തർപ്പണം :: സലോമി ജോൺ‍ വൽസൻ

Views:
                                                       
എന്റെ സ്നേഹത്തിന്റെ  ആഴങ്ങൾ
ഒഴുക്കിന്റെ തോറ്റങ്ങൾ
അറിയാതെ നിദ്രയുടെ നിലവറയിൽ
ആരെയോ കാത്തിരുന്നു.
അത് നീയായിരുന്നെന്നോ...

വെളിച്ചം മരിച്ച അറയുടെ
ശ്വാസവേഗങ്ങളുടെ  
വരണ്ട വിലാപങ്ങൾ  
എന്നോ എപ്പോഴോ
നിന്നെ തേടിയിരുന്നോ...?

നിന്റെ ഹൃദയം  
ഒരായിരം
തർപ്പണങ്ങൾ കൊണ്ട്
എന്നെ വിട്ടൊഴിഞ്ഞു പോയിരുന്നെങ്കിൽ..
ആത്മാവിന്റെ തടവറയിൽ
പുനർജന്മത്തിനായ്
ഉരുക്കഴിക്കാത്ത ജപമാലയുടെ
ജീവനറ്റ ജഡമായ്മാറിയേനെ ഞാൻ..
മനസ്സ്   
വല്ലാത്ത തണുപ്പും താപവും
ഏറ്റ ശില പോലെ.

ഉറക്കം
എവിടെയോ ഓലിയിടുന്ന നായ്ക്കളുടെ
വിലാപമൊഴുകുന്ന ശബ്ദത്തിൽ ഉടക്കി നില്ക്കുന്നു.

എവിടെയാണ് നീ....എവിടെയാണ് നീ.
എന്റെ ഉദകക്രിയയ്ക്കു വന്നെത്തിയതോ....
എവിടേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു....
 
നീ എന്റെ വഴികാട്ടിയോ....?
ദ്വാരപാലകനൊ...
അതോ... വഴിയോരത്ത്.
എന്നെ തനിച്ചാക്കി കടന്നു പോകുന്ന യാത്രികനോ?