Views:
ഭാരതത്തിന്റെ വളരുന്ന സാമ്പത്തിക സ്ഥിതിയിൽ വിശ്വസിക്കുന്ന ഒരു കൂട്ടം നല്ല നിക്ഷേപകർക്കായി അതിനേക്കാൾ ഉപരി കച്ചവടക്കാർക്കായി അവധി വ്യാപാരം/ Commodity Market എന്ന കരകാണാക്കടലിന്റെ ചില പ്രത്യേകതകൾ
വളരെയധികം റിസ്കെടുത്ത് കച്ചവടം ചെയ്യുന്ന ഈ മാർക്കറ്റ് യഥാർത്ഥത്തിൽ റിസ്ക് (Risk) ഒഴിവാക്കാനായി രൂപപ്പെടുത്തിയതാണ്. കർഷകർക്ക് അനുഭവപ്പെടുന്ന ഉത്പന്ന വിലകളിലെ വ്യതിയാനം ഇല്ലാതാക്കുന്നതിനായാണ് ആദ്യകാലങ്ങളിൽ ഇത്തരം ഒരു 'ചന്ത' വിഭാവനം ചെയ്തത്. പിന്നീട് ഇതിലേക്ക് ലാഭമെടുക്കാനായി മാത്രം പുറത്തു നിന്ന് ഇടപാടുകാരും എത്തിച്ചേർന്നു.
കർഷകർക്കായി വിഭാവനം ചെയ്തത് എന്ന് എടുത്തു പറയാൻ കാരണം, വിളവുകൾക്കുമേൽ സമയബന്ധിതമായി അനുഭവപ്പെടുന്ന വില വ്യതിയാനങ്ങളെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഇതു വിഭാവനം ചെയ്തത്.
ഉദാ: ഒരു കർഷകൻ ജനുവരി മാസത്തിൽ നെൽകൃഷി ചെയ്യാൻ തയ്യാറെടുക്കുന്നു. ഇതേ മാസത്തിലെ നെല്ലിന്റെ മാർക്കറ്റ് റേറ്റ് 10/Kg ആണ്. ആ കർഷകന് ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കാൻ ചെലവിടേണ്ടത് വിത്ത്, വളം എന്നിവയെല്ലാം കൂടി 7 രൂപയാണ്. ഇപ്പോഴത്തെ മാർക്കറ്റ് റേറ്റനുസരിച്ച് ആ കർഷകന് ഒരു കിലോയിൽ 3 രൂപ ലാഭം ലഭിക്കുന്നു. എന്നാൽ, ഇവിടെ കർഷകന് വെല്ലുവിളിയാകുന്നത് നെൽവിലയിലെ അസ്ഥിരതയാണ്. കാരണം 6 മാസങ്ങൾക്കു ശേഷം ആ കർഷകൻ തന്റെ വിളവിനെ വിൽപ്പനയ്ക്കായി വയ്ക്കുമ്പോൾ മാർക്കറ്റിൽ 10 രൂപയായിരിക്കണം വില. ഇത്തരം റിസ്ക് ഒഴിവാക്കാൻ ആ കർഷകന് Commodity Market-നെ സമീപിക്കാം. അദ്ദേഹത്തിന് നെല്ലിന്റെ ഒരു കോണ്‍ട്രാക്റ്റ് (Contract), സെൽ (Sell) ചെയ്തു വയ്ക്കാവുന്നതാണ്.
അങ്ങനെ ചെയ്യുമ്പോൾ എങ്ങനെയാണ് അദ്ദേഹത്തിന് ലാഭം ലഭിക്കുന്നത് എന്നു നമുക്കു നോക്കാം.
അദ്ദേഹം ഉദ്ദേശിക്കുന്ന വില Rs: 10/Kg. ആറു മാസങ്ങൾക്കു ശേഷം നെല്ലിന്റെ വില 8 രൂപ ആയെന്നിരിക്കട്ടെ, അദ്ദേഹത്തിന് മാർക്കറ്റിൽ വിൽക്കുമ്പോൾ 2 രൂപ പ്രതീക്ഷിച്ചതിനേക്കാൾ നഷ്ടമാവും എന്നിരുന്നാലും Commodity Market-ൽ sell ചെയ്ത കോണ്‍ട്രാക്റ്റ് (Contract) 2 രൂപ ലാഭത്തിലായിരിക്കും. അതിനാൽ ആ കർഷകന് 10 രൂപ തന്നെ ഒരു കിലോ നെല്ലിനു വിലയായി ലഭിച്ച ഫലം അനുഭവപ്പെടുന്നു.
ഇനി തിരിച്ചു ചിന്തിച്ചു നോക്കാം. കർഷകൻ വിൽക്കുമ്പോൾ നെല്ലിനു 12 രൂപയാണ് മാർക്കറ്റ് വിലയെങ്കിൽ 2 രൂപ പ്രതീക്ഷിച്ചതിനേക്കാൾ അധികം ലഭിക്കും. എന്നിരുന്നാലും Commodity Market-ൽ sell ചെയ്ത കോണ്‍ട്രാക്റ്റ് (Contract) 2 രൂപ നഷ്ടത്തിലുമാകും. ഇതിലും കർഷകനു 10 രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ആയതിനാൽത്തന്നെ ഇതിനെ 'ഹെഡ്ജിംഗ്' (Hedging) എന്നു പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ, നമുക്കഭിമുഖീകരിക്കേണ്ട അസ്ഥിരതയെ കുറയ്ക്കാൻ സാധിക്കുന്നു.
---000---
No comments:
Post a Comment