പ്രഭാത വാർത്തകൾ

Views:

📰📰📰📰📰📰📰📰📰📰


*പ്രഭാത വാർത്തകൾ*

2024 | മാർച്ച് 13 | ബുധൻ  | 1199 | കുംഭം 29 | അശ്വതി 

🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷


◾ സുപ്രീം കോടതി ഉത്തരവിട്ടത് പ്രകാരം ഇലക്ടറല്‍ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ. വിവരങ്ങള്‍ നല്‍കിയത്.  വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തും.


◾ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിലവിലെ 18 കോടി മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും പൗരത്വം തെളിയിക്കാന്‍ ഒരു തരത്തിലുള്ള രേഖയും ഹാജരാക്കേണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.


◾ പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് സിഎഎയെ എപ്പോഴും എതിര്‍ത്തുവെന്നും, ബിജെപി സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ നിന്നുമെത്തിയ അഭയാര്‍ത്ഥികളെ അര്‍ഹിക്കുന്ന പരിഗണന നല്‍കി ശാക്തീകരിച്ചുവെന്നും അമിത് ഷാ. സ്വന്തം ധര്‍മ്മം രക്ഷിക്കാന്‍ വേണ്ടി രാജ്യത്തേക്ക് അഭയാര്‍ത്ഥികളായെത്തിയവര്‍ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നല്‍കി മോദി സര്‍ക്കാര്‍ ആദരിക്കുമെന്നും മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചുവെന്നും അമിത് ഷാ പറഞ്ഞു.


◾ സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്നും, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യു.ഡി.എഫും പോരാടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.


◾ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ടെന്നും നിയമം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഎമ്മിന്റെ നിലപാടെന്നും ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തെ അപലപിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.


◾ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. തിങ്കളാഴ്ച വൈദ്യുതിയുടെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നുവെന്ന് കെ എസ് ഇ ബി. ഇത് സര്‍വ്വകാല റെക്കോഡാണ്. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം കാരണമാകാമെന്നും അതിനാല്‍ തന്നെ വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.


◾ സിനിമ റിലീസ് ചെയ്ത് ആദ്യ 48 മണിക്കൂറില്‍ റിവ്യു വേണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. റിവ്യു ബോംബിങ് തടയുന്നതിന് സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിവാദം ഉണ്ടാക്കി ക്ലിക്ക് ബൈറ്റ് വര്‍ധിപ്പിക്കാനായിരിക്കരുത് റിവ്യു എന്നും അമിക്കസ് ക്യൂറി പറയുന്നു.


◾ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇംഗ്ലീഷില്‍ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലയാളത്തില്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കേരള വിരുദ്ധനെന്നും മന്ത്രി പി രാജീവ്. കേരളത്തിന് സാമ്പത്തിക പാക്കേജ് നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമെന്നും മന്ത്രി പറഞ്ഞു.


◾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കഴിഞ്ഞമാസം 100 കോടി രൂപ നല്‍കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 2,695 കോടി രൂപ പദ്ധതിക്കായി നല്‍കിയെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ഷം 151 കോടി രൂപ മാത്രമാണെന്നും ധനകാര്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് കാരുണ്യ പദ്ധതിയില്‍ ഉറപ്പാക്കുന്നത്.


◾ തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് സുപ്രീംകോടതി. മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. സത്യവാങ്മൂലം നല്കാന്‍ കേരളത്തിന് കോടതി കര്‍ശനം നിര്‍ദ്ദേശം നല്കി.


◾ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നു. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കി. മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം.


◾ മുട്ടില്‍ മരംമുറിക്കേസില്‍ അഡ്വ. ജോസഫ് മാത്യു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ഡിസംബര്‍ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവന്‍ വി.വി.ബെന്നി കേസില്‍ കുറ്റപത്രം നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത്  സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ വച്ചത്.  


◾ കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍നമിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ചാണ് ചടങ്ങുകള്‍.


◾ ആന്റി ബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇത് ഉള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.


◾ രാജ്യത്തേക്ക് ആര് വരണം പോണം എന്ന് പിണറായി നോക്കണ്ടെന്നും പിണറായി സംസ്ഥാനത്തിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും സുരേഷ്ഗോപി. പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെയാണ് സുരേഷ്ഗോപി രൂക്ഷമായി വിമര്‍ശിച്ചത്.


