Jagan :: ഇവൻ ഈ ബില്ലുമായി എങ്ങും പരാതിപ്പെടാൻ പോകരുത്!

Views:

പ്രതിദിനചിന്തകൾ
ഇവൻ ഈ ബില്ലുമായി എങ്ങും പരാതിപ്പെടാൻ പോകരുത്!

സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സേവനങ്ങൾക്കും മറ്റും നൽകുന്ന ബിൽ ഗുണമേൻമയും നിലവാരവും ഉള്ള പേപ്പറിൽ പ്രിൻറ് ചെയ്യണമെന്നും, പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന മഷിയുടെ ഗുണമേൻമയും നിലവാരവും ഉറപ്പാക്കണമെന്നും ഉള്ള തീർപ്പു കൽപ്പിക്കൽ സ്വാഗതാർഹമാണ്.

ബില്ലിലെ വിവരങ്ങൾ പെട്ടെന്ന് മാഞ്ഞു പോകുമെന്നും, പേപ്പർ ദ്രവിച്ചു പോകുമെന്നും, ബിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ലെന്നും, ഉപഭോക്താവിന് ഭാവിയിൽ എന്തെങ്കിലും പരാതി ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ, ബില്ലിന്റെ ഗുണമേന്മക്കുറവ് മൂലം ബന്ധപ്പെട്ട ഫോറങ്ങളിൽ പരാതിയോടൊപ്പം ഹാജരാക്കാൻ കഴിയില്ലെന്നുമുള്ള ഒരു ഉപഭോക്താവിന്റെ പരാതിയിൻമേൽ ആണ് ഈ തീർപ്പ്.

ഉപഭോക്താക്കൾക്ക് ഇനി ആശ്വസിക്കാം. ഇനി മുതൽ സർക്കാർ / സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾക്ക് ഗുണമേന്മയോ നിലവാരമോ ഇല്ലെങ്കിലും, പ്രസ്തുത സേവനത്തിനു നൽകുന്ന ബില്ലിന് എങ്കിലും ഇവരണ്ടും ഉറപ്പായും ഉണ്ടാകുമല്ലോ..........?

മേന്മയേറിയ കടലാസിൽ ഉയർന്ന ഗുണനിലവാരം ഉള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബിൽ കയ്യിൽ കിട്ടുമ്പോൾ തന്നെ സേവനത്തിന്റെ ഗുണമേന്മയും നിലവാരവും വാനോളം ഉയരും. ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കപ്പെടും.

ഉദാഹരണത്തിന് നമ്മുടെ വൈദ്യുതി ബില്ലിന്റെ കാര്യം തന്നെ നോക്കുക. മുൻപ് നല്ല വലിയ പേപ്പറിൽ, ഓഫ് സെറ്റ് പ്രസ്സിൽ,  നല്ല മഷി ഉപയോഗിച്ച് അച്ചടിച്ച ബിൽ ആയിരുന്നു തന്നു കൊണ്ടിരുന്നത്. തലമുറകളോളം ഈ ബിൽ സൂക്ഷിച്ചു വയ്ക്കാമായിരുന്നു. എന്നാൽ അടുത്ത കാലത്തായി ബസ് ടിക്കറ്റിനോളം മാത്രം വലിപ്പമുള്ള ഒരു വാറോലയിൽ ആണ് ബിൽ പ്രിന്റ് ചെയ്തു തരുന്നത്. പേപ്പറിന്റെ ഗുണനിലവാരമോ?  ഉള്ളിത്തൊലിയേക്കാൾ കഷ്ടം. ഉപയോഗിക്കുന്ന മഷിക്ക് പച്ചവെള്ളത്തേക്കാൾ നിറക്കുറവ്. ബിൽ തരാൻ വരുന്ന മാന്യദേഹം വീടിന്റെ ഗേറ്റ് കടന്ന് പോകുന്നതോടെ ബില്ലിലെ അക്ഷരങ്ങളും അക്കങ്ങളും ഒക്കെ മാഞ്ഞു പോകും. ബിൽ തുക ഒടുക്കാൻ ഈ വെള്ള പേപ്പർ കഷണം ഇലക്‌ട്രിസിറ്റി ഓഫീസിലെ കൗണ്ടറിൽ കൊടുക്കുമ്പോൾ അവിടെ ഡ്യൂട്ടിയിൽ ഉള്ളവർക്ക് ബിൽതുക അറിയാൻ കമ്പ്യൂട്ടറിനെ ആശ്രയിക്കാം. പക്ഷെ, പാവം ഉപഭോക്താവിന്റെ കാര്യം സ്വാഹ .........!!

'ഇവൻ ഈ ബില്ലുമായി എങ്ങും പരാതിപ്പെടാൻ പോകരുത്' എന്ന ഒറ്റ ഉദ്ദേശത്തോടെ തന്നെ പ്രിന്റ് ചെയ്ത ബിൽ ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

ഒരു കണക്കിന്  KSEB ചെയ്യുന്നിതിലും ന്യായമുണ്ട്. ഗുണമേൻമയും നിലവാരവും ഇല്ലാത്ത സേവനത്തിന് എന്തിനാ ഗുണമേൻമ ഉള്ള ബിൽ.........?

വൈദ്യുതി വിതരണം കുറ്റമറ്റ രീതിയിൽ നടക്കുന്നില്ല. മിക്കപ്പോഴും വൈദ്യുതി തന്നെ ഇല്ല. ഉള്ള വൈദ്യുതിക്ക തീ വില.

കറണ്ടില്ല എന്ന് പരാതിപ്പെടാൻ സെക്ഷൻ ആഫീസിൽ വിളിച്ചാൽ ആരും ഫോൺ എടുക്കില്ല.

വലിയ വലിയ മുതലാളിമാരുടെയും, സർക്കാർ സ്ഥാപനങ്ങളുടേയും ബിൽ കുടിശിക പിരിക്കാൻ വകുപ്പില്ല. എന്നാൽ, പാവപ്പെട്ട സാധാരണക്കാരന്റെ ബിൽ തുക അടയ്ക്കാൻ ഒരു ദിവസം വൈകിയാൽ അവന്റെ ഫ്യൂസ് ഊരും.

മുന്നു മാസത്തെ ശരാശരി ബിൽ തുക ഡെപ്പോസിറ്റ് ആയി ബോർഡിന്റെ പക്കൽ ഉള്ളതിനാൽ ബിൽ ഒടുക്കാൻ ഒരു ദിവസം വൈകിയെന്ന കാരണത്താൽ ബോർഡിന് നഷ്ടം ഒന്നും തന്നെ ഉണ്ടാകില്ല എന്നത് സൗകര്യപൂർവം മറക്കും.

നിയമപ്രകാരം മുൻകൂർ നോട്ടീസ് നൽകിയതിനു ശേഷം മാത്രമേ വൈദ്യുതി ബന്ധം വിഛേദിക്കാൻ പാടുള്ളൂ എന്ന കാര്യവും മറക്കും. സേവനത്തിന്റെ  'ഗുണമേന്മ ' ഉറപ്പാക്കാൻ ഫ്യുസ് ഊരും.

ഇനി, നമ്മുടെ കറണ്ട് മന്ത്രിയോട് നേരിട്ടു തന്നെ ഇതിനെയൊക്കെ കുറിച്ച് ഗുണമേൻമയുള്ള ഒരു പരാതി പറഞ്ഞെന്നിരിക്കട്ടെ. ആ വായ തുറന്നാൽ ഗുണമേൻമയും നിലവാരവും ഉള്ള ഒരു വാക്കു പോലും മറുപടിയായി ലഭിക്കുകയുമില്ലെന്ന് ഉറപ്പ്.

അതു കൊണ്ടായിരിക്കാം ഗുണമേന്മയും നിലവാരവുമില്ലാത്ത ഇത്തരം സേവനങ്ങൾക്ക നൽകുന്ന ബില്ലിനും ഇത്രയൊക്കെ ഗുണമേന്മയും നിലവാരവും മതി എന്ന് KSEB തീരുമാനിച്ചത്.

അപ്പോൾ പറഞ്ഞു വന്നത്, സേവനങ്ങൾക്ക് നൽകുന്ന ബിൽ പ്രിൻറു ചെയ്യുന്ന പേപ്പറിനും മഷിക്കും മാത്രം ഗുണമേൻമയും നിലവാരവും ഉറപ്പാക്കിയാൽ പോര. സർക്കാർ - സർക്കാർ ഇതര സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്കുകൂടി ഗുണമേൻമയും നിലവാരവും ഉറപ്പാക്കാനുള്ള നടപടി സമക്ഷത്തു ദയവുണ്ടായിസ്വീകരിക്കണമെന്ന് സംസ്ഥാനത്തെ ഉപഭോക്താക്കളുടെ പ്രതിനിധി എന്ന പേരിൽ ഈയുള്ളവൻ അപേക്ഷിച്ചു കൊള്ളുന്നു.

സ്റ്റോപ്പ് പ്രസ്സ് :  വൈദ്യുതി ബിൽ, KSEB യുടെ സേവനം ഇവ ഉദാഹരണങ്ങൾ മാത്രം. എല്ലാ വകുപ്പുകളുടേയും സേവനം തഥൈവ............!!




No comments: