Views:
കണ്ണുണ്ടായിട്ടും
കുന്നിന്‍റെ കുംഭയ്ക്കുള്ളിലെ
കുളിരിനെ കാണാനായില്ല.
കുളം മുതൽ കടൽ വരെ
കിനിയുന്ന കനിവിന്‍റെ
കരളുറപ്പായ കരിങ്കല്ലിനെയായിരുന്നു
കരിമരുന്നിട്ട് നാമിതുവരെ
കുത്തിപ്പൊട്ടിച്ചതെന്നു കട്ടായം.
ഉരുണ്ടുകൂടിയെത്തിയ വെറും
ഉരുളൻ കല്ലുകളല്ല,
ഊക്കോടെയുള്ള പ്രാക്കായിരുന്നു
ഉരുൾപൊട്ടലെന്നും ,
ഉത്തരവാദിത്ത്വം മറന്നവന്‍റെ
ഉയിരെടുക്കാൻ മാത്രം
ഉശിരുള്ള ഉൾക്കരുത്തതിനുണ്ടെന്നും
ഉൾവിളിയുണ്ടായി.
മതിലുകളും
മലയോളമുള്ള മാലിന്യങ്ങളും
മലയാളിയുടെ മനസ്സിൽ നിന്നും
മണ്ണിൽ നിന്നും ഒലിച്ചു പോയി.
മനുഷ്യത്വവും മാനവികതയും
മർത്യന്‍റെ മതമായി.
മണ്ണിന്‍റെ മാറിൽ
മൈത്രി മൊട്ടിട്ടു.
പ്രണയിക്കാൻ മാത്രം പഠിപ്പിച്ച പ്രളയം,
പ്രതിരോധത്തിന്‍റെ പാഠങ്ങളും
പ്രതീക്ഷകളും പകർന്നു നൽകി.
പ്രകൃതിയുടെ പ്രാണനെടുത്തവന്
പ്രാണിയുടെ
പ്രാണന്‍റെ വിലപോലുമില്ലെന്ന
പ്രഖ്യാപനം കേട്ടു. ഇനി,
പ്രായശ്ചിത്തം ചെയ്യുവതെങ്ങിനെ?
3 comments:
നല്ല വരികൾ
പൊരുൾ പൊട്ടൽ
ഏറെ വായിക്കപ്പെടും
അഫ്സൽ ഐക്കരപ്പടിയ്ക്ക് ആശംസകൾ
നല്ല വരികൾ
പൊരുൾ പൊട്ടൽ
ഏറെ വായിക്കപ്പെടും
അഫ്സൽ ഐക്കരപ്പടിയ്ക്ക് ആശംസകൾ
എല്ലാ ഭാവുകങ്ങളും മാഷേ
Post a Comment