Views:
Raji Chandrasekhar |
രജി ചന്ദ്രശേഖറിന്‍റെ (രജി മാഷിന്‍റെ) "വയൽക്കാറ്റു കൊള്ളാം" എന്ന കവിത ഗൃഹാതുരത്വം തുളുമ്പുന്ന, വ്യത്യസ്തമായ സൃഷ്ടിയാണ്. ചരസ്സിന്‍റെയും, ഭാംഗിന്‍റെയും, കാമത്തിന്‍റെയും മേമ്പൊടിയോടെ, പ്രത്യേകിച്ച് അർത്ഥമൊന്നുംതന്നെ ഇല്ലാത്ത വാക്കുകൾ എടുത്ത് തലങ്ങും വിലങ്ങും പ്രയോഗിച്ച്, "അത്യന്താധുനിക കവിത" എന്ന ലേബലിൽ പടച്ചുവിടുകയും പ്രസിദ്ധീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത്, ഈ കവിത "ഭ്രാന്തൻ പുലമ്പുന്ന കലിപ്പേച്ചല്ല" എന്ന് അനുവാചകന് നെഞ്ചുറപ്പോടെ പറയാം.
സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയെ കഴിയുന്നത്ര ചൂഷണം ചെയ്ത്, നശിപ്പിച്ച്, കോൺക്രീറ്റ് കാടുകൾ പണിയുന്ന വർത്തമാനകാലത്തെ, ഗൂഢമായ പുച്ഛത്തോടെയും, അതിലുപരി, പ്രകടമായ നിരാശയിൽ പൊതിഞ്ഞ നീരസം മറച്ചുവയ്ക്കാതെയും വീക്ഷിക്കുന്ന കവി, പണ്ടെങ്ങോ അന്യമായിപ്പോയ ഗ്രാമീണതയുടെ തന്മയീഭാവത്തിലേക്ക്, വിതപ്പാട്ടിലേക്ക്, പാടവരമ്പത്തെ കൊതിപ്പിക്കുന്ന കരക്കാറ്റിലേക്ക് ഒക്കെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.
വർത്തമാനകാലത്തെ അരക്ഷിതമായ ജീവിതം എന്ന നിലയില്ലാക്കയത്തിൽ നിന്ന് കരകയറാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്ന മനുഷ്യന്, പ്രത്യാശയാകുന്ന "കിനാവിന്‍റെ നാളവും" കവിയേകുന്നു.
കാവ്യദേവതയുടെ "മാണിക്യവീണയിൽ സാന്ദ്രഭാവം പകർന്ന് "
"കരിമ്പിന്‍റെ മാധുര്യമോലുന്ന" വാക്കുകളിലൂടെ കവി, ഗ്രാമീണതയുടെ പച്ചപ്പിലേക്ക്, കേരളത്തനിമയാർന്ന കാർഷിക സംസ്കൃതിയിലേക്ക്, ലാളിത്യത്തിലേക്ക്, നിഷ്ക്കളങ്കതയിലേക്ക്, പരിശുദ്ധിയിലേക്ക്, ഐശ്വര്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
മലരണിക്കാടുകളുടെ മരതകക്കാന്തിയോടും, മലരിനോടും, കിളികളോടും ഒക്കെ സംവദിച്ച ചങ്ങമ്പുഴയുടേയും, മണ്ണിൽ വീണു കിടക്കുന്ന പൂവിനോടു പോലും തന്‍റെ ഹൃദയവേദന പങ്കുവച്ച കുമാരനാശാന്‍റെയും ഭാവുകത്വത്തെ ഓർമ്മിപ്പിക്കുന്നതായി പ്രകൃതിയെ തഴുകി താലോലിക്കുന്ന
"വയൽക്കാറ്റു കൊള്ളാം" എന്ന കവിതയിലെ ഓരോ വരികളും.
അങ്ങനെ അറിയാത്ത മേഖലയിൽ ഒരു അരങ്ങേറ്റം.
പറ്റിപ്പോയതാണ്.
അപാകതകൾ കാണും.
അസഹ്യമായത് ധൈര്യമായി ചൂണ്ടിക്കാണിക്കുക. തിരുത്താം.....
കവി രജി ചന്ദ്രശേഖറിന് ആശംസകൾ.
വായന
1 comment:
മനോഹരം തുടരാം
Post a Comment