Aparna Radhika :: ഗീതം പ്രണയ സുരഭിലം

Views:

 

ഗീതം പ്രണയ സുരഭിലം

അപർണ രാധിക

 

മലയാള കവിതയിലെ നിറസാന്നിദ്ധ്യമായ രജി മാഷിന്റെ മൂന്നാമത്തെ Digital Book ആണ്  തനിച്ചു പാടാൻ.  അതിനു ഒരു ആസ്വാദനം എഴുതുക എന്ന ദൗത്യം തികച്ചും പുതുമയേറിയതും അതെ സമയം കഠിനവുമായിരുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ 36 പ്രണയ ഭാവങ്ങൾ. കാവ്യബോധത്തോടെ തന്റെ അക്ഷര സമ്പത്തിനെ ഒരേ സമയം വൃത്ത-അലങ്കാര സമ്പുഷ്ടമായി ആവിഷ്കരിക്കുക എന്ന ഉദ്യമം വളരെ ഭംഗിയായി തന്നെ മാഷ് നിറവേറ്റിയിരിക്കുന്നു.

യാഥാസ്ഥിതിക പ്രണയഭാവങ്ങളിൽ നിന്ന് തികച്ചും ഭിന്നമായ ഒരു ശൈലി പല ഗീതികളിലും പ്രകടമാണ്. കൊടുങ്കാറ്റുപോലെ എന്ന ഗീതിയിൽ കടമകളൊന്നും തന്നെ നിശ്ചയിച്ചിട്ടുറപ്പിച്ചിട്ടില്ലാത്ത തങ്ങളുടെ പ്രണയം കൊടുങ്കാറ്റുപോലെ കൊണ്ടാടാമെന്നു കവി പറയുന്നത് ഒരു ഉദാഹരണമായി കാണാവുന്നതാണ്. എന്നാൽ വയൽക്കാറ്റുകൊള്ളാം എന്ന ഗീതിയിൽ എടുത്തുചാട്ടങ്ങളില്ലാതെ പ്രണയത്തിന്റെ കാറ്റേറ്റ് വയൽ വരമ്പത്തൊരല്പനേരം ഇരുന്ന പ്രതീതിയാണുണ്ടാക്കുന്നത്.

ചിലയിടങ്ങളിൽ ഭക്തിയിൽ പ്രണയവും മറ്റുചിലയിടങ്ങളിൽ പ്രണയത്തിൽ ഭക്തിയും വായിച്ചെടുക്കാവുന്നതാണ്. എനിക്ക് നീയും എന്നുള്ളതിൽ കാളിയോടുള്ള അഭേദ്യമായ ഒരു പ്രണയം നമുക്ക് കാണാം. കാളിയോട് പരാതിക്കെട്ടഴിക്കുമ്പോഴും തനിക്ക് കാളി മാത്രമേയുള്ളുവെന്ന അവബോധം കവിതയിൽ നിഴലിക്കുന്നുണ്ട്. എനിക്കൊരു ഫ്രണ്ടുണ്ട് എന്ന ഗീതിയിൽ ആംഗലേയവും ആനുകാലിക പ്രയോഗങ്ങളും കടന്നുകൂടുന്നുവെങ്കിലും പ്രണയത്തിന്റെ ഭംഗിക്ക് ഒരു കോട്ടവും തട്ടുന്നില്ല. തന്റെ പ്രാണന്റെ അവസാന പിടച്ചിലിലും തീർത്ഥമായ് അവൾ മാത്രമാണെന്ന തുറന്നെഴുത്ത് പ്രണയത്തിലെ ഭക്തിക്ക് അടിവരയിടുന്നു. അവളെയാണ് വർണിക്കുന്നതെങ്കിലും 'കാർവർണനായ് ' അവളെ ഉപമിക്കുമ്പോൾ കവിതയിൽ നിറയുന്ന വിരോധാഭാസം അറിഞ്ഞുകൊണ്ടാകാനേ വഴിയുള്ളു.

തനിച്ചു പാടാൻ എന്ന ശീർഷകം തികച്ചും അന്വർത്ഥമായ ഒന്നെന്നേ പറയാൻ പറ്റൂ.

ഒരു വാക്കുപോലുമില്ലോതിയിലിന്നോള-

മൊരു കനൽ കരളിൽ നാമോർത്തുവച്ചു.

എന്ന് പറയുമ്പോൾ പ്രണയത്തിന്റെ ആഴം കണ്ടു നാമതിശയിച്ചു പോകും. പ്രണയം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആനുകാലിക പ്രഹസനങ്ങളിൽ നിന്ന് വിഭിന്നമായി പലപ്പോഴും പ്രണയം മാത്രമേയുള്ളു തന്റെ സ്വത്തെന്ന് പല ഗീതികളും വിളിച്ചോതുന്നു. ചിലപ്പോൾ ശാന്തവും ചിലപ്പോൾ മൂകവും ചിലപ്പോൾ രൗദ്രവുമായ പ്രണയം. വാഗ്ദാനങ്ങളും നിയമാവലികളുമില്ലാത്ത പ്രണയം. അതങ്ങനെ നിറഞ്ഞു പെയ്യട്ടെ. മാഷിന്റെ പ്രണയഗീതികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

 

അപർണ രാധിക

വൈശാഖം

മൂലേപ്പീടിക

പടിഞ്ഞാറെ കടുങ്ങലൂർ

ആലുവ

https://www.amazon.in/dp/B08L892F68





No comments: