Views:
'മഹാത്മാ ഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ സർസംഘ് ചാലക് ഡോ മോഹൻ ഭഗവത്തിന്‍റെ വാക്കുകൾ 'മാതൃഭൂമി' ഗാന്ധി ജയന്തി ദിനത്തിൽ പ്രസിദ്ധീകരിച്ചു. അതിൽ അസാധാരണമായി ഒന്നുമില്ല. കാരണം ഗാന്ധിയൻ സമരരീതികളോടും ഗാന്ധിയൻ ശരികളോടും ആദരപൂർവ്വം വിയോജിക്കുമ്പോൾ തന്നെ തന്‍റെ ശരികളെ പിന്തുടരുന്നതിൽ ഗാന്ധിജി പുലർത്തിയ പ്രതിബദ്ധതയും വ്യക്തിപരമായ സത്യസന്ധതയും നിർഭയത്വവും സമാജത്തിലെല്ലാരെയും മാനിച്ച് മനസ്സോടടുപ്പിച്ച് സമരപാതയിൽ കൂടെ കൂട്ടുന്നതിന് കാണിച്ച സംഘടനാശേഷിയുടെ മെയ് വഴക്കവും കണ്ടു പഠിക്കേണ്ടതാണെന്ന് പണ്ടേ കണ്ടെത്തിയിട്ടുണ്ട് രാഷ്ട്രീയ സ്വയം സേവക സംഘം. മഹാത്മജിയെ മാതൃകാപുരുഷനായി സ്വയം സേവകർക്ക് വിശേഷിച്ചും സമാജത്തിനു പൊതുവെയും കാട്ടിക്കൊടുക്കുന്നതിന് സംഘം എന്നും ശ്രദ്ധിച്ചിട്ടുമുണ്ട്.
ഗാന്ധി മാതൃകയാകുമ്പോൾ തന്നെ ഗാന്ധിയൻ മാതൃകയുടെ പോരായ്മകൾ തിരിച്ചറിഞ്ഞു തിരുത്തി ധർമ്മത്തിനു വേണ്ടിയുള്ള സമര പോരാട്ടങ്ങളുടെയും സമാജപരിഷ്കരണത്തിന്‍റെ പടയോട്ടത്തിന്‍റെയും ദിശയും ഗതിയും വേഗതയും കാലം ആവശ്യപ്പെടുന്ന തലത്തിലെത്തിക്കുവാൻ ഒരു മടിയും വേണ്ടതില്ലെന്നതാണ് സത്യം. രാഷ്ട്രീയത്തിൽ ആത്മീയത കലർത്തുവാൻ തയ്യാറായ ഗാന്ധിയൻ ദർശനം വേറിട്ട ഒരു വഴിയാണ് മുന്നോട്ടു വെച്ചത്. അതിന്‍റെ പ്രയോഗ സാദ്ധ്യതകൾ പഠിച്ച് സമാജത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും ലോകത്തിന്‍റെ തന്നെയും സമഗ്രവും നിലനിൽക്കുന്നതുമായ വളർച്ചയ്ക്ക് വഴി ഒരുക്കണം. അങ്ങനെ സാധിക്കണമെങ്കിൽ ആ ദർശനത്തിലെ 'നെല്ലും പതിരും' തിരിച്ചറിഞ്ഞു തന്നെ വേണം വരുംവിതകൾക്ക് വിത്ത് തയ്യാറാക്കുവാനെന്നും സംഘം തിരിച്ചറിഞ്ഞൂ.
ആ ദർശനങ്ങൾ പ്രയോഗവത്കരിച്ച വേളകളിൽ തങ്ങളുടേത് മാത്രമാണ് ശരിയെന്ന ധാർഷ്ട്യത്തോടെ ഭാരതത്തെ കടന്നാക്രമിച്ച് കാൽക്കീഴിൽ ഞെരിച്ചമർത്തിയവരേ നിലയ്ക്ക് നിർത്തേണ്ടിടത്തു നിർത്താതെ അവരോട് പരിധിയില്ലാത്ത വിട്ടു വീഴ്ചകൾക്കു തയാറാകേണ്ടി വന്നതും അളവിനപ്പുറം പ്രീണനങ്ങളുടെ ശൃംഖല തീർത്തതും ചരിത്രപരമായ മണ്ടത്തരങ്ങൾക്ക് വഴി വെച്ചു. ആ അനുഭവങ്ങളെ പൊറൂക്കുന്നത് ഒരു പക്ഷെ പുതിയ തുടക്കങ്ങൾക്ക് പ്രയോജനപ്പെട്ടേക്കാം. പക്ഷേ മറക്കരുത്; മറന്നാൽ ഭാരതം പുതിയ കാൽക്കീഴിലേക്ക്, പുതിയകാല അടിമത്വത്തിലേക്ക് നടന്നടുക്കുന്നത് കാണേണ്ടി വരും.
സംഘം, സംഘത്തിനു സ്വീകാര്യമായ രീതിയിൽ മഹാത്മജിയെന്ന, ഭാരതം ലോകത്തിനു നൽകിയ ഉദാത്തമായ വ്യക്തിത്വത്തെ തേച്ചു മിനുക്കി മാനവസമൂഹത്തിന്‍റെ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുവാൻ ഉത്സാഹിക്കുന്നു. അതോടൊപ്പം തന്നെ അഖണ്ഡഭാരതം എന്ന ഗാന്ധിജി നൽകിയ ഉറപ്പ് തകർത്തു തരിപ്പണമാക്കിയതിന്, ഗാന്ധിയൻ മാതൃക പ്രയോഗവത്കരിച്ചപ്പോളുണ്ടായ പരാജയങ്ങള്‍ വഹിച്ചു പങ്കും ചർച്ച ചെയ്യുക ഉണ്ടായിട്ടുണ്ടെന്ന് മാത്രം.
- അന്ധന്മാർ ആനയെ കണ്ടത് പോലെ ഗാന്ധിജിയെ കണ്ടിരുന്നവരുടെ കൂട്ടങ്ങളാണ് ഡോ മോഹൻ ഭഗവത്തിന്‍റെ വാക്കുകളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്നത്.
- ഗാന്ധിജിയെ തിരിച്ചറിയാതെ, ഖദറണിഞ്ഞ്, ഗാന്ധിത്തോപ്പി ധരിച്ച് തങ്ങളുടെ വികൃതമുഖം മറച്ചുവെച്ചവർ ഒരു നിരയിൽ.
- മോഹൻദാസ് കരം ചന്ദ് ഗാന്ധിയാണോ 'ഗാന്ധി' എന്ന പേര് അടിച്ച് മാറ്റി സ്വന്തമാക്കിയ പുതുകാല ഗാന്ധിമാരാണോ തങ്ങളുടെ തലതൊട്ടപ്പന്മാരെന്നറിയാത്തവരുമുണ്ട് ആ ആൾക്കൂട്ടത്തിൽ.
- ഗാന്ധിജിയെ വർഗശത്രുക്കളുടെ ആയുധമായി വിലയിരുത്തി 'ഗാന്ധിയെന്താക്കി? ഇൻഡ്യയെ മാന്തിപ്പുണ്ണാക്കി.' എന്ന മുദ്രാവാക്യം അക്ഷരാഭ്യാസം പോലുമില്ലാത്ത അണികളെക്കൊണ്ട് ഏറ്റു വിളിപ്പിച്ചൂ കമ്യൂണിസ്റ്റുകളാണാണ് മറ്റൊരു നിരയിൽ.
- മതപരമായി തങ്ങളോടൊപ്പം നിൽക്കാത്തവരെയും മൂർത്തിപൂജയിൽ വിശ്വസിക്കുന്നവരെയും കാണുന്നിടത്തിട്ട് കൊല്ലുന്നതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഊറ്റം കൊള്ളൂന്നവരും ഗാന്ധിജിയുടെ മതേതരത്വത്തിന്‍റെ പേരും പറഞ്ഞ് മറ്റൊരു നിര തീർത്തിട്ടുണ്ട്.
- മതപരിവർത്തനത്തിനു ഇംഗ്ലീഷുകാർ ഒരുക്കി നൽകിയ ഇടങ്ങൾ വേണ്ടും വിധം ഉപയോഗിച്ചവരും, തങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രക്ഷയ്ക്കെത്തിയവരുടെ തകർച്ച മോഹിച്ച്, മറ്റൊരു നിരയും തീർത്തിട്ടുണ്ട്.
