Views:
ഒന്നാം ക്ലാസിലെ വാർഷിക പരീക്ഷ. ഞങ്ങൾ കുട്ടികളെല്ലാം ക്ലാസിൽ ഹാജർ.
പരീക്ഷ നടത്താൻ സാറ് വന്നു.എല്ലാരുടേയും പേടി സ്വപ്നമായ സെയിനി സാർ! സൈനുലാഹ്ബുദ്ദീൻ എന്നാണ് സാറിന്റെ യഥാർത്ഥ പേരെന്ന് അക്ഷരപ്പൊട്ടത്തരം മാറി ഇത്തിരി സമ്പന്നമാരായതിന് ശേഷം തിരിച്ചറിഞ്ഞു അതിനൊപ്പം നാവും വഴങ്ങി. എല്ലാരും സെയിനി സാർ എന്നാണ് വിളിച്ചു പോന്നത് പിൻമുറക്കാരായ ഞങ്ങളും അതേറ്റ് വിളിച്ചു.
പരീക്ഷ ആരംഭിച്ചു.കേട്ടെഴുത്ത് പരീക്ഷ. സാറ് പറയുന്നു. ഞങ്ങൾ എഴുതുന്നു. കല്ല് സ്ലേറ്റും കല്ല് പെൻസിലുമാണ് എഴുത്ത് ഉപകരണങ്ങൾ. സ്ലേറ്റുകളിൽ ചിലത് കാലം ചെന്നവയാണ്. തുപ്പലും വിയർപ്പും മൂക്കളയും വിയർപ്പും പൊടിയുമൊക്കെ ബന്ധുക്കളായി നാണം കെടുത്തുന്നത്, തടിച്ചീൾ സംരക്ഷണ ഭിത്തി കടിച്ച് പറിച്ച് നഗ്നമാക്കിയത്, തറയിൽ വീണതിനാൽ ചിലന്തിവലപോലെയായത്, വീഴ്ചയുടെ കഠിനതയിൽ പകുതിയായത്, പകുതി പിന്നെയും ഭാഗിച്ച് കാൽ ആയത്... അങ്ങനെ നീളുന്നു.
പരീക്ഷയെ മുൻനിർത്തി വീട്ടുകാർ സമ്മാനിച്ച പുതുപുത്തൻസ്ലേറ്റുകാരും കൂട്ടത്തിലുണ്ട്. തറ, പറ, പന എന്നൊക്കെ അതികഠിനമായ വാക്കുകൾ സാർ പറഞ്ഞു. കേട്ടത് എഴുതി. സാറിന്റെ കണ്ണ് വെട്ടിച്ച് ചിലർ അടുത്ത സ്ലേറ്റിൽ നിന്ന് കണ്ടെഴുതി.
പരീക്ഷ കഴിഞ്ഞു.ഇനി മൂല്യനിർണയമാണ്. ക്ലാസിലെ മിടുക്കന്മാരേയും മിടുക്കികളേയും സാറിനറിയാം. അതുപോലെ കുരുത്തക്കേടിന്റെ ആശാന്മാരേയും ആശാട്ടിമാരേയും അക്ഷരദാരിദ്ര്യം നേരിടുന്നവരെയും. മുൻവിധിയനുസരിച്ച് ഓരോരുത്തർക്കും സാർ മാർക്കിട്ടു.
സിമി, ദീപക്, ഷിജു തുടങ്ങിയവരാണ് ക്ലാസിലെ ചുണക്കുട്ടികൾ. ഇവർക്കൊക്കെ 50 / 50 കിട്ടി. അവർ ലഡ്ഡു വിതരണം നടത്തിയില്ലെന്നേ ഉള്ളൂ.. അന്നെവിടെ ലഡ്ഡു. ഉണ്ടെങ്കിൽത്തന്നെ പൈസ കുട്ടികൾ കൈകാര്യം ചെയ്യുന്ന ഏർപ്പാടുമില്ലല്ലോ. എന്തു തന്നെയായാലും അവരുടെ ആഹ്ലാദം അങ്ങ് മാനംമുട്ടെ ഉയർന്നു.മുഖം നോക്കി മാർക്കാണ് അടുത്തത്. എഴുതിയതൊന്നും സാറ് നോക്കുന്നില്ല. ഒറ്റമായ്ക്കൽ എന്നിട്ട് ചോക്ക് കൊണ്ട് വടിവൊത്ത രീതിയിൽ മാർക്കിടീൽ. പൂജ്യത്തിൽ സംപൂജ്യരായ സഹമുറിയന്മാരും മുറിച്ചികളും നേരത്തേകരുതിവച്ചിരുന്ന ചോക്ക് സാറ് കാണാതെ എടുത്ത് വീട്ടുകാരുടെ തല്ലൊഴിവാക്കുന്ന രീതിയിൽ സ്വയം മാർക്കിട്ടു.
എല്ലാം ശരിയായെഴുതിയ എനിക്ക് സാർ അന്ന് 50 ന് 38 മാർക്കാണ് തന്നത്.മുഖം നോക്കി. അന്ന് ഞാൻ എത്ര നല്ലവനായിരുന്നെന്നോ! എന്നിട്ടും എന്തേ അങ്ങനെ വന്നു? അറിയില്ല. എന്റെ അളിയൻ സാബു 50/50 മാർക്ക് മേടിച്ചു. ഭാഗ്യം കൊണ്ടാണ്. പക്ഷേ അർഹതയില്ലെങ്കിലും തനിക്ക് കൈവന്നത് മഹാഭാഗ്യമെന്ന് കരുതി ദൈവത്തിനോട് നന്ദി പറയാതെ അവൻ കിട്ടിയ അവസരം എന്നെ അപമാനിക്കാൻ വിനിയോഗിച്ചു. അതും ഒരു പെണ്ണിനോട് ഉറക്കെ വിളിച്ചു പറഞ്ഞ്
"എടേ സിമീ എനിക്ക് അൻപതടേ. ഇല്ല ചെറുക്കന് മുപ്പത്തി എട്ടടേ..." എന്ന്.
അവളോടാണ് പറഞ്ഞതെങ്കിലും അത് ദിക്ക് നാലും തകർത്ത് മുഴങ്ങുന്ന ഉഗ്രശബ്ദത്തിലായി എല്ലാരും കേട്ടു .വീട്ടിൽ നിന്ന് പരീക്ഷയെഴുതാൻ ഞാനും അളിയനും ഒരുമിച്ചാണ് പള്ളിക്കൂടത്തിലേക്ക് നടന്നുവന്നത്. കരിപ്പോട്ടി അണ്ണന്റെ കടയിൽ നിന്ന് ഗ്യാസ് മുട്ടായിയും ഞാൻ വാങ്ങിക്കൊടുത്തിരുന്നു. എന്നിട്ടും അവൻ എല്ലാർക്ക് മുന്നിലും എന്നെ നാണം കെടുത്തി.
വീട്ടിലേക്കുള്ള മടക്കയാത്രയിലും അവൻ അവന്റെ വിജയം വിളിച്ചു പറയുന്നതോടൊപ്പം എന്റെ മാർക്കും ഉറക്കെപറയുന്നുണ്ടായിരുന്നു. അളിയൻ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാൽ നിത്യവും ഞാനവനെ ഓർക്കാറുണ്ട്. കുട്ടിത്ത പ്രായത്തിലെ കുസൃതിയിൽ എന്നെ കരയിച്ചതിനല്ല, അവൻ എന്നും എനിക്ക് പ്രിയപ്പെട്ടവനാണ് എന്നതിനാൽ .
സിമി ഇന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥയാണ്. മികച്ച ഒരു ചിത്രകലാകാരൻ കൂടിയായ ഹരിയാണ് ഭർത്താവ്. അവളുടെ മകനും പ0നത്തിൽ അവളെപ്പോലെ തന്നെ.
No comments:
Post a Comment