Views:
പ്രതിദിനചിന്തകൾ
മനുഷ്യശരീരത്തിൽ വൃക്കകൾ സ്ഥിതി ചെയ്യുന്നത് ഹൃദയത്തിൽ...
Image Credit :: https://pixabay.com/illustrations/trump-president-usa-flag-star-2042378/
മനുഷ്യ ശരീരത്തിന് പിറകിലായി, നട്ടെല്ലിന് ഇരുവശത്തുമായി, സ്ഥിതി ചെയ്യുന്ന പയർമണിയുടെ ആകൃതിയിലുള്ള ആന്തരിക അവയവമാണ് വൃക്കകൾ എന്ന പണ്ട് പ്രൈമറി സ്കൂളിലെ പാഠപുസ്തകത്തിൽ നാം പഠിച്ചതൊക്കെ പഴയ കഥ. പല ഡോക്ടർമാരും ഇത്തരത്തിലുള്ള മണ്ടത്തരമാണ് ഇപ്പോഴും പറയുന്നത്. കാലത്തിനനുസരിച്ച് മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട അറിവുകൾ 'അപ് ഡേറ്റ്' ചെയ്യാൻ ഡോക്ടർമാർ തയ്യാറാകണം. ഡാർവിൻ പരിണാമ സിദ്ധാന്തം എഴുതി വച്ചിരിക്കുന്നത് വെറുതെയൊന്നും അല്ലല്ലോ ?
അല്ലെങ്കിൽതന്നെ ചില സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ വിദ്യാർത്ഥികൾ ഒരു ശവശരീരം പോലും നേരിട്ടു കാണാതെ ആണല്ലോ അനാട്ടമി പഠിക്കുന്നത്? അതിനാൽ ഡോക്ടർമാർ പഠിച്ചുവച്ചിരിക്കുന്നത് എല്ലാം ശരിയാകണമെന്നില്ല.
ഇവിടെ പുതിയ അറിവ് പകർന്നു തന്നിരിക്കുന്നത് ചില്ലറ കക്ഷിയൊന്നും അല്ല. ലോകരാഷ്ട്രങ്ങളെ തന്നെ നിയന്ത്രിക്കുന്ന, ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് ആണ്. അദ്ദേഹം പറയുമ്പോൾ അത് തള്ളികളയാൻ പറ്റില്ല. സത്യമല്ലെങ്കിൽ ഇദ്ദേഹത്തെ പോലുള്ളവർ ഇത്ര പ്രധാനപ്പെട്ട വസ്തുതകൾ ലോകത്തോട് വിളിച്ച് പറയില്ലല്ലോ. 'ആളുവില, കല്ലുവില' എന്നാണല്ലോ പ്രമാണം. തന്നെയുമല്ല, ഇന്ത്യാക്കാരുടെ ശരീരം പോലെ തന്നെ ആയിരിക്കണമെന്നില്ലല്ലോ അമേരിക്കക്കാരുടെ ശരീരം ? പിന്നെ വൃക്കയുടെ സ്ഥാനം ഹൃദയത്തിൽ അല്ലെന്ന് പറയാൻ ഈയുള്ളവനോ നിങ്ങളോ ഇതൊന്നും നേരിട്ട് കണ്ടു ബോധ്യപ്പെട്ടിട്ടൊന്നും ഇല്ലല്ലോ ?
ബോക്സിങ് ചാമ്പ്യൻ മുഹമ്മദലി കേരളീയൻ ആണെന്നും, കണ്ണൂരിൽ തന്റെ അയൽവാസി ആയിരുന്നു എന്നും ചിറ്റപ്പൻ മന്ത്രി അന്ന് പറഞ്ഞിട്ട് വിശ്വസിക്കാത്തവരാ നമ്മൾ മലയാളികൾ.... ! അന്ന് അദ്ദേഹത്തെ നാം കളിയാക്കി. പുതിയ പുതിയ അറിവുകൾ അംഗീകരിക്കാനും അപ്‌ഡേറ്റെഡ് ആകാനും നാം ഇനിയും തയ്യാറല്ല. എന്താ ചെയ്ക........... !!?
വാൽ കഷണം :
ഇതൊക്കെ ശരിയായിരിക്കുമോ ?
ആ........... ആർക്കറിയാം........ !?
No comments:
Post a Comment