Views:
മഹാത്മാ ഗാന്ധിയാണ് ദേശാഭിമാനി ടി. കെ. മാധവന്‍റെ മകന് പേരിട്ടത്.
ആ കഥയിങ്ങനെ.
'കേകനദ' (കക്കിനട) സമ്മേളനത്തില്‍ അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്‍റെ അജണ്ടയിലേക്ക് കൊണ്ടുവരികയും മുഖ്യ കര്‍മ്മ പരിപാടിയായി തീരുമാനിക്കുകയും ചെയ്തു. അതിനുവേണ്ടി കഠിനമായ പരിശ്രമങ്ങള്‍, ടി. കെ. മാധവന് ചെയ്യേണ്ടിവന്നു. പൂര്‍ണ്ണ ശക്തിയോടെ അദ്ദേഹം തന്‍റെ അഭിപ്രായങ്ങള്‍ സമ്മേളന വേദിയില്‍ നിരത്തി. അതിനൊക്കെ പിന്തുണ നല്‍കിയത് അന്നത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായിരുന്ന മൗലാന മുഹമ്മദലിയായിരുന്നു. അതിനാല്‍ ടി. കെ. മാധവന് അദ്ദേഹത്തോട് അതിയായ സ്നേഹവും കടപ്പാടും ഉണ്ടായിരുന്നു.
ആയിടെ ജനിച്ച തന്‍റെ മകനെ അതുകൊണ്ടാണ് അദ്ദേഹം 'മുഹമ്മദലി' എന്നു വിളിച്ചത്. അക്കാലത്ത് മാധവന്‍ കോണ്‍ഗ്രസ്സ് അംഗം പോലുമായിരുന്നില്ല. പ്രസിഡന്‍റിന്‍റെ പ്രത്യേകാധികാരം ഉപയോഗിച്ച് വിഷയ നിര്‍ണ്ണയക്കമ്മിറ്റിയില്‍ മാധവന് 'അയിത്തോച്ചാടന നിശ്ചയം' അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ടി. കെ. മാധവന്‍റെ ജീവിതാഭിലാഷമായ അയിത്തോച്ചാടനം ഭാരതത്തിലെ ഒരു പ്രമുഖ രാഷ്ടീയ സംഘടനയുടെ പ്രവര്‍ത്തന പരിപാടിയില്‍ പ്രഥമസ്ഥാനം നല്‍കി, ഭാരതീയ രാഷ്ടീയ സാമൂഹിക ജീവിതത്തിന്‍റെ മുന്‍ഗണനയില്‍ എത്തിക്കുന്നതില്‍ കൂട്ടും തുണയുമായ മൗലാനയോടുളള കൃതജ്ഞതാ നിര്‍ഭരമായ മനസ്സില്‍, 'ഒരുപാട് ആലോചിച്ച് ഉദിച്ച ബോധമാണ് ടി. കെ. മാധവന്‍ ഏകപുത്രന് മുഹമ്മദലി എന്ന പേരു നല്‍കാന്‍ നിശ്ചയിച്ചത്.'
• ഗാന്ധിജി എഴുത്തിനിരുത്തുന്നു1103 കന്നിമാസം 26-ാം തീയതി ആലപ്പുഴയിലെ ഒരു ഗുജറാത്തിയുടെ വീട്ടില്‍ വിശ്രമിക്കുന്ന ഗാന്ധിജിയെ മാധവനും കുടുംബവും സന്ദര്‍ശിച്ചു. കേരള സന്ദര്‍ശവേളയില്‍ ഒരു ദിവസത്തെ വിശ്രമം. അവിടെവെച്ചാണ് ഗാന്ധി മാധവന്‍റെ മകനെ എഴുത്തിനിരുത്തിയത്.
അതേപ്പറ്റി മകന്‍റെ വിവരണം ഇങ്ങനെ:'ഒരു വലിയ വട്ടത്തലയിണയില്‍ ചാരി മുട്ടും മടക്കി ഗാന്ധിജി ഇരിക്കുകയാണ്, വെളള ഖദര്‍വേഷത്തില്‍. അമ്മ എന്നെ ഗാന്ധിജിയുടെ അടുത്തിരുത്തി. ഒരു വെളളിത്തളികയില്‍ അരി പരത്തി ഗാന്ധിജിയുടെ മുന്നില്‍ വെച്ചു.
അച്ഛന്‍ അതില്‍ ഓം എന്നെഴുതി.
ഗാന്ധിജി എന്‍റെ കയ്യില്‍ പിടിച്ച് ചൂണ്ടുവിരല്‍കൊണ്ട് അച്ഛന്‍ എഴുതിയ ഓം - ല്‍ക്കൂടി എഴുതിച്ചു.
അതു കഴിഞ്ഞപ്പോള്‍ ഞാന്‍, 'അച്ഛാ, എഴുതിത്താ' എന്നു പറഞ്ഞു. കൂട്ടച്ചിരി.
ഗാന്ധിജിയും ചിരിച്ചു. കാര്യം പറഞ്ഞു കൊടുത്തിരിക്കാം. അങ്ങനെ, 'ഹരി ശ്രീ ഗണപതയെ നമഃ' എന്ന് അച്ഛന്‍ എഴുതിയതില്‍ക്കൂടി ഗാന്ധിജി എന്നെ എഴുതിച്ചു. അങ്ങനെ എന്നെ എഴുത്തിനിരുത്തി.
ഗാന്ധിജി എനിക്കു ബാപ്പുവായി, ഗുരുവായി. പിന്നെ ബാപ്പുവിനെ കണ്ടിട്ടുളളപ്പോഴെല്ലാം - അച്ഛന്‍റെ മരണത്തിനു ശേഷമായിരുന്നു - ഞാന്‍ ബാപ്പുവിന്‍റെ പാദത്തില്‍ വെറ്റില, പാക്ക്, നാണയം വെച്ച് പാദം തൊട്ടുതൊഴും. ബാപ്പു എന്നെ പിടിച്ചെഴുന്നേല്പിച്ച് താടിയില്‍ പിടിച്ചുകുലുക്കി കൊച്ചു മാധവന്‍ എന്നു പറയും. അമ്മ കരയും.' ( ദേശാഭിമാനി ടി. കെ. മാധവന്‍ എന്‍റെ അച്ഛന്‍ / ഡോ. ബാബു വിജയനാഥ് / Nbs Kottayam)
• ഗാന്ധിജി നല്‍കിയ പേര്അങ്ങനെ മാധവന്‍റെ മകന്‍ കൊച്ചു 'മുഹമ്മദലിയെ' എഴുത്തിനിരുത്തിയ ശേഷം ഗാന്ധിജി അവനെ 'ബാബു' എന്നു സ്നേഹത്തോടെ വിളിച്ചു. തുടര്‍ന്ന് മാധവനോടായി കുട്ടിയുടെ പേരെന്ത് എന്നന്വേഷിച്ചു. എന്നാല്‍ ടി. കെ മാധവന്‍ ഒന്നും പറഞ്ഞില്ല.
'വേഗത്തില്‍ അമ്മ ബാപ്പുവിനോട് ബാപ്പു എന്നെ വിളിച്ചതുപോലെ ബാബുവിന് മഹാത്മജി ഒരു പേരിടാമോ
എന്ന് മലയാളത്തില്‍ ചോദിച്ചു.
എന്‍റെ വലിയ അക്കന്‍ ശാരദ അത് ഇംഗ്ലീഷില്‍ ഗാന്ധിജിയോടു പറഞ്ഞു.
ഗാന്ധിജി, വിജയനാഥ്, ബാബു വിജയനാഥ് എന്നു വിളിച്ചു. ആദ്യമായി എന്‍റെ താടിക്കു പിടിച്ചു കുലുക്കി. അച്ഛനെ നോക്കി. അച്ഛന്‍ ചിരിച്ചു. മനോഹരമായ ആ ചിരി.'
ശ്രീനാരായണ ഗുരുവിന്‍റെ അരുമശിഷ്യന്, തന്‍റെ കൃതജ്ഞത പ്രകടിപ്പിക്കാന്‍ ഒരു വിമതനാമം വേണ്ടെന്ന് ഗാന്ധിജി കരുതിയിട്ടുണ്ടാവാം.
No comments:
Post a Comment