Views:
മഴ പെയ്തു മലപെയ്തു ദുരിതം വിതയ്ക്കുന്നൊ-
രഴിമതി പ്രളയത്തിനിടയിൽ,
തിരയുന്നതെന്തു നീ, അടയാളമോ കളവിന്നവസാന
പിരിവിന്നുമിരുളാഴമോ...!
തിരയുന്നതെന്തു നീ,യിരുളാഴമോ കളവിന്നവസാന
പിരിവിന്നുമടയാളമോ...?
കുടിയേറി കുരിശുമായ് കാടും കിടാങ്ങളും
പിടയുന്ന മുടിയും മുടിച്ചൊടുക്കി
വടിവൊത്ത മാനവും മര്യാദയും തകർ-
ന്നുടൽ വെന്തു നീറുന്നൊരടയാളമോ...
തിരിമറി കൃഷിയാണ് തോറ്റമ്പിയോനുണ്ടു
ചിരിമുഖം, മന്ത്രിക്കു തുല്യമത്രേ.
പരിവാരമോഫീസുകാറുമുണ്ടെംപിമാർ
ഇരുപതു പേർക്കുമിന്നടയാളമോ...
തെരുവിലെ ബാലകർ രാവുന്ന കത്തികൾ
ഇരുതല വാളെന്ന ഭീതിയോടെ,
ഇരുളിന്റെ മറ പറ്റി മുങ്ങുന്ന മുതലാളി
പൊരുതാതെ പൊഴിയുന്നൊരടയാളമോ...
കദനം കനക്കുന്ന ക്യാമ്പിലും ചോപ്പിന്റെ
വദനം പിണച്ചിരിക്കീശ നിട്ടും
മദമേറി ബക്കറ്റ്, ബ്ലാക്കും വെളുപ്പിച്ചു
ഹൃദയത്തിലേറ്റുന്നൊരടയാളമോ
അരുമയ്ക്കു സ്നേഹത്തലോടലായെന്നിനി
വരുമച്ഛനെന്നമ്മ കാത്തിരിക്കെ,
ഇരുമുടിയേന്തിക്കറുപ്പുടുത്തയ്യനെ
ശരണം വിളിക്കുന്നൊരടയാളമോ...
കവിയുന്നൊരുൾക്കരുത്തൂർജം കൊളുത്തുന്ന
കവിതയിൽ വാക്കിന്റെ വർണ്ണമായി
സടകുടഞ്ഞുണരുമീ നാടിന്റെ നന്മ ത-
ന്നടയാളമുണ്ടാകുമോർമ്മവേണം...
--- രജി ചന്ദ്രശേഖര്‍
No comments:
Post a Comment