Leelamony Amma V K :: കവിത :: വരവേൽപ്പ്

Views:



പുത്തനുടുപ്പിട്ടു തുമ്പിയെത്തീ
അത്തമിന്നാണല്ലോ കൂട്ടുകാരേ!
പത്താംനാൾ നേരം പുലർന്നിടുമ്പോൾ
എത്തിടുമോണവും മാവേലിയും.

ചിത്തം നിറയ്ക്കുവാൻ പൂക്കൾ വേണം
ചിത്തിര, അത്തത്തോടേവം ചൊല്ലി
"ചെത്തുവാൻ മുറ്റമിന്നില്ലെന്നാലും
ചെത്തിയും തുമ്പയുംതന്നെ വേണം"

ചോതി വിശാഖത്തിൻ കാതിലോതി
"ചേമന്തി, മന്ദാരപ്പൂക്കൾ  വേണം"
കേട്ട, അനുഷത്തെ കണ്ണിറുക്കി
കട്ടായം കാക്കപ്പൂവെത്തുമല്ലോ.

"കണ്ണിന്നു കൌതുകംവായ്ച്ചിടുന്ന
കണ്ണാന്തളിപ്പൂ നമുക്കൊരുക്കാം"
മൂലമപ്പൂരാടപ്പയ്യനോടു്
മൂലയിൽ കിന്നാരത്തോടെയോതി.

ഉത്രാടപ്പെണ്ണിനു വേവലാതി
പത്രാസിനൊട്ടും കുറവു വേണ്ടാ
പത്തു വരിയും തികച്ചിടേണം
പുത്തനുടുപ്പുകൾ വേറേ വേണം.

പത്തു ദിക്കിങ്കലുമാളു പോണം,
പത്തു  പൂവട്ടിയിൽപ്പൂവു വേണം.
പത്തു വരിയും തികച്ചിടേണം
പത്തുകൂട്ടംകറിസ്സദ്യ വേണം.

എത്തും തിരുവോണനാളിൽ മന്നൻ
ഒത്തൊരുമിച്ചു വരവേല്ക്കണം.
ഒന്നുമില്ലെങ്കിലുമൊത്തുനിന്നാൽ,
എന്നും നമുക്കോണമാകുമല്ലോ!





No comments: