Dhanya G Suresh ;; ഏകാന്തതയിലെ മഴക്കാലം

Views:


ഏകാന്തതയിലെ മഴക്കാലം
ധന്യ ജി സുരേഷ്

ഏകാന്തത വേട്ടയാടുമ്പോൾ  അവളുടെ  ജനനത്തെപ്പറ്റി അവൾ  ഓർത്തുപോയി.

താൻ അമ്മയുടെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആക്കുമെന്ന് ഡോക്ടർ പറഞ്ഞു.  ചിലപ്പോൾ കുട്ടിയെ ജീവനോടെ കിട്ടില്ല  ചിലപ്പോൾ അമ്മയുടെ ജീവൻ നഷ്ടപ്പെടും .

ജീവനോടെ ഇരിക്കുന്ന ആരെയും നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ . അതുകൊണ്ട് എല്ലാവരും കുട്ടിയെ വേണ്ടാന്ന് വെക്കാൻ പറഞ്ഞു.

പക്ഷെ അമ്മയാം അവൾക്ക് ഒരു ജീവനെ കൊല്ലാനുള്ള മനസ്സില്ല. എല്ലാവരും വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ കുട്ടിയെ കളയാൻ ഒരുക്കമായില്ല .

ആരെയും എതിർത്ത് ഒരക്ഷരം മിണ്ടാൻ ഭയക്കുന്നവൾ അന്ന് ആരെയും ഭയക്കാതെ തന്നെ തീരുമാനമെടുത്തു .

അമ്മയുടെ മനസ്സറിഞ്ഞതുകൊണ്ടാകാം ഗർഭാവസ്ഥയിൽ അധികം ശല്യമൊന്നും ഉണ്ടാക്കിയിട്ടില്ല . അമ്മയെ വേദനിപ്പിച്ചിട്ടുമില്ല .

ആദ്യത്തെ കുഞ്ഞ് ആണായതുകൊണ്ടും പെൺകുട്ടികളെ ഏറെ ഇഷ്ട്ടമായതുകൊണ്ടും ഈ കുട്ടി ഒരു പെൺകുട്ടിയായിരിക്കണെന്ന്  അവൾ  പ്രാർത്ഥിച്ചിരുന്നു.

എന്നാൽ പറഞ്ഞിരുന്ന ദിവസം ആകുന്നതിനുമുന്നെ തന്നെ ഏവരും ഭയപ്പെട്ടിരുന്ന ആ കുഞ്ഞ് ജനിക്കാനൊരുങ്ങി.

അമ്മയെ അന്നാദ്യമായി ആ കുഞ്ഞു വേദനിപ്പിച്ചു, വേദനയിൽ ആഴ്ത്തി, ശ്വാസം നിലക്കും വിധം ഭീതിയിലാഴ്ത്തി.

എല്ലാവരും അമ്മയെ ജീവനോടെ കിട്ടാൻ പ്രാർത്ഥിച്ചു. ആ കുഞ്ഞിനു വേണ്ടി ആരും പ്രാർത്ഥിച്ചതുമില്ല,  ജീവനോടെ കിട്ടാൻ ആഗ്രഹിച്ചതുമില്ല. അപ്പോഴും അവൾ പ്രാർത്ഥിച്ചു എന്‍റെ കുഞ്ഞിനൊന്നും വരുത്തരുതേ ഈശ്വരാന്ന്.

സമയം രാത്രി ഏറെ വൈകിയിരിക്കുന്നു . സുഖപ്രസവം നടക്കില്ല . സിസേറിയൻ ഇനി രാവിലെ പറ്റുള്ളൂ. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന് ഒരുറപ്പ് തരാൻ അവർക്ക് കഴിയില്ലായിരുന്നു. കുട്ടിയെ നഷ്ട്ടമായാലും  അമ്മ ജീവൻ നിലനിർത്തിയാൽ മതിയായിരുന്നു.

അന്ന് വരെ കടുത്ത വേനലിന്‍റെ ചൂടായിരുന്നു, രാത്രി ഇടിയും മിന്നലും,  മഴ  അന്ന് തകർത്തു പെയ്തു.

പുറത്ത് അച്ഛൻ ഭീതിയിലാണ്.  എന്താകുമെന്ന് അറിയാതെ. അപ്പോഴും ആ കുട്ടിയെ ആഗ്രഹിച്ചില്ല ഭാര്യ അവൾ ജീവനോടെ  കിട്ടിയാൽ മതിയെന്ന ആഗ്രഹം മാത്രം ...

ഭയത്തിലാഴ്ത്തിയ രാത്രി കടന്നു പോയി, പിറ്റേന്ന് രാവിലെ ഓപ്പറേഷൻ ഉറപ്പായി.

മഴയപ്പോഴും തകർത്തു പെയ്യുവാണ്. ആ മഴയെ അന്ന് പലരും മനസ്സുകൊണ്ട്  ശപിച്ചിരുന്നു.

ഒരു പതിനൊന്നു പന്ത്രണ്ടു മണിയോടെ കുട്ടി ജനിച്ചു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നു. അമ്മ ആഗ്രഹിച്ചതുപോലെ തന്നെ  പെൺകുട്ടിയാണ്.

അമ്മയെ നഷ്ട്ടമാകുമെന്നതിനാലാവണം ആ കുട്ടിയെ അവർ ഓർക്കാതിരുന്നത്. പിന്നീട് അവർ ഒരു വേർതിരിവും കാണിക്കാതെയാണ് രണ്ടു മക്കളെയും വളർത്തിയത്.

വർഷങ്ങൾക്കിപ്പുറം അവൾ ഓർത്തു പോയ്‌.
ജനിക്കും മുന്നേ തന്നെ ഒറ്റപ്പെടലിൽ ആണ്ടു പോയവൾ ഈ ഒറ്റപ്പെടലും അർഹിക്കുന്നു. അന്ന് എന്നെ കളയാൻ തയ്യാറാകാതെ എനിക്കുവേണ്ടി ധൈര്യം കാണിച്ച അമ്മയുടെ മകളായതുകൊണ്ടാകാം ആഗ്രഹിക്കുന്നതെല്ലാം നഷ്ട്ടമാകുമ്പോഴും ഒറ്റപ്പെടുമ്പോഴും പതറാതെ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്ന്  അവൾ മനസ്സിൽ ഓർത്തു.


https://www.yourquote.in/the-bluelight-pen-bdhbb/quotes/kttutt-veenlin-viraamn-kurriccukonntt-ittvmaastti-mlll-aa-baoz83


1 comment:

Haripriya k said...

Nee orikkalum ottakkalladee ......you are so lucky to have your mother 🤗😘