Anu P Nair :: 'കഥ'യിലെ 5 കഥകൾ

Views:


ആഗസ്റ്റ് ലക്കം കഥ മാസിക കാത്തിരുപ്പിനൊടുവിൽ കൈയ്യിൽ കിട്ടി .

വർക്കലയിലെ കടകളിൽ ഇതെത്തുമ്പോൾ മാസത്തിന്റെ പകുതി കഴിഞ്ഞിരിക്കും. നാലഞ്ച് തവണ കടയിൽ അന്വേഷിക്കണം . ഇപ്പോൾ എന്നെ കാണുമ്പോഴെ കടക്കാരൻ ഉണ്ട്/ ഇല്ല എന്ന് പറയും .
കഥക്കു വേണ്ടിയല്ലേ . കാത്തിരിക്കാം . നല്ല കഥകൾ ഇത്തവണയും ഉണ്ട് .

ചന്ദ്രമതി ടീച്ചറുടെ 'ചണ്ടക്കോഴി'.
പോരിന് ഉതകുന്ന രീതിയിൽ വളർത്തിയെടുത്ത് കൊലയ്ക്ക് കൊടുക്കുന്ന അസീൽ കോഴികൾ എന്ന ചണ്ടക്കോഴികളുടെ ജീവിതവുമായി  സമകാലിക സംഭവങ്ങളെ ടീച്ചർ യോജിപ്പിക്കുന്നു . ക്യാംപസ് രാഷ്ട്രീയത്തിന്റെ ദുരന്തങ്ങളിലേക്ക്  ടീച്ചർ ലെൻസ് വയ്ക്കുന്നു. യുദ്ധവീര്യം പകർത്തുന്ന പ്രത്യയശാസ്ത്രങ്ങളെ പുതിയതലമുറ കരുതലോടെ സമീപിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ഈ കഥ. സമകാലികത എക്കാലത്തും ഈ കഥയ്ക്ക് ഉണ്ടാവും

ചുണ്ടൻ മാണി Vs സ കൊ പൊമാ . ഇടപ്പോൺ അജികുമാറിന്റെ  കഥ.
ഇലക്ഷൻ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് . വൻ പരാജയങ്ങളും കുതിച്ചു കയറ്റങ്ങളുമെല്ലാം  ജനാധിപത്യം അനുവദിക്കുന്നതാണ് . പക്ഷേ പാർട്ടികൾ  പ്രത്യയശാസ്ത്രങ്ങളെ യെല്ലാം മറന്ന് ഒന്നാകും എന്ന് ചിന്തിക്കാൻ വയ്യ . കഥയിൽ എഴുതിയതു പോലെ 'ഒരു കൂരയിൽ' കെട്ടേണ്ടതല്ല രണ്ട് വിരുദ്ധ ആശയങ്ങൾ . ഒരാൾ മാത്രമേ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നുള്ളുവെങ്കിലും ആ പാർട്ടിയും നില നില്ക്കേണ്ടതുണ്ട് . അരാഷ്ട്രീയമായ ഒരു രാഷ്ട്രീയ കഥ എന്ന് ഈ കഥയെ പറയേണ്ടി വരും .
ഒറ്റയാളിന്റെ ദൈവം - അനൂപ് ശശികുമാർ
ഫിലോസഫിക്കൽ രചനയാണ് ഈ കഥ . ഒറ്റ വായനയിൽ ഒരു പക്ഷേ ശരിക്കുൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല . ദൈവവും കാലവുമെല്ലാം  ഇവിടെ കടന്നു വരുന്നു . 'ഉടലിലും മനസ്സിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ജനിതക സ്മരണകൾ' ദൈവങ്ങളെ തേടി പോകാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു .
കാർഡിനൽ - അനീഷ് ഫ്രാൻസിസ്
നല്ലൊരു കഥ പറച്ചിലുകാരനാണ് അനീഷ് ഫ്രാൻസിസ് . 'അനീഷ് ഫ്രാൻസിസ് കഥകൾ' എന്ന FB പേജിലുള്ള അദ്ദേഹത്തിന്റെ കഥകൾ പ്രമേയപരമായും ഭാഷാപരമായും വൈവിധ്യമുള്ളവയാണ് . കാർഡിനൽ എന്ന ഈ കഥയും നമ്മെ നിരാശരാക്കില്ല . സമയ യന്ത്രവും ഭാവിയും ഭൂതവുമെല്ലാം എത്ര മനോഹരമായി കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു . ഭാവിയെ തിരുത്തുവാൻ കഴിയുന്ന ഒരു കാലം പ്രവചിക്കുക കൂടി ചെയ്യുന്നു ഈ കഥ
ചോര മണക്കുന്ന കാളക്കൊമ്പുകൾ - ഷെഫീർ പി എ
ഈ കഥ പലതുകൊണ്ടും വ്യത്യസ്തമാണ് . ഒന്നാമതായി കഥ നടക്കുന്നത് അങ്ങ് സ്പെയിനിലാണ് . കാളപ്പോരിന്റെ നാട്ടിലാണ്. 'ഓക്കു മരങ്ങൾ അതിരിട്ടു നിന്ന തെരുവിൽ ആളുകൾക്കിടയിലൂടെ നടന്ന അൾവാരോയുടെ മനസ് അസ്വസ്ഥതയുടെ ആഴങ്ങളിൽ മുങ്ങാം കുഴിയിട്ടു' എന്ന തുടക്കം തന്നെ ആകർഷകം. ഈ കഥ വായിച്ചപ്പോൾ ഞാൻ ആലോചിച്ചത് ഇത്തരമൊരു രചനയ്ക്ക് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ചാണ് . നല്ല വായനയ്ക്കും ഗവേഷണത്തിനും ശേഷമാണ് ഓരോ വരിയും പിറന്നിരിക്കുന്നത് . വർക്കല മലയാള സാംസ്കാരിക വേദി നടത്തിയ കാക്കനാടൻ കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കഥയാണിത്.
തത്ക്കാലം നിർത്തുന്നു . ബാക്കി കഥകളുടെ വായന അടുത്ത കുറിപ്പിൽ




No comments: