കവിത
മായ്ച്ചും വരച്ചും
സ്മൃതി പദത്തിലെവിടെയോ -
കൊളുത്തിയ ദീപനാളം പോലെ,
ഹൃദ്യമാം ആലിംഗനത്തിനൊടുവിലായ്,
പൂമരച്ചോട്ടിലെക്കെന്നെ തളച്ചിട്ട,
പുലരികൾ പൂച്ചൂടിയെന്നെ കൊതിപ്പിച്ച,
കാലമേ.. ഓർക്കുന്നു
നിന്നെ ഞാൻ ആർദ്രമായ്.
പകൽപൊള്ളി കടന്നു പോയ്
സന്ധ്യയുടെ ഉടൽ കീറിപ്പടർത്തിയ,
രാവിൻ്റെ നെറുകയിൽ.
അഗാധമൗനമാണിന്നുമെനിക്കു നീ ഓർമ്മയിൽ.
ഉള്ളം നുറുങ്ങും ദുഃഖരേണുക്കളിൽ
ആരോ പടർത്തി നിൻ ചിത്രം.
മായ്ച്ചും വരച്ചും ആശങ്കയാലുടെൻ,
വെട്ടിമാറ്റുന്നു ചേർത്തു വെയ്ക്കുന്നു നിരന്തരം.
വിരൽ തൊട്ടുണർത്തും സ്മരണതൻ വീണയിൽ,
ശ്രുതിയിട്ടു തെന്നലിൽ മൗനരാഗം.
അമർന്നു തേങ്ങിക്കരയും ശരത്കാല രാത്രികൾ,
ഇല പൊഴിയും കാലത്തിൻ്റെ മൗനസഞ്ചാരിണി.
പിന്നിട്ട വഴികളിൽ ഓർത്തോർത്ത് പടരുവാൻ,
നിന്നെ വരഞ്ഞിട്ട നിന്നെ കുടഞ്ഞിട്ട,
കാലത്തിൻ്റെ മൂകസാക്ഷിയായ്,
ഇന്നെൻ്റെ മറവിയിൽ പിറവിയായ്,
നീ വന്നു നിൽപ്പൂ... നീ വന്നു നിൽപ്പൂ...
3 comments:
സന്തോഷം, നന്ദി രജി സാർ
കവിത, നന്നായി.
സ്മൃതിപ്പൂക്കൾ . ..
നന്ദി, ഇഷ്ടം
Post a Comment