Views:
മനുഷ്യ മന:സ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന വാർത്തകളാണ് അടുത്ത കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടത്തായിയിൽ, ഒരു സാധാരണ കർഷക കുടുംബത്തിലെ വീട്ടമ്മ തന്‍റെ രണ്ട് കുട്ടികൾക്ക് ജന്മം നൽകിയ ഭർത്താവ് ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളുടെ ഒരു സംഘത്തെത്തന്നെ പലപ്പോഴായി കൊല ചെയ്തു. ആറു പേരെ വധിച്ചെന്ന് അവർ തന്നെ സമ്മതിച്ചു. കൂടുതൽ വധങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നു.
മേൽപറഞ്ഞ കൊലക്കേസിലെ പ്രതിയുടെ രണ്ടാം ഭർത്താവ്, സ്വന്തം ഭാര്യയേയും, അവളിൽ തനിക്ക് ജനിച്ച കുഞ്ഞിനേയും കൊല ചെയ്യാൻ പ്രതിക്ക് കൂട്ടുനിൽക്കുന്നു. എന്നിട്ട് ആ പ്രതിയെത്തന്നെ വിവാഹം കഴിക്കുന്നു. അയാളുടെ പിതാവുമായും അരുതാത്ത ബന്ധം പ്രതിയ്ക്കുണ്ടെന്ന് സംശയിക്കപ്പെടുന്നു.
മറ്റൊരു സംഭവത്തിൽ, സ്വന്തം മാതാവ് രോഗബാധിതയായ പിഞ്ചുകുഞ്ഞ് ആഹാരം കഴിക്കാൻ വിമുഖത കാണിച്ചതിനെ തുടർന്ന് കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നു. കുഞ്ഞ് മരിക്കുന്നു.
മരണം രോഗം മൂലമോ, മർദ്ദനം മൂലമോ .......? അന്വേഷണം നടക്കുന്നു.
സ്വന്തം മാതാവിന്‍റെ മുന്നിൽ വച്ച് മകൻ അച്ഛനെ തൊഴിച്ച് താഴെയിട്ട്, ക്രൂരമായി മർദ്ദിക്കുകയും ചവിട്ടി അവശനാക്കുകയും ചെയ്യുന്നു.
ഇത്രയും സംഭവങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേരളം കണ്ട ക്രൂരതകളിൽ ചിലതു മാത്രം.
- "ദൈവത്തിന്‍റെ സ്വന്തം നാട് " എന്നറിയപ്പെടുന്ന കേരളവും, സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളീയരും എങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്?
- നമുക്ക് എന്തു പറ്റി?
- എന്താണ് നാം ഇത്തരത്തിൽ ആകാൻ കാരണം?
- ആരാണ് ഇതിനൊക്കെ ഉത്തരവാദികൾ?
ഇത്തരം ദുഷിച്ച പ്രവണതകൾ വളർന്നു വരുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഗൗരവമായി കാണേണ്ടതാണ്. ശാശ്വത പരിഹാരം അനിവാര്യമാണ്.
ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്‍റർനെറ്റ്, വാട്സ് ആപ്പ് മുതലായവ വ്യാപകമായി പ്രചാരത്തിൽ ആകാതിരുന്ന കാലത്ത്, നമ്മുടെ സംസ്ക്കാരവും, കുടുംബബന്ധങ്ങളും, സാമൂഹ്യ ബന്ധങ്ങളും ഇന്നത്തേതിനേക്കാൾ വ്യത്യസ്തമായിരുന്നു. മേൽ പറഞ്ഞ ആധുനിക സൗകര്യങ്ങൾ മാനവരാശിയുടെ പുരോഗതിക്കും വളർച്ചയ്ക്കും സഹായകമായ ഒട്ടനവധി സേവനങ്ങളും, സൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും, അവയുടെ ദുരുപയോഗം നമ്മുടെ സംസ്ക്കാരത്തിന്‍റെ മൂല്യച്ചുതിക്കും, യുവതലമുറയെ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും ആക്കി മാറ്റാനും വലിയൊരളവുവരെ സഹായിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ഇന്നത്തെ കാലത്ത് പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളിൽ പലതും, കൊള്ള, കൊലപാതകം, ക്വട്ടേഷൻ, കിഡ്നാപ്പിംഗ്, പെൺവാണിഭം, മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത് മുതലായവ പ്രമേയം ആക്കിയിട്ടുള്ളവയാണ്. എല്ലാ തെളിവുകളും നശിപ്പിച്ചു കൊണ്ട്, ഒരു കൊലപാതകം, അല്ലെങ്കിൽ കൊലപാതക പരമ്പര, മറ്റു കുറ്റകൃത്യങ്ങൾ എങ്ങനെ ആസൂത്രണം ചെയ്ത് നടപ്പാക്കാം, കൃത്രിമത്തെളിവുകൾ എങ്ങനെയൊക്കെ സൃഷ്ടിക്കാം എന്നൊക്കെ വളരെ വിശദമായും, ശാസ്ത്രീയമായും പ്രതിപാദിക്കുന്ന എത്രയോ സിനിമകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴത്തെ സിനിമകളിൽ ഒട്ടുമിക്കവയിലും അച്ഛൻ, അമ്മ, സഹോദരങ്ങൾ, കുടുംബ ബന്ധങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചെമ്മീനും, തുലാഭാരവും, കാട്ടുകുരങ്ങും, അരനാഴികനേരവും കണ്ടു വളർന്ന നമ്മുടെ കുട്ടികൾ ഇന്ന് കാണുന്ന സിനിമകൾ മുകളിൽ പറഞ്ഞ തരത്തിലുള്ളവയാണ്. അവരെ ഈ സിനിമകൾ ഏതു തരത്തിൽ സ്വാധീനിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
പണ്ട് നമുക്ക് ഒരു സിനിമ കാണണമെങ്കിൽ, ടിക്കറ്റിനുള്ള പണം ഒപ്പിച്ച്, വീട്ടുകാരിൽ നിന്നും അനുവാദം വാങ്ങി, തിയേറ്ററിൽ പോകണം. എന്നാൽ, ഇന്ന് ക്രിമിനൽ സ്വഭാവം വളർത്താൻ സഹായകമായ സിനിമകൾ ചാനലുകൾ മൽസരിച്ച് സംപ്രേക്ഷണം ചെയ്തു കൊണ്ടേയിരിക്കുന്നു. ടി വി യുടെ മുന്നിൽ ഇരുന്ന് അവ കണ്ട്, പഠിച്ച്, പ്രവർത്തിച്ചാൽ മാത്രം മതി.
ഇന്റർനെറ്റിൽ നിന്നും, ഫേസ് ബുക്കിൽ നിന്നും, വാട്സ് ആപ്പിൽ നിന്നും, ഒക്കെ ഇത്തരത്തിൽ ഉള്ള ധാരാളം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും മറ്റും നടപ്പാക്കുന്ന വിധം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ, പണച്ചെലവില്ലാതെ യുവതലമുറയ്ക്ക് ലഭിക്കുന്നു. വലിയൊരു വിഭാഗം യുവാക്കൾ കുറ്റവാളികൾ ആയി മാറുന്നത് ഇത്തരത്തിലാണ്.
പകൽ അവസാനിച്ച്, രാത്രിയുടെ ആരംഭം കുറിക്കുന്ന സന്ധ്യാസമയം, മനസ്സിലും ശരീരത്തിലും അന്തരീക്ഷത്തിലും ശുദ്ധിയും പോസിറ്റീവ് എനർജിയും നിറയേ്ക്കണ്ട വേളയാണ്. കുടുംബിനികൾ കുളിച്ച്, ശരീരശുദ്ധി വരുത്തി, മനസ്സ് ശാന്തമാക്കി വച്ച്, സന്ധ്യാദീപം തെളിച്ച്, നെറ്റിയിൽ പ്രസാദം അണിഞ്ഞ്, സന്ധ്യാനാമം ജപിക്കുക എന്ന സൽക്കർമ്മം ആയിരുന്നു നമ്മുടെയൊക്കെ കുട്ടിക്കാലത്ത് കുടുംബങ്ങളിൽ നാം കണ്ടിരുന്നത്.
- ഇനി വീട്ടമ്മമാരുടേയും, യുവതികളുടേയും കാര്യം നമുക്ക് പരിശോധിക്കാം.
അന്ന് കുടുംബങ്ങളിൽ ശാന്തിയും, സമാധാനവും, ഐശ്വര്യവും നിലനിന്നിരുന്നു.
ഇന്നോ? സന്ധ്യാസമയങ്ങളിൽ എല്ലാ TV ചാനലുകളിലും കണ്ണീർ സീരിയലുകളുടെ പ്രളയം. അവയിലെ ഇതിവൃത്തമോ?
അമ്മായി അമ്മയും മരുമകളും തമ്മിലുള്ള പോര്, രണ്ടാനമ്മ കുട്ടികളോടു കാണിക്കുന്ന ക്രൂരതകൾ, നാത്തൂൻ പോര്, പരസ്ത്രീ ഗമനം, കൊള്ള, കൊള്ളിവയ്പ്പ്, തെളിവു നശിപ്പിക്കൽ മുതലായവ. എട്ടും പത്തും വർഷം നീണ്ടു പോകുന്ന സീരിയലുകൾ.
ഇവ കാണുന്നത് ദിനചര്യയാക്കിയ യുവതികളും വീട്ടമ്മമാരും അവർ അറിയാതെ തന്നെ ഈ സീരിയലുകളിലെ കഥാപാത്രങ്ങൾ ആയി മാറിപ്പോകും. അവരുടെ ശരീരത്തിലും, മനസ്സിലും, മസ്തിഷ്ക്കത്തിലും ആ കഥാപാത്രങ്ങൾ സ്വാധീനം ചെലുത്തും. അങ്ങനെ അവർ ചെറുതും വലുതുമായ "ജോളി'' മാർ ആയിത്തീരുന്നതിൽ യാതൊരു അൽഭുതവും ഉണ്ടാകേണ്ടതില്ല. നമ്മുടെ കുടുംബങ്ങളിൽ ഇനിയും "ജോളി" മാർ അവതരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല.
അഴിമതി, സ്വജനപക്ഷപാതം, കോഴ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അധികാര മോഹം, ധനമോഹം, അധികാര ദുർവിനിയോഗം മുതലായവ അന്തസ്സിന്‍റെയും, അംഗീകാരത്തിന്‍റെയും, ഉന്നത വ്യക്തിത്വത്തിന്‍റെയും അടയാളങ്ങൾ ആയി കാണുന്ന ഒരു സമൂഹത്തിൽ ആണ് നാം ഇന്ന് ജീവിക്കുന്നത്. പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാമെന്ന ദുരവസ്ഥ.
- പൊതു സമൂഹത്തിന്‍റെ ഇന്നത്തെ സ്ഥിതിയും, മാനസികാവസ്ഥയും കൂടി ഒന്നു വിലയിരുത്താതെ വയ്യ.
"നാണംകെട്ടും പണം നേടിക്കൊണ്ടാൽ,നാണക്കേടാ പണം തീർത്തു കൊള്ളും"എന്ന മഹദ് വചനം ഇവിടെ യാഥാർത്ഥ്യമാകുന്നു.
മാറി മാറി അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികളും, അവരുടെ പോഷക സംഘടനകളും, യുവജന - വിദ്യാർത്ഥി സംഘടനകളും എന്തു പേക്കൂത്തു നടത്തിയാലും ഇവിടെ ചോദ്യം ചെയ്യാൻ കഴിയില്ല. മഹാരാജാസ് കോളേജിലും, യൂണിവേഴ്സിറ്റി കോളേജിലും മറ്റും നടന്ന സംഭവങ്ങൾ ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു.
ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടന നടത്തിയ ഒരു പ്രകടനം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയതു നാം കണ്ടു. വലിയ ഒരു സംഘം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ മാത്രം പങ്കെടുത്ത ആ പ്രകടനത്തിൽ വളരെ ആവേശത്തോടെ അവർ മുഴക്കിയ മുദ്രാവാക്യം കേട്ട് ഈയുള്ളവൻ ഞെട്ടിപ്പോയി.
"കയ്യും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാൽ, തലയും വെട്ടും."അമ്മിഞ്ഞപ്പാൽ മണം മാറാത്ത ആ കുഞ്ഞുവായകളിൽ നിന്ന് പുറത്തു വരുന്ന ആ മുദ്രാവാക്യങ്ങളിൽ മുഴങ്ങുന്ന ആവേശവും നിശ്ചയ ദാർഢ്യവും നാളെ ഉണ്ടാകാൻ പോകുന്ന കുറ്റവാളികളുടേതല്ലേ.....?
നമ്മുടെ രാഷ്ട്രീയ നേതാക്കൾ, MLA മാർ, MP മാർ, മന്ത്രിമാർ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മുതലായവരിൽ പലരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഴിമതിക്കാരായി മാറുന്നു.രാഷ്ട്രീയ മേഖലയിലും ഉദ്യോഗസ്ഥ തലങ്ങളിലും ഇങ്ങനെയൊക്കെ ഉണ്ടാകണം എന്നൊരു വിശ്വാസം പൊതുജനങ്ങളുടെ മനസ്സിലും രൂപപ്പെട്ടു കഴിഞ്ഞു.
- ചില സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻമാർ പോലും ഇതിൽ നിന്നും മുക്തരല്ല.
- കോഴ, കൈക്കൂലി, നികുതി വെട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദ്യം മുതലായവയുടെ ഉസ്താദുമാരായി ഇവർ വിലസുന്നു.
- നിയമവിരുദ്ധമായി പണിത കെട്ടിടങ്ങൾ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയ മേലാളൻമാർക്കും കോഴയും, സർക്കാരിലേക്ക് പിഴയും വാങ്ങിക്കൊണ്ട് 'ക്രമീകരിച്ച് ' നൽകുന്നു.
- സമീപ ഭാവിയിൽ അവ പൊളിച്ചു മാറ്റേണ്ടി വരുന്നു.
- പൊതുമരാമത്തു വകുപ്പ് പണിയുന്ന റോഡുകൾ ആദ്യ മഴയിൽ തന്നെ പൊളിയുന്നു.
- വകുപ്പു മന്ത്രിയും, ഉദ്യോഗസ്ഥരും, കോൺട്രാക്ടറും ജനത്തെ നോക്കി ചിരിക്കുന്നു.
- അഴിമതി അന്തസ്സിന്‍റെ ഭാഗമായി അംഗീകരിക്കപ്പെടുന്നു.
- ഇതൊക്കെ, ഇങ്ങനെയൊക്കെ ആണെങ്കിൽ മാത്രമേ നാം ജനാധിപത്യ സംവിധാനത്തിന്റെ വക്താക്കൾ ആകുകയുള്ളൂ എന്ന് പൊതുജനങ്ങൾ തെറ്റിദ്ധരിക്കുന്നു.
- പൊതുജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ച് എല്ലാറ്റിനും പരിഹാരം കാണുന്നു.
- ചുരുക്കം ചിലർ പിടിക്കപ്പെടുന്നു. അതൊക്കെ രാഷ്ട്രീയക്കളിയുടെ ഭാഗമായി മാത്രം.......!
- ഒരു പോറൽ പോലും ഏൽക്കാതെ കേസിൽ നിന്നും രക്ഷപ്പെടുന്നു.
- ഇതൊക്കെ സാർവത്രികമാകുന്നു.
ഇതു കൊണ്ടൊക്കെ ആണ് ശതകോടികൾ ചെലവിട്ടു പണിത ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കേണ്ടി വരുന്നത്. കോടികൾ ചെലവിട്ടു പണിത പാലങ്ങളും, മേൽപാലങ്ങളും, ഒന്നും രണ്ടും വർഷത്തിനുള്ളിൽ തകർന്നു വീഴുന്നത്.
അഴിമതിക്കേസുകളിലും, കൂട്ടക്കൊലക്കേസുകളിലും, അക്രമങ്ങളിലും എല്ലാം പ്രതികളാകുന്ന രാഷ്ട്രീയ വിഗ്രഹങ്ങളേയും, സാമൂ ഹ്യവിരുദ്ധരേയും, കൊടും ക്രിമിനലുകളേയും മറ്റും, ചാനലുകളും, പത്രമാധ്യമങ്ങളും, അമിത പ്രാധാന്യം നൽകി, താരപരിവേഷം ചാർത്തി അവതരിപ്പിച്ച്, ആഴ്ചകളോളം ആഘോഷമാക്കി, കൊണ്ടാടി അരുടെ റേറ്റിംഗും, പ്രചാരവും വർദ്ധിപ്പിക്കാൻ പരസ്പരം മൽസരിക്കുന്നു.അങ്ങനെ ക്രിമിനലുകൾ ഇന്ന് യുവതയുടെ നായകസങ്കൽപ്പമാകുന്നു, ആരാധനാപാത്രങ്ങൾ ആകുന്നു. കൊലക്കേസ് പ്രതികളും, ക്വട്ടേഷൻ - ഗുണ്ടാ തലവൻമാരും പെൺകുട്ടികളുടെ കാമുക പദവിയിൽ പ്രതിഷ്ഠിക്കപ്പെടുന്നു.
(ഭഗവാൻ ശ്രീ കൃഷ്ണനെ കാമുക സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് അംഗനമാരെ വർണ്ണിക്കുന്ന കാവ്യങ്ങൾ നമുക്ക് സുപരിചിതമാണല്ലോ, അതുപോലെ .......!?)
ക്വട്ടേഷൻ - ഗുണ്ടാത്തലവൻമാരുടെ വീരകഥകളിലും താരപരിവേഷത്തിലും ആകൃഷ്ടരായി, ആരാധന മൂത്ത്, എത്രയോ നല്ല കുടുംബങ്ങളിലെ പെൺകുട്ടികൾ അവരോടൊപ്പം ഒളിച്ചോടി, ജീവിതം നശിപ്പിച്ച കഥകൾ നാം കേട്ടിരിക്കുന്നു.......!
ഒരു മനുഷ്യന്‍റെ സ്വഭാവ രൂപവൽക്കരണത്തിന്‍റെ പ്രധാന കാലഘട്ടമായ കൗമാരപ്രായത്തിൽ ഇത്തരം വൈകൃതങ്ങൾ മനസ്സിനെ സ്വാധീനിച്ചാൽ ഉണ്ടാകാവുന്ന അപകടങ്ങൾ തന്നെയാണ് ഇന്ന് കേരള സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.സമൂഹത്തെ ആകെത്തന്നെ പ്രായഭേദമെന്യേ ക്രിമിനൽവൽക്കരിക്കുന്നതിൽ, കുറ്റവാളികൾ ആക്കി മാറ്റുന്നതിൽ, രാഷ്ട്രീയ നേതൃത്വങ്ങൾ മുതൽ പത്ര ദൃശ്യമാധ്യമങ്ങൾ വരെ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. അവർ സമൂഹത്തോട് ചെയ്യുന്ന ദ്രോഹം അവർ തന്നെ മനസ്സിലാക്കി, ആത്മവിമർശനബുദ്ധ്യാ വിലയിരുത്തി, തിരുത്തേണ്ടത് തിരുത്തുകയാണ് ആദ്യം വേണ്ടത്.
കുടുംബത്തെ കുറിച്ചും, സമൂഹത്തെ കുറിച്ചും നാം ഇന്ന് വച്ചുപുലർത്തുന്ന സങ്കൽപ്പങ്ങളുടെ ''അലകും, പിടിയും" മാറ്റാതെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ ദുരന്തത്തിന് അറുതി വരുത്താൻ കഴിയില്ല.
അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ജോളിയും, പാലാരിവട്ടം മേൽപ്പാലവും, മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളും മറ്റും നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഇവയൊക്കെ, ഒരു മാറ്റത്തിനുള്ള നാന്ദി കുറിക്കുവാൻ നിമിത്തങ്ങളാകട്ടെ എന്ന് നമുക്ക് ആശിക്കാം..........!
സ്റ്റോപ് പ്രസ്സ്:
പാലാരിവട്ടം മേൽപ്പാലത്തിനു പിന്നാലെ വൈറ്റില മേൽപാലത്തിനും പ്രശ്നം ആണെന്ന് അഭ്യൂഹം പരക്കുന്നു.
കുഴപ്പമൊന്നും ഇല്ല.
പണിതീർത്ത് വാഹനം ഓടിത്തുടങ്ങുമ്പോൾ മുകളിലൂടെ പോകുന്ന മെട്രോ റെയിൽ പാതയിൽ ഇടിക്കുമോ എന്ന് ഒരു സംശയം. പൊക്കം കണക്കുകൂട്ടിയതിൽ ശശി മേശിരിക്ക് വന്ന പിശകാ........!
"സാരമില്ല ഇപ്പ ശരിയാക്കിത്തരാം" എന്ന് സാറൻമാർ പറയുന്നു.
മെട്രോ റെയിൽ പാത പൊളിച്ചു പണിതാൽ മതിയത്രേ. അല്ലെങ്കിൽ വൈറ്റില മേൽപാലം പൊളിച്ചിട്ട് മറ്റൊന്നുകൂടി പണിയാം എന്ന്..........!!
ഫ്ലാറ്റ് പൊളിക്കുന്ന കൂട്ടത്തിൽ ഇതു കൂടി അങ്ങു പൊളിച്ചാൽ മതിയല്ലോ.
ഖജനാവിൽ പണമുണ്ടല്ലോ.........?
No comments:
Post a Comment