Views:
ബിസ്മില്ലാഹി റഹുമാനി റഹീം
നോമ്പിന് ആറ് മര്യാദകളുണ്ടെന്നു പണ്ഡിതന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അവ പാലിക്കേണ്ടത് നോമ്പുകാരന്റെ കടമയാണ്.
ആദ്യത്തേത് തന്റെ നോട്ടം അസ്ഥാനത്ത് പതിയുന്നതിൽ നിന്നും പിന്മാറുക എന്നതാണ്.
"നോട്ടം ഇബ്ലീസിന്റെ ഒരു അസ്ത്രമാണ്. അല്ലാഹുവിനെ കുറിച്ചുള്ള ഭയം കൊണ്ട് ഒരു മനുഷ്യൻ അതിനെ സൂക്ഷിക്കുകയാണെങ്കിൽ അള്ളാഹു സുബുഹാനഹു വത് ആല അവനു ചുറ്റും ഒരു പ്രകാശവലയം ഒരുക്കുന്നതാണ്. അതിന്റെ മാധുര്യവും രസവും അവന്റെ ഹൃദയത്തിൽ ഉടൻതന്നെ അനുഭവപ്പെടുന്നതുമാണ്." (നബിവചനം).
രണ്ടാമത്തേത് നാക്കിനെ സൂക്ഷിക്കലാണ്. നുണ, ഏഷണി, പരദൂഷണം, വൈരാഗ്യം, വഴക്ക്, പരിഹാസം എന്നിവയിൽ നിന്നെല്ലാം നാക്കിനെ സൂക്ഷിക്കണം. നോമ്പ് പരിചയാണ്. ആ പരിചകൊണ്ട് ദുഷ്പ്രവൃത്തികളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറണം.
മൂന്നാമത്തേത് കാതിനെ സൂക്ഷിക്കലാണ്. നാക്കുകൊണ്ട് പറയുന്നത് നിരോധിക്കപ്പെട്ടിരിക്കുന്ന എല്ലാ പ്രവൃത്തികളും ശ്രദ്ധിക്കലും ശ്രവിക്കലും തെറ്റാണ്.
"പരദൂഷണം പറയുന്നവനും അത് കേൽക്കുന്നവനും തുല്യ പങ്കാളികളാണ്." (നബി വചനം).
നാലാമത്തേത് നോമ്പ് സമയത്ത് നിരോധിക്കപ്പെട്ട സകല പ്രവൃത്തികളിൽ നിന്നും എല്ലാ അംഗങ്ങളെയും സൂക്ഷിക്കണം എന്നതാണ്.
അഞ്ചാമത്തെ സംഗതി ഹലാലായ ഭക്ഷണം കൊണ്ട് നോമ്പ് തുറക്കുകയും അധികമായി വയറു നിറയ്ക്കുകയും ചെയ്യരുത് എന്നതാണ്.
അത് നോമ്പിന്റെ ഉദ്ദേശ്യത്തെ കരിച്ചു കളയും.. പതിനൊന്നു .മാസവും ഇഷ്ടാനുസരണം ജീവിക്കുന്നവർ ഒരു മാസം അല്ലാഹുവിനു വേണ്ടി അവ ത്യജിക്കുമ്പോൾ അവനു ലഭിക്കുന്ന പ്രതിഫലം എത്രയോ അധികരിച്ചതാണ്.
ആറാമത്തെ കാര്യം തന്റെ നോമ്പ് അല്ലാഹുവിന്റെയടുക്കൽ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഭയക്കുകയാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് തെറ്റുകൾ സംഭവിക്കാം.
ഹൃദയം അല്ലാഹുവിനു സമർപ്പിച്ച് നോമ്പിന്റെ മര്യാദകൾ പാലിക്കാൻ ഓരോ വിശ്വാസിക്കുംമേൽ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിക്കുമാറാകട്ടെ.
ആമീൻ.
No comments:
Post a Comment