Jagan :: ചേർത്തല - കഴക്കുട്ടം ഹൈവേ പാക്കിസ്ഥാനിൽ ആണോ?

Views:


ചേർത്തല മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത 45 മീറ്ററിൽ B.O.T അടിസ്ഥാനത്തിൽ നാലു വരി ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുകയും, അതിലെ വ്യവസ്ഥ. അനുസരിച്ച് ഭൂമി നഷ്ടപ്പെടുന്നവരുടെ ഭാഗത്തു നിന്നുള്ള പരാതി കേൾക്കാനും തുടങ്ങിയിരിക്കുകയാണല്ലോ?

ഈ പരാതി കേൾക്കൽ വെറും പ്രഹസനം മാത്രമാണെന്ന് ആർക്കാണ് അറിയാത്തത്? കാരണം, മുൻപും ഇത്തരം പരാതി കേൾക്കൽ ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും പരാതി കേട്ട ശേഷം, എല്ലാവർക്കും മുൻ കൂട്ടി
പ്രിന്റ് ചെയ്തു വച്ചിട്ടുള്ള 'പരാതി പരിഗണിക്കാൻ കഴിയില്ല' എന്ന ഒറ്റവരി മറുപടി ആണ് അന്ന് കിട്ടിയിട്ടുള്ളത്. അതിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണയും ഒന്നും തന്നെ സംഭവിക്കാൻ സാദ്ധ്യതയില്ല.

മുൻപ് പലതവണ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, നിശ്ചിത കാലാവധിക്ക് മുൻപ് നടപടികൾ പൂർത്തിയാക്കാൻ സർക്കാരുകളുടെ കെടുകാര്യസ്ഥത മൂലം കഴിയാതിരുന്നതിനാൽ നോട്ടിഫിക്കേഷൻ ലാപ്സ് ആകുകയും, സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ ആദ്യം മുതൽ വീണ്ടും ആവർത്തിക്കുകയും ചെയ്യേണ്ട സ്ഥിതി സംജാതമാകുകയും ആയിരുന്നു.
എന്തായാലും ഇത്തവണ അത് ആവർത്തിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വാഹനത്തിരക്ക് വർദ്ധിച്ചു വരുന്ന ഇന്നത്തെക്കാലത്ത് നാഷണൽ ഹൈവേ വികസനം എത്രയും വേഗത്തിൽ നടപ്പാക്കുക തന്നെ വേണം.
എന്നാൽ, ഇതു സംബന്ധിച്ച് വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള ആശങ്കകളും, അനിശ്ചിതാവസ്ഥയും അകറ്റിയേ കഴിയൂ. അവയിൽ നിന്ന് ഒളിച്ചോടുന്നത് ഒരു ജനാധിപത്യ സർക്കാരിന് അഭികാമ്യം അല്ല.

കഴക്കൂട്ടം മുതൽ തെക്കോട്ടും, ചേർത്തല മുതൽ വടക്കോട്ടും ഉള്ള പ്രദേശങ്ങളിൽ നാഷണൽ ഹൈവേ വികസനം തടസ്സങ്ങൾ ഇല്ലാതെ നടന്നെന്നിരിക്കേ, ചേർത്തല - കഴക്കൂട്ടം ഭാഗത്ത് എന്താണ് കീറാമുട്ടിയായിട്ടുള്ള പ്രശ്നം? എന്തുകൊണ്ടാണ് പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കഴിയാത്തത്? പ്രസ്തുത പ്രദേശം പാക്കിസ്ഥാനിൽ ആണോ? ഇൻഡ്യയിൽ തന്നെ അല്ലേ.............?

നാഷണൽ ഹൈവേ വികസനത്തിന് ഭൂമി വിട്ടുകൊടുക്കുമ്പോൾ വ്യാപാരവും, തൊഴിലും, കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് ഭൂമിയുടെ മാർക്കറ്റ് വിലയും, നഷ്ടപരിഹാരവും, പുനരധിവാസ പദ്ധതിയും അടങ്ങിയ പാക്കേജ് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നതാണല്ലോ? എന്നാൽ, ഇപ്പോൾ ഈ പാക്കേജിനെ കുറിച്ച് സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്............?
  • ഭൂമി നഷ്ടമാകുന്നവർക്ക് പകരം ഭൂമി വാങ്ങുവാൻ, വിട്ടുനൽകുന്ന ഭൂമിക്ക് ഇന്നത്തെ മാർക്കറ്റ് വില നൽകണമെന്ന ആവശ്യം ന്യായമല്ലേ...............?
  • 2019 ൽ ഏറ്റെടുക്കുന്ന ഭൂമിക്ക് ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് ഉള്ള വില നൽകുന്നത് ന്യായമാണോ................?
  • വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്കും, തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്കും ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതികളും ഉറപ്പാക്കണം എന്ന ആവശ്യം അന്യായമാണോ?
ദശാബ്ദങ്ങളായി മാറി മാറി വരുന്ന സർക്കാരുകളുടെ കെടുകാര്യസ്ഥത മൂലം അനുസ്യൂതം നീണ്ടുനീണ്ടു പോയ നാഷണൽ ഹൈവേ വികസന പദ്ധതി മൂലം നാഷണൽ ഹൈവേയുടെ ഓരത്ത് ഉള്ള ഭൂമിയുടെ ക്രയവിക്രയം നിലച്ചിട്ട് വളരെ വർഷങ്ങൾ ആയി. സ്വന്തമായുള്ള മൂന്നോ നാലോ സെന്റ് സ്ഥലം വിൽപ്പന നടത്തി പുരനിറഞ്ഞു നിൽക്കുന്ന പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ കഴിയാത്ത ദുഃഖത്താൽ ആത്മഹത്യയുടെ വക്കത്ത് നിൽക്കുന്ന രക്ഷിതാക്കൾ എത്രയോ ഉണ്ട് ...............?

