്നു. ദളവ വീട്ടിൽ ഇല്ലാത്ത സമയം. പിള്ള ദളവയുടെ മാതാവിനെ കണ്ട് വിവരം പറഞ്ഞു. ഫലവൃക്ഷങ്ങളുടെ എണ്ണമെടുത്ത് കരം ഇട്ടു കൊള്ളാൻ ദളവയുടെ മാതാവ് അനുവാദവും കൊടുത്തു.
എന്നാൽ, വേലുത്തമ്പി ദളവയുടെ പുരയിടത്തിലെ വൃക്ഷങ്ങൾക്ക് കരം ഇടാൻ 'കണ്ടെഴുത്തുപിള്ള' യ്ക്ക് ഒട്ടും ധൈര്യം വന്നില്ല. ഫലവൃക്ഷങ്ങൾ ഒട്ടു മുക്കാലും ഒഴിവാക്കിയിട്ട്, നാമമാത്രമായ കരം മാത്രം എഴുതി, മാതാവിൽ നിന്നും പണം വാങ്ങി, 'കണ്ടെഴുത്തുപിള്ള' ദളവയോടുള്ള ഭയഭക്തി ബഹുമാനങ്ങളും വിധേയത്വവും വ്യക്തമാക്കി.
വീട്ടിലെത്തിയ ദളവ അതീവ കോപിഷ്ടനാവുകയും, തന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ 'കണ്ടെഴുത്തുപിള്ള' കരം എഴുതാൻ ഉപയോഗിക്കുന്ന വലതു കൈയിലെ വിരലുകൾ മുറിച്ചു കളഞ്ഞ് ശിക്ഷ നടപ്പാക്കുകയും ചെയ്തു എന്നാണ് ചരിത്രകഥ.........!എത്ര ഉന്നതനായാലും നിയമത്തിന്റെ മുന്നിൽ തുല്യരാണെന്നും, ഉന്നതൻമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തു നിന്നും യാതൊരു ശ്രമവും ഉണ്ടാകാൻ പാടില്ലെന്നും നിർബ്ബന്ധമുള്ളവനും ആയിരുന്നു വേലുത്തമ്പി ദളവ .
രാജ ഭരണക്കാലത്ത് രാജാക്കൻമാർ പ്രഛന്ന വേഷത്തിൽ നാട്ടിൽ ഇറങ്ങി നടന്ന് ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിക്കുന്ന രീതിയും അക്കാലത്ത് നിലവിലുണ്ടായിരുന്നു...!
പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇതേ നിർബന്ധ ബുദ്ധിക്കാരനാണ് നമ്മുടെ ബഹു. മുഖ്യമന്ത്രിയും.കഴിഞ്ഞ ആഴ്ചയിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിൽ അദ്ദേഹം അവർക്കായി നടത്തിയ സ്റ്റഡി ക്ളാസ് ചാനലുകൾ ആവർത്തിച്ചാവർത്തിച്ച് സംപ്രേക്ഷണം ചെയ്തതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ നമുക്ക് മന:പാഠമാണ്.......!
- നിയമം നടപ്പാക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗരൂകരായിരിക്കണം.
- ജനങ്ങളോട് മാന്യമായി പെരുമാറണം.
- മാന്യമായ ഭാഷയിൽ സംസാരിക്കണം.
- കുറ്റം തെളിയിക്കാൻ മൂന്നാം മുറ പ്രയോഗിക്കാൻ പാടില്ല. .....................
സ്റ്റഡി ക്ലാസ്സിന്റെ മൂർദ്ധന്യത്തിൽ താഴെ കാണുന്ന വിധത്തിലുള്ള നിർദ്ദേശങ്ങളും അദ്ദേഹത്തിൽ നിന്നും ഉണ്ടായി.
- എത്ര ഉന്നതനായാലും നിയമത്തിന്റെ മുൻപിൽ തുല്യരാണ്.
- യാതൊരു വേർതിരിവും പരിഗണനയും ഉന്നതൻ എന്ന നിലയിൽ നൽകാൻ പാടില്ല.
