Views:
Image Credit :: https://www.pixoto.com/images-photography/landscapes/travel/periyar-river-kerala-india-93050805
മനുഷൃരെയെന്നപോലെ തന്നെ, സ്ഥലങ്ങളെ തിരിച്ചറിയാനും പേരുകള്‍ ഉപകാരപ്രദമായി വരുന്നു. ഓരോ സ്ഥലങ്ങളുടെയും പേരുകള്‍ ശ്രദ്ധിച്ചു പഠിച്ചാല്‍ ആ പ്രദേശത്തിന്റെ പ്രത്യേകതകളും ഭൂതകാല ചരിത്രവുമൊക്കെ നമുക്ക് തെളിഞ്ഞു കിട്ടും.
'കൊല്ല' എന്നതിന് എക്കല്‍ നിറഞ്ഞ (വളക്കൂറുളള മണ്ണ്) എന്നര്‍ത്ഥമുണ്ട്.
കൊല്ലക, കൊടുംകൊല്ലയൂര്, കൊല്ലം എന്നിവയെല്ലാം കടല്‍ത്തീരത്തോ നദീതീരത്തോ ഉളള സ്ഥലങ്ങളാണ്. നദീതടങ്ങള്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലാണെന്ന് നമുക്കറിയാം. കൃഷിചെയ്യുന്നിടത്ത് സ്ഥിരവാസമുറപ്പിച്ചു തുടങ്ങിയ പ്രാക്തനമനുഷ്യന് ഒരു സെറ്റില്‍മെന്റിന്റെ ആരംഭം കുറിച്ചമണ്ണിനെ കുറിക്കുന്ന ശബ്ദമാണ് കൊല്ല എന്നു വരുന്നു. സഹ്യപര്‍വ്വതത്തിന്റെ പാദംവരെ ഒരുകാലത്ത് കടലായിരുന്നല്ലോ.ആ കടല്‍ പടിഞ്ഞാറേക്കു മാറി കരതെളിഞ്ഞു വരുന്നത് ഈ സ്ഥലപ്പേരിലൂടെ അറിയാം. കടല്‍ മാറുന്തോറും ഈ പേരുകള്‍ ഉളള സ്ഥലനാമങ്ങള്‍ പടിഞ്ഞാറേക്കും നീങ്ങിത്തുടങ്ങി. അതിനര്‍ത്ഥം, നൂറ്റാണ്ടുകള്‍ക്കിടയില്‍ മലമടക്കുകളില്‍ നിന്ന് ജീവിതങ്ങള്‍ താഴേക്കുതാഴേക്ക് ഇറങ്ങാനുതകും വിധം കടല്‍ പിന്വാങ്ങുന്നുണ്ടായിരുന്നുവെന്നാണ്. ചെങ്ങന്നൂരിനടുത്തുനിന്ന് തീരപ്രദേശത്തേക്ക് ഏതാണ്ട് നേര്‍രേഖയില്‍ വരുന്ന കൊല്ലകടവ്, കൊല്ലക, കൊല്ലകല്‍ എന്നീ സ്ഥലങ്ങള്‍ ഇതിന്റെ സൂചനയാണ് തരുന്നത്.
പന്തലായനി കൊല്ലം (കോഴിക്കോട്) കൊടുംകൊല്ലയൂര് (കൊടുങ്ങല്ലൂര്‍ / എറണാകുളം), കൊല്ലകടവ് (ചെങ്ങന്നൂര്‍ / ആലപ്പുഴ), കൊല്ലക (1. തട്ടാരമ്പലം, 2. മുതുകുളം / ആലപ്പുഴ), കൊല്ലക (കരുനാഗപ്പളളി തെക്ക് കന്നേറ്റി), കൊല്യ (കാസര്‍കോട് / മധുര് പഞ്ചായത്ത്), കൊല്ല (ആനാട് പഞ്ചായത്ത് /തിരുവനന്തപുരം), കൊല്ലം കടവ് (നെടുമങ്ങാട് / തിരുവനന്തപുരം), കൊല്ലംപറമ്പ് ( തണ്ണീര്‍മുക്കം / ആലപ്പുഴ) എന്നിവ ഉദാഹരണം.
വലിയ വയലിന്റെ വരമ്പുകള്‍ പൊട്ടി (മട) വെളളം ഒഴുകി വീഴുന്നതിനും കൊല്ലയെന്നു പറയും. പഴയ കൃഷിയിടങ്ങളായിരുന്നു ഈ പേരുളള സ്ഥങ്ങള്‍ എന്ന് ഉറപ്പാക്കുന്നതാണ് പ്രസ്തുത അര്‍ത്ഥ സൂചനയും.
ഇങ്ങനെ കേരളത്തിന്റെ തെക്കുവടക്ക് ഇതേ പോലെ 'കൊല്ല' ചേര്‍ന്നു വരുന്ന ധാരാളം സ്ഥലപ്പേരുകള്‍ കാണാം. അവിടങ്ങളിലെല്ലാം ചെറുതോ വലുതോ ആയ ഒരു ദേവീ ക്ഷേത്രവും ഉറപ്പായും കാണാവുന്നതാണ്.
പ്രാക്തന മനുഷ്യര്‍, തങ്ങള്‍ക്ക് കൊറ്റിനു (അന്നത്തിന്) വകതന്ന ഭഗവതിയെ അന്നപൂര്ണ്ണയായോ ശാകംബരിയായോ കൊറ്റവെയായോ ആരാധിച്ചിരുന്നതിന്റെ തിരുശേഷിപ്പുകളാണീ ദൈവത്തറകള്‍. അവയില്‍ പലതും പില്ക്കാലത്ത് ക്ഷേത്രങ്ങളായി വളര്‍ന്നുവന്നു.
ഒരുകാലത്ത് സഹ്യപര്‍വ്വതത്തിന്റെ താഴെവരെയുണ്ടായിരുന്ന കടല്‍ പിന്‍വാങ്ങിയതിന്റെ നേരടയാളങ്ങളായി നിത്യവ്യവഹാരത്തില്‍ ഉറച്ചുപോയ സ്ഥലനാമമാണ് 'കൊല്ല' എന്നത്. അവിടേക്ക് ഇറങ്ങിവന്ന് താമസമാക്കിയവരാണ് പ്രദേശങ്ങളെ തിരിച്ചറിയാനുതകുവിധം സ്ഥലത്തിന് പേരു നല്കിയിട്ടുണ്ടാവുക. അക്കാലത്തെ പല പ്രയോഗങ്ങളും ഇന്ന് നിലവിലുണ്ടാവാത്തത് സ്ഥലപ്പേരിലെ പൊരുള്‍ തിരയുന്നവര്‍ക്ക് ചില്ലറപ്രയാസങ്ങള് ഉണ്ടാക്കാറുണ്ട്. സ്ഥലനാമ വിശ്ലഷണത്തിലൂടെ പ്രദേശങ്ങളുടെ ചരിത്രം മനസ്സിലാക്കാന്‍ ഇന്ന് രീതിശാസ്ത്രമുണ്ട്.
Toponymy എന്ന പഠനശാഖ ഇതിനായുളളതാണ്.
1 comment:
Good Post and Very Informative for Current/upcoming generations.
Post a Comment