ഭൂമി വിൽപ്പന നിലച്ചതിനാൽ സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ മുടങ്ങി ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുന്ന വ്യക്കരോഗികൾ....!
കരൾ രോഗികൾ .........!!
അർബ്ബുദ രോഗികൾ........!!!
ഇവരുടെ ഒക്കെ ആവലാതികൾക്കു് പരിഹാരമുണ്ടാകേണ്ടത് ന്യായമല്ലേ................?

ഹൈവേ വികസനത്തിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ഹൈവേയുടെ ഓരത്തെ ഭൂമിയുടെ ക്രയവിക്രയ സ്വാതന്ത്ര്യം എത്രയും വേഗം പുന:സ്ഥാപിക്കണമെന്ന ആവശ്യം അന്യായം ആണോ?

ഇത്തവണയും നാഷണൽ ഹൈവേ വികസനം 45 മീറ്റർ സ്ഥലം ഏറ്റെടുത്ത് നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ, മൂന്നര പതിറ്റാണ്ട് മുൻപ് ഏറ്റെടുത്ത് ഇട്ടിട്ടുള്ള 30.5 മീറ്റർ സ്ഥലത്ത് BOT വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് (മുൻ കെ.പി.സി.സി പ്രസിഡന്റ് ശ്രീ വി.എം.സുധീരൻ അഭിപ്രായപ്പെട്ടതു പോലെ ) നാലുവരിപ്പാത പണിയാനുള്ള നടപടി സർക്കാർ സ്വീകരിക്കുമോ?
  • ഹൈവേ വികസനത്തിനായി ഇടിച്ചു നിരത്തുന്ന കെട്ടിടസമുച്ചയങ്ങളുടെ അവശിഷ്ടങ്ങൾ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം ...........?
  • കൊച്ചിയിൽ സംഭവിച്ചതു  പോലെ, അവശേഷിക്കുന്ന കുറച്ചു കായലും, നെൽവയലുകളും, തണ്ണീർത്തടങ്ങളും, കുളങ്ങളും മറ്റും നാം പോലും അറിയാതെ നികന്നു പോകില്ലേ...........?
  • അത് പാരിസ്ഥിതിക പ്രശ്നം ഉയർത്തില്ലേ.......?
  • ഇടിച്ച് നിരത്തുന്ന കെട്ടിട സമുച്ചയങ്ങൾക്ക് പകരം കെട്ടിടങ്ങൾ ഉണ്ടാകേണ്ടതല്ലേ.......?
സർക്കാർ പദ്ധതികളിൽ പെട്ട കെട്ടിടങ്ങൾ, റോഡുകൾ മുതലായവയുടെ നിർമ്മാണത്തിന്  പോലും ആവശ്യമായ കട്ട, കല്ല്, മെറ്റൽ,മണ്ണ്, ചരൽ, മണൽ മുതലായ അസംസ്കൃത വസ്തുക്കൾ ഇന്ന് കിട്ടാനില്ല. ആ സ്ഥിതിക്ക് ഇടിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്ക് പകരം നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കാമെന്ന് സർക്കാരിന് ഉറപ്പു നൽകാൻ കഴിയുമോ.............?

 വികസനത്തിനായി ഇത്തരം ഗുരുതരമായ നശീകരണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അതുമൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് അവയുടെ പരിഹാരം ഉൾപ്പെടെ  റിപ്പോർട്ട് ചെയ്യുന്നതിനായി ഏജൻസികളെ നിയമിക്കാറുണ്ട്.  മേൽ വിവരിച്ച  വിഷയത്തിൽ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യാൻ ഏതെങ്കിലും ഏജൻസിയെ നിയമിച്ചിട്ടുണ്ടോ.............?
ഉണെങ്കിൽ അവർ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പുറത്തവിടുമോ ...........?

എന്തായാലും എല്ലാ വിഭാഗം ജനങ്ങളുടേയും ആശങ്കകൾക്കും പരാതികൾക്കും ശാശ്വത പരിഹാരം ഉണ്ടാകുന്ന വിധത്തിൽ നാഷണൽ ഹൈവേ വികസനം നടപ്പാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...........!



No comments: