Views:
കാലം വല്ലാതെ മാറി - മാറ്റി.
ഇന്ന് ദീപാവലി: ദീപാവലിക്ക് മധുരപലഹാരങ്ങൾ, ഓണത്തിന്ന് (തിരുവേണത്തിനല്ലാതെ) സദ്യ, വിഷുവിന് കൈനീട്ടം - ഇതാക്കെ റോസിലിയുടെ വീട്ടിലും, പാത്തുതാത്തയുടെ വീട്ടിലും, പാടത്തെ പണിക്ക് വരണ ശങ്കരന്റെ വീട്ടിലും എത്തിക്കാറുണ്ട്. തിരിച്ച് അവരുടെ പെരുന്നാളിന് അച്ചപ്പം, കുഴലപ്പം, വട്ടേപ്പം തുടങ്ങിയവ റോസിലിയുടെ വീട്ടിൽ നിന്നും, ബിരിയാണി, പഴം നിറച്ചത്, തുടങ്ങി പലതരം മലബാറി വിഭവങ്ങൾ താത്തയുടെ വീട്ടിൽ നിന്നും, ആദ്യ കൊയ്ത്ത് കഴിഞ്ഞാൽ നാടൻ അവല്, അവലോസുണ്ട എന്നിവ ശങ്കരന്റെ വീട്ടിൽ നിന്നും എത്താറുണ്ട്. അതിന്റെ ഒന്നും രുചി നാവിൽ നിന്ന് പോയിട്ടില്ല.
ഇന്ന് റോസിലിയുടെ മക്കളും മരുമക്കളും ഞങ്ങളുടെ വീട്ടിലെ ഒന്നും കഴിക്കില്ല. ചെകുത്താൻ ബാധിക്കുമത്രേ! അവർ സത്യകൃസ്ത്യാനികളായിരിക്കുന്നു. താത്ത മരിച്ചു പോയി - മക്കൾക്ക് ഞങ്ങളോട് മിണ്ടാൻ തന്നെ താല്പര്യമില്ല. സ്കൂൾ വിട്ടു വരുമ്പോൾ മുളപ്പടിയിൽ കയ്യും കുത്തി, മേക്കാതിൽ മുഴുവൻ അലുക്കുള്ള കമ്മലിട്ട, മുട്ടുവരെ കയ്യുള്ള ജമ്പറിട്ട, അത്തറിന്റെ മണമുള്ള താത്തയെ കാണാൻ - അവരിന്നില്ല എന്നറിഞ്ഞിട്ടും - വീടിനോളം തന്നെ പൊക്കമുള്ള ഗേയ്റ്റിലേക്ക് നോക്കാറുണ്ട്.
വല്ലപ്പോഴും അതിലൂടെ പുറത്ത് വരുന്നത് റസിയയാണോ നാദിറയാണോ എന്നറിയില്ല. അടിമുടി കറുപ്പ് ധരിച്ച് കണ്ണിന് മാത്രം ഇടം കൊടുത്തു കൊണ്ടുള്ള രൂപം.
ഇനി ശങ്കരന്റെ മകൻ ഗോപാലൻ - അവന്റെ അച്ഛനപ്പൂപ്പന്മാരെ നരകിപ്പിച്ച ശത്രുക്കളാണ് ഞങ്ങൾ. സവർണ ദുഷ്പ്രഭുക്കൾ!
അന്നൊക്കെ റോസിലിയുടെ കൂടെ പള്ളിയിലും പോയിട്ടുണ്ട്, താത്തയുടെ അടുക്കളയിൽ നിന്ന് പോത്തിറച്ചിയും കഴിച്ചിട്ടുണ്ട്. അന്നൊന്നും ഒരാകാശവും ഇടിഞ്ഞു വീണിട്ടില്ല.
ഇപ്പോൾ എന്ത് പറ്റി - എവിടെയാണ് പിഴച്ചത്. എനിക്കൊന്നും മറക്കാൻ കഴിയുന്നില്ല. അതു കൊണ്ട് - ഇന്ന് താത്തയുടെ തേങ്ങാ മണ്ട ഉണ്ടാക്കി ഒറ്റക്കിരുന്ന് ദീപാവലി ആഘോഷിക്കുകയാണ്.
No comments:
Post a Comment