- അടുത്ത സമയത്ത് ഒരു കേസിൽ പെട്ട ഒരു ഉന്നതനെ രക്ഷിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചത് ശ്രദ്ധയിൽ പെട്ടു.
- അപ്രകാരം ഉണ്ടാകാൻ പാടില്ല.
- അത്തരം ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകും.........
ഇന്നത്തെ പത്രങ്ങളിൽ വന്ന ഒരു പ്രധാന വാർത്ത ബഹു. മുഖ്യമന്ത്രിയുടെയും, മറ്റു ചില മന്ത്രിമാരുടേയും, ഫയർഫോഴ്സ് ഡയറക്ടർ ജനറലിനേറെയും 'ഗതാഗത നിയമലംഘനങ്ങളെക്കുറിച്ചായിരുന്നു............!!
- ഇവരുടെ ഒക്കെ വാഹനങ്ങളുടെ ഡോർ ഗ്ലാസ്സുകളിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ കർട്ടനുകൾ ഇട്ടിരിക്കുന്നത്രേ........!
- സർക്കാർ വാഹനങ്ങളിലും, ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കാഴ്ച മറയ്ക്കുന്ന തരത്തിൽ വ്യാപകമായി കടുത്ത നിറത്തിലുള്ള കൂളിംഗ് പേപ്പർ ഒട്ടിച്ചിട്ടുണ്ടത്രേ........!!
- ഇത്തരം കാര്യങ്ങൾക്കെതിരേ നടപടി എടുക്കണമെന്ന് ഒരു മാസം മുൻപ് ഗതാഗത സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നത്രേ.......!!!
- സെക്ടറിയേറ്റിനു മുന്നിലെ പോലീസ് ഉദ്യോഗസ്ഥരുടേയും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടേയും മുന്നിലൂടെയാണ് മുഖ്യമന്ത്രിയുടേയും, മറ്റു മന്ത്രിമാരുടേയും, ഉദ്യോഗസ്ഥ പ്രമുഖരുടേയും വാഹനങ്ങൾ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചുകൊണ്ട് ചീറിപ്പായുന്നത്രേ........!!!!
- പുതിയ നിയമം അനുസരിച്ച്, 5000 രൂപ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണ് മുഖ്യമന്ത്രിയടക്കം ചെയ്യുന്നതത്രേ........!!!!!
- തുടർച്ചയായി നിയമ ലംഘനം നടത്തിയാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കേണ്ടതാണത്രേ .........!!!!!
" കടക്ക് പുറത്ത് "
എന്ന് മുഖ്യമന്ത്രി പറഞ്ഞു പോകുന്നത്.......!
എന്നാൽ,
കാര്യങ്ങൾ അങ്ങനെയൊന്നുമല്ല......!
നമ്മുടെ പോലീസ് ഉദ്യോഗസ്ഥരുടെയും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ ഉത്തരവാദിത്തം, സത്യസന്ധത മുതലായവ നേരിട്ട് മനസ്സിലാക്കാനാണ് ബഹു. മുഖ്യമന്ത്രിയും കൂട്ടരും തന്നെ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് നടക്കുന്നത് എന്ന് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ നല്ലത്..........!"ഉന്നതൻ " എന്ന ഗണത്തിൽ പെടുത്തി മുഖ്യമന്ത്രിയെ 'ശിക്ഷ' യിൽ നിന്ന് ഒഴിവാക്കുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിക്കുന്ന, പോലീസ് വകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ശുഷ്ക്കാന്തിയേയും, ആത്മാർത്ഥതയേയും പ്രകീർത്തിക്കുകയല്ലേ ഈ പത്രക്കാർ ചെയ്യേണ്ടത്........?
എന്തായാലും സെക്രട്ടറിയേറ്റിന് മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും വേലുത്തമ്പി ദളവ മോഡൽ ശിക്ഷ ഉറപ്പ്........!!
No comments:
Post a Comment