Views:
- പുസ്തകങ്ങൾ കാശു കൊടുത്ത് വാങ്ങാറുണ്ടോ ?
- അങ്ങനെ വാങ്ങിയ പുസ്തകങ്ങൾ കൊണ്ട് സ്വന്തമായി ഹോം ലൈബ്രറി ഉണ്ടാക്കിയിട്ടുണ്ടോ ?
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനായി ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കണമെന്ന് ചിലർ ഉപദേശിച്ചു . ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുടെ പുസ്തകങ്ങൾ സംഗതി കൂടുതൽ എളുപ്പമാക്കുമത്രെ ! അങ്ങനെയാണ് ചേതൻ ഭഗതിന്റെ ഹാഫ് ഗേൾ ഫ്രണ്ട് വാങ്ങിയത്. (175 രൂപയ്ക്കാണ് അന്നത് വാങ്ങിയത് എന്ന കാര്യം ഒന്നു ശ്രദ്ധിക്കുക)
ഞാൻ വായിച്ചു . സംഗതി കൊള്ളാം . മനസ്സിലാകുന്നുണ്ട്. വായിച്ചു കഴിഞ്ഞാൽ എഫ് ബി യിൽ അതിനെ പറ്റി എന്തേലും എഴുതിയില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. അങ്ങനെ ഹാഫ് ഗേൾഫ്രണ്ടിനെ കുറിച്ചും എഴുതി .
പിറ്റേ ദിവസം .....
പുള്ളിക്കാരി എന്നെ കാണാൻ വന്നു .
''ഡിയർ ഇയാള് ഹാഫ് ഗേൾ ഫ്രണ്ട് വായിച്ചോ ?''
ടെക്കി പെൺപിള്ളേർക്ക് മാത്രം സാധ്യമായ പഞ്ചാര വാക്കിൽ ഒലിപ്പിച്ച് പുള്ളിക്കാരി ചോദിച്ചു .
പുള്ളിക്കാരിയെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നല്ല കാശുകാരിയാണ്. അംബാനി കഴിഞ്ഞാ പിന്നെ എന്റെ പപ്പാ എന്നാണ് പറയുന്നത്. ഒരിക്കൽ ലുലു മാളിൽ പർച്ചേസ് കഴിഞ്ഞെത്തിയത് 5000 രൂപയുടെ പേഴ്സുമായാണ് .''ഡിയർ നാളെ എനിക്ക് നിന്റെ ഹാഫ് ഗേൾ ഫ്രണ്ടിനെ ഒന്നു കൊണ്ടു തരണേ. വായിച്ചിട്ടു തരാം ''
ഞാൻ സമ്മതിച്ചു.
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി നടക്കുവായിരുന്നു ഞാൻ. ഹാഫ് ഗേൾഫ്രണ്ടിനു പകരം ബിരിയാണി. ഹോ ഞാനങ്ങ് തകർക്കും !!പിറ്റേന്നു തന്നെ പുള്ളിക്കാരിക്ക് ഞാനെന്റെ ഹാഫ് ഗേൾ ഫ്രണ്ട് കൈമാറി .
ആയിടക്കാണ് എന്നു നിന്റെ മൊയ്തീൻ ഇറങ്ങിയത്. അതിലൊരു പാട്ടുണ്ടല്ലോ -
' കാത്തിരുന്ന് കാത്തിരുന്ന് '
എന്റെ റഫീഖ് ജീ .... ഞാനും കാത്തിരുന്നു .എന്റെ ഹാഫ് ഗേൾ ഫ്രണ്ടിനെ. പുഴ മെലിഞ്ഞു ,കടവൊഴിഞ്ഞു. ഹാഫ് ഗേൾ ഫ്രണ്ട് മാത്രം വന്നില്ല .
ഞാൻ പുള്ളിക്കാരിയോട് ചോദിച്ചു തുടങ്ങി .
ആദ്യമൊക്കെ - തരാം ഡിയർ
പിന്നെ - കുറച്ചുടെ വായിക്കാനുണ്ട് ചക്കരെ .
ഒടുവിൽ - നിന്റെ കയ്യീന്നൊരു ഒണക്ക ബുക്ക് വാങ്ങീന്ന് വച്ച് ഇങ്ങനെ ശല്യം ചെയ്യണോ ?
പുള്ളിക്കാരി വയലന്റ് ആയി. നേരത്തെ പറഞ്ഞ അയ്യായിരത്തിന്റെ പേഴ്സ് തുറന്നു .
''കൂടുതല് സംസാരിക്കണ്ട .ദാ അതിന്റെ കാശ് ഞാനങ്ങ് തരാം''
ഇങ്ങനെയുള്ള അനുഭവങ്ങൾ പുസ്തക പ്രേമികൾക്ക് ഉണ്ടാകും . നമ്മൾ പുസ്തകങ്ങൾക്ക് കൊടുക്കുന്ന മൂല്യം മറ്റുള്ളവർ കാണണമെന്നില്ല. അവർക്ക് പുറംചട്ടയിൽ അച്ചടിച്ചിരിക്കുന്ന സംഖ്യയാണ് പുസ്തകത്തിന്റെ വില.
--- നെല്ലിമരച്ചോട്ടില്‍
No comments:
Post a Comment