Ameer Kandal :; ചോക്കുകഷണം

Views:

അടുത്ത പിരിയഡിനുള്ള നീണ്ട ഇലക്ട്രിക് ബെല്‍ കേട്ടയുടന്‍ ഓഫീസ് റൂമിന്‍റെ വലത്തെ ചുമരിനോട് ചേര്‍ന്ന അലമാരക്ക് മുകളിലെ ചോക്ക് പെട്ടിയില്‍ നിന്ന് ഒരു മുഴുകഷ്ണം ചോക്കുമെടുത്ത് അജയന്‍ പുറത്തിറങ്ങി.

“സാറേ.... സാറാണോ സാറേ പുതിയ ഹിന്ദി സാറ്.... ഈ പിരിയഡ് ഞങ്ങക്ക് ഹിന്ദിയാണ് സാറേ....”

ആറ് സിയിലെ ക്ലാസ് ലീഡറും കൂട്ടരുമാണ്.  അവര്‍ മുന്നില്‍ നടന്ന് അജയനെ ആറ് സിയിലേക്ക് ആനയിച്ചു.

അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്ന് തന്ന നാട്ടുവിദ്യാലയം.  കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ച് പഠിച്ച വിദ്യാലയത്തില്‍ തന്നെ അധ്യാപകനായി എത്തുകയെന്നത് സന്തോഷത്തിന് വക നല്‍കുന്ന കാര്യമാണ്.  അജയനെ സംബന്ധിച്ചിടത്തോളം നാട്ടിലെ പ്രൈമറി സ്‌കൂളിലെ ജോലി അതിരില്ലാത്ത ആഹ്ലാദവും സ്വപ്നസാഫല്യവുമായിരുന്നു.  ഇടനാഴികള്‍ താണ്ടി ഗോവണി കയറി രണ്ടാം നിലയിലെ കൈവരിക്കരികില്‍ നിന്ന് അജയന്‍ സ്‌കൂള്‍ പരിസരമൊന്നാകെ ഒന്നു കണ്ണോടിച്ചു.

 “സാറേ.... മൂന്നാം നിലയിലാണ് ക്ലാസ്....”
ഒപ്പം നടന്നിരുന്ന കുട്ടിക്കൂട്ടത്തിലെ ക്ലാസ് ലീഡര്‍ ഓര്‍മ്മിപ്പിച്ചു.

“ങാ.... ഞാന്‍ വരാം.... നിങ്ങള്‍ ക്ലാസില്‍ പോയിയിരുന്നോളൂ....” അജയന്‍ തന്‍റെ ഓര്‍മ്മകളുടെ കളിവഞ്ചിയില്‍ കയറി മെല്ലെ തുഴയാന്‍ തുടങ്ങി.  ഒരാളുടെ കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും വലിയ അനര്‍ഘ നിമിഷങ്ങളാണ് എന്നത് അജയനെ സംബന്ധിച്ചിടത്തോളവും വളരെ ശരിയായിരുന്നു.

സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്ന് നിന്ന കൊന്നമരക്കൊമ്പില്‍ തൂങ്ങിയാടി മഴവില്ല് വിരിക്കാന്‍ വെമ്പിനിന്ന നനുത്ത മഴത്തുള്ളികളെ തഴുകിയെത്തിയ കുളിര്‍ക്കാറ്റ് അജയന്‍റെ മുടിയിഴകളെ തലോടി കടന്നുപോയി.  വക്ക് പൊട്ടിയ സ്ലേറ്റും ഉള്ളംകൈയില്‍ വിയര്‍ത്ത് നനഞ്ഞ കുഞ്ഞ് പെന്‍സിലും സിമന്‍റ് തേച്ച പരുക്കന്‍ തറയില്‍ വട്ടം വരച്ച് സൂര്യരശ്മികള്‍ അരിച്ചിറങ്ങിയ ഓല പാകിയ ക്ലാസ് റൂമുകളും ഇന്നലെയെന്നോളം മനസ്സില്‍ ഓടിയെത്തി.

ആവി പറക്കുന്ന ഉപ്പുമാവിന്‍റെയും മുളക് വറുത്ത ചോളത്തിന്‍റെയും നറുമണം പരത്തിയ സ്വാദൂറും ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന ഇടനാഴികള്‍ അജയന്‍റെ മുന്നില്‍ തെളിഞ്ഞു വന്നു.

ഇങ്ങ് പടിഞ്ഞാറെ വശത്തായിരുന്നല്ലോ പ്രൈമറി ക്ലാസുകളുള്ള ഓടിട്ട കെട്ടിടം... മൂന്നാം ക്ലാസിലായിരുന്നപ്പോള്‍ ജനാല ചാടിക്കടന്നതിന് രമണി ടീച്ചറില്‍ നിന്ന് തൊടക്ക് അടികൊണ്ട ആ ഓടിട്ട കെട്ടിടം ഇന്ന് ഇവിടെയില്ല.  ആ സ്ഥാനത്ത് ബഹുവര്‍ണ ചുവരുള്ള മൂന്ന് നിലകെട്ടിടം.  വട്ടംകൂടി പാറ കളിച്ചിരുന്ന വരിക്കമാവിന്‍ ചുവട്ടിലെ തിട്ടയും തണലും കാണുന്നില്ല.  അവിടമാകെ ടൈല്‍ പാകി വെടിപ്പാക്കിയിരിക്കുന്നു.  ബട്ടന്‍സില്ലാത്ത ട്രൗസര്‍ കയ്യോണ്ട് താങ്ങി പിടിച്ച് അരയില്‍ വലിച്ച് കുത്തി തലകുത്തി മറിഞ്ഞ് അത്ഭുതം കാട്ടിയിരുന്ന സാബുവിനൊപ്പം ഉപ്പും കൂട്ടി പുളിയും മാങ്ങയും കഴിച്ചിരുന്ന പുളിമരത്തണല്‍ മൈതാനത്തെ തെക്കേമൂലയില്‍ ഇപ്പോഴുമുണ്ട്.  കുറെ കരിങ്കല്ലും താബൂക്ക് കട്ടകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പുളിമരച്ചോട്ടിലെ പഞ്ചാരമണലാകെ കരിയിലകള്‍ കൊണ്ട് കരിമണല്‍ തീര്‍ത്തിരിക്കുന്നു.

സ്വല്പം വണ്ണം വെച്ചതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും പുളിമരത്തിനില്ലായെന്ന് തന്നെ പറയാം.  രണ്ടാള്‍ ചേര്‍ന്ന് കൈരണ്ടും കൂട്ടിപ്പിടിച്ചാല്‍ പോലും എത്താത്ത വണ്ണമുണ്ടായിരുന്നല്ലോ അന്നും ഈ പുളിമരത്തിന്.  സാബുവിന് അതൊന്നും ഒരു വിഷയമേയല്ലായിരുന്നു.  ഏത് മരത്തിലും അനായാസം കയറി തന്‍റെ മിടുക്ക് കാണിക്കല്‍ അവനൊരു ഹരമായിരുന്നു.  ഒരിക്കല്‍ വാളന്‍പുളിയും ഒടിച്ചുകൊണ്ട് താഴേക്കുള്ള ചില്ലയില്‍ ചാടി തൂങ്ങിയിറങ്ങുന്നേരമാണ് അരയില്‍ കുത്തിയ ബട്ടന്‍സില്ലാത്ത ട്രൗസര്‍ ഊര്‍ന്ന് കാല്‍വഴി നിലത്ത് വീണത്.  സാബു ഒടിച്ചുകൊണ്ട് വരുന്ന വാളന്‍ പുളിക്കായി അവന്‍റെ സാഹസങ്ങള്‍ സാകൂതം വീക്ഷിച്ച് മരച്ചുവട്ടില്‍ പെണ്‍കുട്ടികളടക്കം ഒരു കുട്ടിപ്പട തന്നെയുണ്ടായിരുന്നു.  കൂക്കിവിളിയും ബഹളവും കേട്ടെത്തിയ കുറുപ്പുമാഷിന്‍റെ കലിയുടെ പാടുകള്‍ സാബുവിന്‍റെ തുടയില്‍ ഒരാഴ്ചക്കാലം അട്ടയെപ്പോലെ പറ്റിക്കിടന്നു.  അല്ലേലും എന്തെങ്കിലുമൊക്കെ ഗുലുമാലുകള്‍ ഒപ്പിച്ച് അടിമേടിച്ച് കൂട്ടല്‍ ഒരു ഹോബിയാക്കിയവനായിരുന്നല്ലോ സാബു.

പഠിക്കാന്‍ മിടുക്കനല്ലെങ്കിലും സ്‌കൂളിലെ സുമയ്യ ടീച്ചറിന്‍റെ ഔഷധത്തോട്ടം നനക്കാനും കുറുപ്പ് മാഷിന്‍റെ ലൈബ്രറിയിലെ ഷെല്‍ഫ് അടിച്ച് തൂത്ത് ബുക്കുകള്‍ വെടിപ്പാക്കിവെക്കാനും തോമസ് മാഷിന്‍റെ സയന്‍സ് ലാബ് മാറാല അടിച്ച് വൃത്തിയാക്കാനുമൊക്കെ മുന്നിലുണ്ടായിരുന്നു സാബു.  പലപ്പോഴും വൈകിയെത്തുന്ന സാബുവിന്‍റെ ട്രൗസറിന്‍റെ ഇരുതുടകളും കനംവെച്ചിരുന്നു.  വഴിയോരത്തെ പുരയിടങ്ങളിലെ തോട്ടത്തില്‍ നിന്നുള്ള പുളിയും പേരക്കയും ജാമ്പക്കയും പറങ്കിയണ്ടിയും നെല്ലിക്കയുമൊക്കയായിരിക്കും പോക്കറ്റ് നിറയെ.  പറങ്കിമാങ്ങയുടെ ചൊരുക്കായിരുന്നു അവനെപ്പോഴും.

അങ്ങനെയിരിക്കെ ചാറ്റല്‍മഴയും ഇളം വെയിലും പ്രണയിച്ചൊരു മധ്യാഹ്ന സമയത്താണ് അപരിചിതരായ ഒന്നുരണ്ടുപേര്‍ സ്‌കൂളിലെത്തിയത്.  ഓഫീസിലെ എച്ച് എമ്മിനോട് എന്തൊക്കെയോ പറഞ്ഞിട്ട് അവര്‍ ക്ലാസില്‍ വന്ന് സാബുവിനേയും കൂട്ടി ധൃതിയില്‍ പോയി. ഹെഡ്മാസ്റ്റര്‍ ഓടിവന്ന് അന്നേരം ക്ലാസിലുണ്ടായിരുന്ന സരള ടീച്ചറോട് കുശുകുശുക്കുന്നത് കേട്ടു.  അവന്‍റെ അഛന്‍ കിണറ്റില്‍ ചാടി ചത്തെന്നും ക്ലാസിലെ കുട്ടികളേയും കൂട്ടി അവിടംവരെ പോയി വരാനുള്ള ഏര്‍പ്പാടു ചെയ്യണമെന്നുമായിരുന്നു എച്ച് എമ്മിന്‍റെ മൊഴിയുടെ സാരം.

ഊടുവഴികളിലൂടെ ഏറെ ദൂരം നടന്നാണ് സാബുവിന്‍റെ വീട്ടിലെത്തിയത്.  സരള ടീച്ചറും കുറുപ്പുമാഷും സുമയ്യ ടീച്ചറും കൂടെയുണ്ടായിരുന്നു.  മണ്‍കട്ട ചെത്തിക്കെട്ടിയ ഓല മേഞ്ഞ വീടിനകത്ത് ചാണകം മെഴുകിയ തറയില്‍ വാഴയിലയില്‍ ചുവന്ന തുണി പുതച്ച് അവന്‍റെ അഛനെ കിടത്തിയിരിക്കുന്നു.  ചേതനയറ്റ ശരീരത്തിനരികെ അലമുറയിട്ട് നിലവിളിക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് സാബുവും അവന്‍റെ പെങ്ങളുമിരിക്കുന്നു.

കൂട്ടുകാരേയും ടീച്ചര്‍മാരേയും കണ്ടതോടെ കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് അവന്‍ എഴുന്നേറ്റ് വന്നു.  സരള ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ച് തലയില്‍ തലോടിയനേരം മേഘക്കീറുകള്‍ മാഞ്ഞ് മാനം തെളിയുന്നത് പോലെ അവന്‍റെ മുഖം പ്രകാശിക്കാന്‍ തുടങ്ങി.

അവന്‍ തന്‍റെ ട്രൗസറിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ജാമ്പക്കയെല്ലാം ഒന്നൊന്നായിയെടുത്ത് കൂട്ടുകാര്‍ക്കൊക്കെ വീതിച്ചു നല്‍കിയിട്ട് ഏങ്ങലടിച്ച് കരയുന്ന തന്‍റെ അമ്മക്കരികില്‍ പോയിയിരുന്നു.  പിന്നങ്ങോട്ട് സാബു സ്‌കൂളില്‍ വന്നിട്ടേയില്ല.

ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിഷമത്തിലാണ് അവന്‍റെ അഛന്‍ ആത്മഹത്യ ചെയ്തതെന്നും വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തുവെന്നും അവര്‍ നാടുവിട്ടു എങ്ങോട്ടോ പോയന്നൊക്കെയാണ് പിന്നെ അറിഞ്ഞത്.

‘മാഷേ.... നിന്ന് കിനാവ് കാണുകയാണോ.... ബെല്ലടിക്കാറായി... ക്ലാസില്‍ പോണില്ലേ...’

കൈയില്‍ വിസിലും തൂക്കി പടികയറി വന്ന പി. ടി. മാഷാണ് തോളില്‍ തട്ടി ഉണര്‍ത്തിയത്.  അജയന്‍ തിടുക്കത്തില്‍ ഗോവണി കയറി മൂന്നാം നിലയിലെ ടൈല്‍ പാകി മിനുക്കിയ ആറ് സിയിലെ അകത്തളങ്ങളിലേക്ക് കയറി.  ചുവരില്‍ പതിച്ച കറുത്ത ബോര്‍ഡില്‍ കൈയില്‍ കരുതിയ ചോക്ക് കൊണ്ട് രാഷ്ട്രഭാഷയില്‍ മെല്ലെ എഴുതി.  ക്ലാസിന്‍റെ ഒത്ത നടുക്ക് കറങ്ങിക്കൊണ്ടിരുന്ന സീലിംഗ് ഫാനിന്‍റെ ഇരമ്പലിനേയും കവച്ച് വെച്ച് ക്ലാസ് ലീഡര്‍ വിളിച്ചു പറഞ്ഞു. ഹിന്ദി.....

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ലാസിലെ ലീഡറായിരുന്നല്ലോ അജയന്‍.  അന്നൊക്കെ ലീഡറെന്ന നിലയില്‍ ക്ലാസ് കഴിഞ്ഞ് മാഷന്മാര്‍ ഉപേക്ഷിച്ച് പോകുന്ന ചോക്കുകഷണങ്ങള്‍ എടുത്ത് സൂക്ഷിച്ച് വെക്കലുണ്ടായിരുന്നു.  കൈയിലെ ചോക്ക് തട്ടിപറിക്കാന്‍ പൂച്ചയെപ്പോലെ പാത്തും പതുങ്ങിയും വന്നിരുന്ന സാബു ഇന്നിവിടെയില്ലായെന്ന സങ്കടം ഉള്ളിലൊതുക്കി അജയന്‍ പിന്‍ ബഞ്ചിലേക്ക് കണ്ണുപായിച്ചു.






5 comments:

Ruksana said...

Good

Unknown said...

സന്തോഷം ...
-അമീർകണ്ടൽ

Unknown said...

മാഷെ നന്നായിട്ടുണ്ട്

Unknown said...

മാഷെ നന്നായിട്ടുണ്ട്

Unknown said...

ഏറെ സന്തോഷം...
- അമീർകണ്ടൽ