കടന്നാക്രമണത്തിന്‍റെ കൗരവപ്പടയോടൊരു വെല്ലുവിളി.അവരില്‍ എല്ലാ കൂട്ടരും അക്കമിട്ട് നിരത്തട്ടെ,
- അവരും അവരുടെ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രയോഗരീതികളും ഗാന്ധിജിയോടൊപ്പം എത്രമാത്രം സഞ്ചരിച്ചുയെന്ന്?
- ഗാന്ധിജിയിൽ നിന്ന് എന്തൊക്കെ സ്വീകരിച്ചൂയെന്ന്?
ചർച്ച ഗോഡ്സേയിലേക്കൊതുക്കുന്നവർ ബോധപൂർവ്വം മറച്ചു വെക്കുന്നു വസ്തുതകൾ പലതുണ്ട്.
- ക്രൂരവും ഹീനവുമായ ആ പ്രവർത്തി ചെയ്യുമ്പോൾ ഗോഡ്സേ സംഘത്തിന് തീവ്രവാദികളുടെ സ്വഭാവം ഇല്ലായെന്ന കാരണം പറഞ്ഞ് സംഘത്തെ എതിർത്ത് പുറത്തു പോയിട്ട് ഒരു ദശാബ്ദത്തിലധികം കഴിഞ്ഞൂയെന്നതാണതിലൊന്ന് .
- നെഹ്രുവും ഇന്ദിരയും മാറി മാറി നിയോഗിച്ച അന്വേഷണ സംവിധാനങ്ങൾ കഴിയുന്നത്ര ശ്രമിച്ചിട്ടും രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ആ സംഭവവുമായി എന്തെങ്കിലും ബന്ധമുള്ളതായി നീതിന്യായവ്യവസ്ഥയെ ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന പ്രസക്തമായ വസ്തുതയാണ് മറ്റൊന്ന്,
കശ്മീരിൽ കല്ലെറിയുന്നവരെയും കൊന്നു തള്ളൽ തൊഴിലാക്കിയെടുത്തവരെയും ചൈനയുടെ താത്പര്യം സംരക്ഷിക്കാൻ വേണ്ടി ഭാരതത്തില്‍ തീവ്രവാദത്തിന്‍റെ സമരമുറയും കൊലപാതകങ്ങളുടെ പരമ്പരയും നടത്തുന്നവരെയും കുറിച്ച് ചർച്ച ചെയ്യുമ്പോഴൊക്കെ ഇന്നാട്ടിലെ ബുദ്ധിജീവികളെന്ന് അവകാശപ്പെടുത്തുന്നവർ ഉയർത്തുന്ന ഒരു ആവശ്യമുണ്ട്. അവർ അത്തരം പ്രവർത്തികളിലേക്ക് തുനിഞ്ഞിറങ്ങിയതിനടയാക്കിയ സാഹചര്യങ്ങൾ പഠിച്ച് അവരോട് സംവദിച്ച് പരിഹാരം തേടണമെന്ന്.
- എന്താ ഈ ഒരു പരിഗണന ഗാന്ധിയുടെ ഘാതകരായി മാറിയ ഒറ്റപ്പെട്ട വ്യക്തികളുടെ കൂട്ടായ്മയ്ക്കും കൊടുത്തുകൂടെ?
- 1916 ൽ കൂടുതൽ ശക്തി പ്രാപിച്ച മുസ്ലീം പ്രീണനത്തിന്‍റെയും ഹിന്ദു പാർശ്വവത്കരണത്തിന്‍റെയും രാഷ്ട്രീയം വരുത്തിവെച്ചു വിനകൾ ഒന്നു പഠിച്ചു നോക്കിക്കൂടേ?
- മലബാറിലെ മാപ്പിള ലഹള, സ്വാമി ശ്രദ്ധാനന്ദയുടെ കൊലപാതകം, സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പ് നടന്ന ഡയറക്ട് ആക്ഷൻ, വിഭജനവേളയിൽ നടന്ന നരനായാട്ട്, അവയിലൊക്കെ ഉറ്റവരും ഉടയവരും പിടഞ്ഞു വീഴുന്നതു കണ്ട ഒരു ജനസമൂഹത്തിനും മജ്ജയും മാംസവും മാനുഷിക വികാരങ്ങളും ഉള്ളവരായിരുന്നൂയെന്ന് കരുതാൻ തയ്യാറാകാതെയിരുന്നവർ ഇടയാക്കിയ പ്രകോപനം ഏതാനും ക്രൂരമനസ്സുകളെ അരുതാത്തത് ചെയ്യുന്നതിലേക്ക് നയിച്ചതാണോയെന്ന് ഒരിക്കലെങ്കിലും പഠിച്ചു നോക്കിക്കൂടേ?
- വിഭജനത്തിന്‍റെ മുറിവേറ്റവർ ദില്ലിയിലുൾപ്പടെ കൊടും ശൈത്യത്തിൽ കാലാവസ്ഥയോടും വിധിയോടും ഉള്ള ഏറ്റുമുട്ടലിൽ തറയിലേക്കു വീണുകൊണ്ടിരിക്കുന്നതു കണ്ടാലും ആരും പ്രതികരിക്കയില്ലെന്ന് കണക്കുകൂട്ടിവെച്ചിരുന്നവരുടെ കുറ്റകരമായ അനാസ്ഥ ആ ക്രൂരകൃത്യത്തിനിടയാക്കുന്ന സാഹചര്യം വരുത്തി തീർത്തുവോയെന്ന് പഠിക്കാനീ 'ബുദ്ധിജീവികൾക്ക്' സമയമിനിയും ആയില്ലേ?.
പുതിയ കാലത്തെ ഒട്ടുമിക്കവാറും അനുഭവങ്ങൾക്കും സമാനമായ സംഭവങ്ങൾ മഹാഭാരതത്തിലും കാണാൻ കഴിയും.ആ ഇതിഹാസത്തിലെ ഏറ്റവും ധർമ്മിഷ്ടനും ശ്രേഷ്ടനുമായ വ്യക്തിയായിരുന്നു, ധർമ്മപുത്രർ. അദ്ദേഹം തന്നെയാണ് ദുര്യോധനന്‍റെ പ്രതിനിധിയായിരുന്ന ശകുനിയോട് ചൂതുകളിച്ച് തോറ്റ് രാജ്യത്തെയും സഹോദരങ്ങളെയും സഹധർമ്മിണിയെയും പണയം വെച്ചതും പാഞ്ചാലിയുടെ ഉടുതുണിയിൽ കടന്നുപിടിക്കുന്നതിന് ദുശ്ശാസനന് അവസരം നൽകിയതും. ആ നീചപ്രവർത്തി കുരുസഭയിലരങ്ങേറുമ്പോൾ കണ്ടു നിൽക്കാൻ വിധിക്കപ്പെട്ട ഭീമൻ തങ്ങൾക്ക് ഈ ഗതി വരുത്തിവെച്ചു യുധിഷ്ഠരനേ കാലുവാരി നിലത്തടിച്ചിട്ട് ദുര്യോധനപക്ഷത്തേ കടന്നാക്രമിച്ച് പാഞ്ചാലിയേയും സഹോദരന്മാരെയും മോചിപ്പിച്ചിരുന്നെങ്കിലും ഇന്നത്തെ സമൂഹം ഭീമനെ കുറ്റം പറയില്ലായിരുന്നു. മറിച്ച് വീരപരിവേഷം നൽകി ആരാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് ജേഷ്ടനോട് ഭീമനുള്ള ഇളകാത്ത ബഹുമാനം കൊണ്ടാകാം. പക്ഷേ അതിലുമപ്പുറം ശ്രീകൃഷ്ണനും ധർമ്മവും തങ്ങൾക്കൊപ്പമായതുകൊണ്ട് എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കുന്നതിനു വഴിയുണ്ടാകുമെന്ന ഉത്തമബോദ്ധ്യമായിരിക്കണം ഭീമന്‍റെ സംയമനത്തിനു കാരണം.
ദ്വാപരയുഗത്തിലെ യുധിഷ്ഠിരന്‍റെ സ്ഥാനത്തു തന്നെയാണ് ഈ യുഗം കണ്ട മഹാത്മജിയും. തനിക്ക് ധർമ്മമെന്ന് ബോദ്ധ്യമായതിനോടുള്ള പ്രതിബദ്ധത. സത്യത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുതറയിൽ കാലുറപ്പിച്ചു നിൽക്കുന്ന കർമ്മയോഗിയുടെ ധീരത. പക്ഷേ രാഷ്ട്രീയ ചൂതുകളിയിൽ തോറ്റതോടെ തന്നോടൊപ്പമുള്ളവരെ നിസ്സഹായരായി വിധിയുടെ ക്രൂരതയ്ക്ക് എറിഞ്ഞു കൊടുത്തത് അദ്ദേഹത്തിന്‍ സത്യാന്വേഷണപരീക്ഷണങ്ങളുടെ പണിശാലയിൽ തന്നെ സ്ഫോടനത്തിന് ഇട വരുത്തി. അതിൽ പ്രകോപിതരായ ഗോഡ്സെയ്ക്കും കൂട്ടർക്കും ഭീമന്‍റെയോ അർജ്ജുനന്‍റെയോ നകുലന്‍റെയോ സഹദേവന്‍റെയോ ധർമ്മ ബോധം ഇല്ലായിരുന്നു. ദ്വാപുരയുഗത്തിലെ കൃഷ്ണനു പകരം പുതിയ കാലം കണ്ടെത്തിയ രാഷ്ട്രീയ സ്വയം സേവക സംഘം എന്ന മഹാപ്രസ്ഥാനത്തിന്‍റെ സ്വാധീനത്തിൽ നിന്നും പുറത്തേക്ക് പോയ ഗോഡ്സയേ ഉപദേശിച്ച് നേർവഴിക്കു കൊണ്ടു വരുവാൻ മറ്റാരും ഇല്ലാതെയും വന്നതാണ് പൊറുക്കാനാവാത്ത തെറ്റിലേക്ക് എടുത്തു ചാടുന്നതിന് ഇടവരുത്തിയത്. ചുരുക്കത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘവുമായുള്ള ബന്ധം ഇല്ലാതെ ആയിടത്തു നിന്നാണ് യഥാർത്ഥത്തിൽ ഗോഡ്സെയിലെ ഘാതകന്‍ യാത്ര തുടങ്ങിയത്. അങ്ങനെ സത്യം അന്വേഷിച്ചു കണ്ടെത്തിക്കഴിയുമ്പോൾ സംഘവിരോധികളുടെ ഗീബൽസിയൻ നുണകൾ പൊതുസമൂഹം ചവറ്റുകുട്ടയിലെറിയും.
മഹാനായ വ്യക്തിയെന്ന നിലയിൽ ഗാന്ധിജിയുടെ മാതൃക ലോകത്തിന് വഴികാട്ടിയായി എടുത്തുകാണിക്കുമ്പോൾ തന്നെ ഗാന്ധിയൻ ലോകവീക്ഷണങ്ങളെയും ഗാന്ധിയൻ ദർശന മാതൃകകളെയും പോരായ്മകൾ തിരുത്തി പുനരാവിഷ്കരിച്ച് ലോകഹിതാർത്ഥം മുന്നോട്ടു വെക്കുന്നതിന് ഡോ മോഹൻ ഭഗവത്തിനോ രാഷ്ട്രീയ സ്വയം സേവക സംഘത്തിനോ ഉള്ള അവകാശം ചോദ്യം ചെയ്യുവാൻ ആർക്കും തന്നെ അധികാരം സ്വയം ചാർത്തിയെടുക്കാനാകില്ല.
ഒരു പക്ഷേ പ്രകടമായി എന്നും ഗാന്ധിജിയെ എതിർത്തവരും അദ്ദേഹത്തിന്റെ പേരുപോലും അടിച്ചുമാറ്റിയവരും ചേർന്ന് മഹാത്മജിയെ മാനവരാശിക്ക് അന്യനാക്കാൻ നടത്തുന്ന കുത്സിത നീക്കവുമാകാം ഇത്.അതുകൊണ്ട് ഗാന്ധിക്ക് ചുറ്റും വേലികെട്ടുവാൻ വരുന്നവരെ പിടിച്ചുകെട്ടണം.
1 comment:
ഗാന്ധി ഇന്ത്യയെ സ്വപ്നം കണ്ടു. ആ സ്വപ്നം സാക്ഷാൽകൃതമാകുന്നതിനും മുമ്പദ്ദേഹത്തിന്, ഒരു ചെകുത്താന്റെ വെടിയേറ്റ് പിടഞ്ഞു വീഴേണ്ടിയും വന്നു. അത് ചരിത്രമാണ്. ഗാന്ധി ഇന്ത്യൻ രാഷ്ട്രപിതാവായി. ഗാന്ധി ഘാതകനായ ചെകുത്താൻ വാഴ്ത്തപ്പെട്ടു. സ്വയം സേവകരാൽ. ഗാന്ധിയ്ക്കു പകരം ആ ചെകുത്താനെ വാഴിക്കണമെന്നു പോലും ചിന്താധാരയുമുണ്ടായി. നാനാത്വത്തിൽ ഏകത്വം ഉൾക്കൊണ്ട ജനത പക്ഷേ അതിനനുവാദം കൊടുത്തില്ല. ഗോഡ്സേയെ ചേർത്തു പിടിച്ചവരെന്താ ഇപ്പോൾ ഗോഡ്സെയെ അന്യനാക്കുന്നു. ഗാന്ധിയോടു ചേർന്നു നിൽക്കാൻ നോക്കുന്നു. ഇന്ത്യ സ്വയംസേവകന്റേതു മാത്രമല്ല. ഹൈന്ദവന്റേതു മാത്രവുമല്ല. നാനാത്വങ്ങളുടേതാണ്, ദേശാഭിമാനികളുടേതാണ്. പക്ഷേ അത് മനുഷ്യ പക്ഷത്തിന്റേതാണ്. സമാധാനപക്ഷത്തിന്റേതാണ്. ഗാന്ധിയെ കൂടെ നിർത്താൻ ഇത്ര വാശി കാണിക്കണമെങ്കിൽ അതിൽ സ്വയംസേവകർക്ക് മറ്റൊരു അജണ്ട കാണുമെന്നത് തീർച്ച. അത്തരം ഒളി അജണ്ടകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ വേദിയിൽ ആഗ്രഹിക്കുന്നില്ല. കാരണം ഇത് ഒരു ഹൈന്ദവ പക്ഷ മുഖപത്രമാണെന്നു കരുതുന്നില്ല, അല്ലെങ്കിൽ ഒരു സ്വയം സേവക പക്ഷത്തിന്റേതാണെന്നും കരുതുന്നില്ല. പക്ഷങ്ങളിൽ പക്ഷപാതമില്ലാതായാൽ നന്ന്. ഗോഡ്സേസേയെ ഏതെങ്കിലും വിധത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും പരോഷമായെങ്കിലും ഗാന്ധിയെയും ഒപ്പം ഭാരതത്തിന്റെ ആത്മാഭിമാനത്തിനേയും തന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് ഓർക്കണം. രാഷ്ട്രീയ വടംവലിയിൽ തോറ്റു പോയവനായിരുന്നില്ല ഗാന്ധി. തങ്കത്തളികയിൽ തനിയ്ക്ക് വച്ചുനീട്ടിയവ ത്യജിച്ച ത്യാഗി തന്നെയായിരുന്നു ഗാന്ധി. അല്ലാതെ വായടച്ച് പ്രതികരണ ശേഷിയില്ലാതിരുന്ന ധർമ്മപുത്രനല്ലായിരുന്നു. അങ്ങനെയുള്ള ധർമ്മപുത്രനെ കൊല്ലാൻ ഭീമനു തോന്നിയില്ല. ഇനി തോന്നിയിരുന്നെങ്കിലും ആ ഭീമനോട് തോന്നുമായിരുന്ന അനുകൂല ഭാവം ഗോഡ്സേസേയോട് തോന്നുകയുമില്ല. അങ്ങനെ ആവുകയുമരുതല്ലോ.
Post a Comment