◾ ടിഎന്‍ പ്രതാപന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് പ്രതാപന്റെ പുതിയ നിയമനം. പാര്‍ട്ടി എന്ത് ജോലി ഏല്‍പ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താനെന്നും പുതിയ ചുമതലയോടും നീതി പുലര്‍ത്തുമെന്നും പ്രതാപന്‍ പ്രതികരിച്ചു. അതേസമയം കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണോ തൃശ്ശൂരിലെ സിറ്റിങ് എം.പി. ടി.എന്‍. പ്രതാപന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതെന്ന ചോദ്യവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.


◾ കാര്യത്തില്‍ കേരളത്തിന്റെ മുത്തയ്യ മുരളീധരനാണ് മന്ത്രി മുഹമ്മദ് റിയാസെന്ന് വിശേഷിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞതിനാണോ ടി.എന്‍. പ്രതാപനു കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസിന്റെ ചോദ്യത്തിനാണ് രാഹുലിന്റെ പരിഹാസം.


◾ കേരളത്തില്‍ പലയിടത്തും ബിജെപിക്ക് നല്ല സ്ഥാനാര്‍ഥികളാണ് ഉള്ളതെന്നും അതുകൊണ്ടാണ് ഇവിടുത്തെ പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലാകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപിയുടെ മികച്ച സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നതെന്നും ജയരാജന്‍ അവകാശപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് പ്രബല ശക്തിയല്ലാതായി മാറിയതാണ് മത്സരചിത്രം മാറാന്‍ കാരണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


◾ സംസ്ഥാനത്ത് താപനില ഉയരുന്നു. മാര്‍ച്ച് 14 വരെയുള്ള ദിവസങ്ങളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.


◾ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത്  യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആന്റസ് വില്‍സണ്‍, ടിപി ഷംസീര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും.


◾ ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയക്ക് ഗുരുതരമായി പരിക്കേറ്റു. മംഗളം പാറയിലെ കൃഷിയിടത്തില്‍ നനക്കുന്നതിനിടെയായിരുന്നു ആക്രമണം. അര്‍ധ രാത്രി ഈ വഴിയെത്തിയ ആദിവാസികളാണ് ഗുരുതര പരിക്കുകളോടെ അന്തോണിയെ കാണുന്നത്. അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.


◾ കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്തുള്ള തോട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വാളൂര്‍ സ്വദേശി അനു എന്ന യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്ന് പോയ അനുവിന്റെ മൃതദേഹം  ഇന്നലെ രാവിലെ 11 മണിക്കാണ് അര്‍ദ്ധനഗ്നയായ നിലയില്‍ കണ്ടെത്തിയത്.


◾ പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധം. എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. എന്നാല്‍ വരുംദിവസങ്ങളിലും ക്യാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്.


◾ 43 സ്ഥാനാര്‍ഥികള്‍ അടങ്ങിയ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ മകന്‍ വൈഭവ് ഗെഹ്ലോത്, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ മകന്‍ ഗൗരവ് ഗോഗോയ് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍. കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി എം.പി രാഹുല്‍ കസ്വാനും സീറ്റ് നല്‍കിയിട്ടുണ്ട്. അസം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 43 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നാല്പത്തിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഇരുപത്തഞ്ച് പേരും അന്‍പത് വയസില്‍ താഴെ പ്രായമുയുള്ളവരാണ്. 19 പേര്‍ എസ്സി എസ്ടി വിഭാഗക്കാരുമാണ്.


◾ തിരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ കത്ത്. വിധി നടപ്പിലാക്കുന്നത് രാഷ്ട്രപതി തടയണമെന്നാണ് പ്രസിഡന്റ് അദീഷ് സി. അഗര്‍വാലയുടെ കത്തിലെ ആവശ്യം. നേരത്തെ കര്‍ഷകസമരത്തെ കുറ്റപ്പെടുത്തിയും അതില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസിന് കത്തയച്ച അഗര്‍വാലക്കെതിരെ സംഘടനയിലെ ഭൂരിഭാഗം ഭാരവാഹികളും രംഗത്തെത്തിയിരുന്നു.


◾ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് മാലദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാലദ്വീപില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് ഇന്ത്യ. അതേസമയം ഇന്ത്യന്‍ സൈനികരുടെ പിന്മാറ്റത്തിനിടെ മാലദ്വീപ് ചൈനയുമായി സൈനിക സഹായ കരാറില്‍ ഒപ്പുവച്ചു.


◾ മെക്സിക്കന്‍ അതിര്‍ത്തിവഴിയുള്ള നിയമവിരുദ്ധകുടിയേറ്റമില്ലാതാക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്. യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക മെക്സിക്കന്‍ അതിര്‍ത്തി അടയ്ക്കുകയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. കാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് ജയിലില്‍ക്കഴിയുന്നവരെ വെറുതേവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


◾ വനിതകളുടെ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 113 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും 15 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 6 വിക്കറ്റെടുത്ത എലിസ് പെറിയാണ് മുംബൈയുടെ നടുവൊടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ എലിസ് പെറിയുടെ 40 റണ്‍സിന്റെ മികവോടെ വെറും മൂന്ന്  വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.


◾ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ചെറുകിട ഉപഭോക്താക്കളുടെ നിക്ഷേപം ഫെബ്രുവരിയില്‍ 23 ശതമാനം ഉയര്‍ന്ന് 26,866 കോടി രൂപയായി. കടപ്പത്രങ്ങളിലേക്കുള്ള 63,800 കോടി രൂപ കൂടി കണക്കിലെടുത്താല്‍ മൊത്തം 1.2 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിച്ചത്. ഇരുപത്തിമൂന്ന് മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ജനുവരിയില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 21,780 കോടി രൂപ നിക്ഷേപമായി ലഭിച്ചിരുന്നു.സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലൂടെ ഫെബ്രുവരിയില്‍ (എസ്.ഐ.പി) 19,186 കോടി രൂപ വിപണിയിലെത്തിയെന്നും അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം ചെറിയ തുകകളായി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന സംവിധാനമായ എസ്.ഐ.പികളില്‍ പണം മുടക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു. നിലവില്‍ 8.2 കോടി അക്കൗണ്ടുകളാണ് എസ്.ഐ.പിയിലുള്ളത്. ഫെബ്രുവരിയില്‍ മാത്രം 49.79 ലക്ഷം പുതിയ എസ്.ഐ.പി രജിസ്ട്രേഷനുകളാണുള്ളത്.


◾ സനൂബ് കെ യൂസഫ് നിര്‍മിച്ച് നവാഗതനായ ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന 'റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ് ബൈ ഗോഡ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ റീലീസ് ചെയ്തു. ദുല്‍ഖറിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ദൈവത്തിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നില്‍ക്കുന്ന സൈജുവും ആണ് പോസ്റ്ററിലുള്ളത്. ഫാന്റസി മൂഡിലുള്ള ചിത്രം നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറിലാണ് വരുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.


◾ രോമാഞ്ചം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം ഒരുക്കിയ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'ആവേശം'. ഫഹദ് ആണ് നായകനെന്നും അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് നിര്‍മ്മാതാക്കള്‍ എന്നതും ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഘടകങ്ങളാണ്. യുവനിരയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഡപ്പാംകുത്ത് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗലാട്ട എന്ന ഗാനമാണ് ഇത്. വിനായക് ശശികുമാറിന്റെ വരികളും സുഷിന്‍ ശ്യാമിന്റെ സംഗീതവും ഒപ്പം പാല്‍ ഡബ്ബയും സുഷിനും ചേര്‍ന്നുള്ള ആലാപനവുമായാണ് 'ഗലാട്ട' ഇറങ്ങിയിരിക്കുന്നത്. തമിഴ്, മലയാളം വരികളുമായെത്തിയിരിക്കുന്ന ഗലാട്ടയും സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.


◾ വെന്യു സബ്-4 മീറ്റര്‍ എസ്യുവിയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയന്റ് 10 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ഹ്യൂണ്ടായ് അവതരിപ്പിച്ചു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. പുതിയ ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടര്‍ബോ വേരിയന്റ് 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ വീലിലാണ് സഞ്ചരിക്കുന്നത്. പുതിയ വെന്യു എക്‌സിക്യുട്ടീവ് വേരിയന്റില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും വോയ്‌സ് റെക്കഗ്നിഷനും ഒപ്പം കളര്‍ ടിഎഫ്ടി എംഐഡിയുള്ള ഡിജിറ്റല്‍ ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി, ഹ്യുണ്ടായ് വെന്യു എക്‌സിക്യൂട്ടീവ് ടര്‍ബോ വേരിയന്റിന് 6 എയര്‍ബാഗുകള്‍, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറോടുകൂടിയ മൂന്ന്-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നു. ഐഡില്‍ സ്റ്റോപ്പ് ആന്‍ഡ് ഗോ സവിശേഷതയുള്ള 120പിഎസ്, 172എന്‍എം, 1.0ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്യുവിക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് വഴിയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്. മാനുവല്‍ പതിപ്പിന് 10.75 ലക്ഷം രൂപയാണ് വില, ഓട്ടോമാറ്റിക് വേരിയന്റിന് 11.86 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.


◾ കൊട്ടിയൂര്‍ മഹാശിവക്ഷേത്രം, പറശ്ശിനി മടപ്പുര മുത്തപ്പന്‍കാവ്, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം,  തളി ശിവക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം,  വല്ലങ്ങി ശിവക്ഷേത്രം, ഉത്രാളിക്കാവ്,  തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം, പാറമേക്കാവ് ഭഗവതിക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, ശ്രീഗുരുവായൂര്‍ക്ഷേത്രം, കൂടല്‍മാണിക്യക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബികാക്ഷേത്രം, ശ്രീവടക്കുന്നാഥക്ഷേത്രം, ശ്രീപൂര്‍ണത്രയീശക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, വൈക്കം ശ്രീമഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം,  ഓച്ചിറ പരബ്രഹ്‌മസന്നിധി, മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം, ശബരിമല ശ്രീപത്മനാഭസ്വാമിക്ഷേത്രം,  ആറ്റുകാല്‍ ശ്രീഭഗവതിക്ഷേത്രം... കേരളത്തിലെ പ്രശസ്തമായ 111 ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കേരളത്തിലെ 111 ക്ഷേത്രങ്ങള്‍. ഡോ. പി.ബി. ലല്‍കാര്‍. മാതൃഭൂമി ബുക്സ്. വില 357 രൂപ.


◾ ഇന്ത്യയില്‍ പിത്തസഞ്ചി കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച എപ്പിഡെമിയോളജി ഓഫ് ഗാള്‍ ബ്ലാഡര്‍ ക്യാന്‍സര്‍ ഇന്‍ ഇന്ത്യ എന്ന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. കാന്‍സര്‍ കോശങ്ങള്‍ പിത്തസഞ്ചിക്കുള്ളില്‍ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയില്‍ അര്‍ബുദം ഉണ്ടാകുന്നത്. ഈ കോശങ്ങള്‍ ഉണ്ടാക്കുന്ന മുഴകള്‍ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പിത്താശയം, പിത്തനാളി എന്നിങ്ങനെ പിത്തരസത്തിന്റെ ഉത്പാദനവും ശേഖരണവും കൈമാറ്റവുമൊക്കെയായി ബന്ധപ്പെട്ട അവയവങ്ങളില്‍ വരുന്ന അര്‍ബുദമാണ് ബൈലിയറി ട്രാക്റ്റ് കാന്‍സര്‍. പിത്തസഞ്ചി കാന്‍സര്‍ അതിജീവന നിരക്ക് രോഗത്തിന്റെ രോഗിയെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. നേരത്തെ രോഗനിര്‍ണയവും ചികിത്സയും ചെയ്യുന്നവര്‍ക്ക് അതിജീവന നിരക്ക് 66% ആണെന്ന് പഠനങ്ങള്‍ പറയുന്നു. അതിജീവിക്കുകയുള്ളൂ. കാന്‍സറിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ രോഗം ഗുരുതരമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകുന്നു. വയറുവേദന, പെട്ടെന്ന് ഭാരം കുറയല്‍, വയറ് വീര്‍ക്കുക, മഞ്ഞപ്പിത്തം എന്നിവയെല്ലാം പിത്തസഞ്ചി കാന്‍സറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത വീക്കം, അണുബാധ, പൊണ്ണത്തടി, പാരമ്പര്യം, കൊഴുപ്പ് കൂടുതലുള്ളതും നാരുകള്‍ കുറഞ്ഞതുമായ ഭക്ഷണക്രമം, മഞ്ഞപ്പിത്തം, ഒക്കാനം, ഛര്‍ദ്ദി എന്നിവയെല്ലാം പിത്തസഞ്ചി കാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼




No comments: