Views:
ഒറ്റമരക്കൊമ്പുള്ള മരത്തിലാണ് ഞാനെന്നെ
തൂക്കിയിടുന്നത്
ഇഴപിരിച്ചെടുത്ത നീളൻ
തുണി മെടഞ്ഞിട്ട വാർകൂന്തലായി
മോഹിപ്പിക്കുന്നുണ്ട്...
ഒറ്റമരക്കൊമ്പുള്ള മരത്തിന്‍റെയടിയിൽ
വേരുകളിലേയ്ക്കിറങ്ങിയ ഒരു പൊത്തുണ്ട്
മൗനത്തിന് നൂണ്ടിരിയ്ക്കാൻ
പറ്റിയ നിശ്ശബ്ദയിടം
മൂന്നുവട്ടം
മരത്തോട് ചോദിച്ചു
ഒറ്റമരക്കൊമ്പിൽ
തൂങ്ങട്ടെ ഞാൻ....
മറുപടിയില്ലാത്തതിനാൽ
മരത്തിൽ തലയിടിച്ച്
ചോരയൊഴുക്കിപോന്നു..
കിളികളും
ഉറുമ്പുകളും
പ്രാണികളും
പേരറിയാത്ത
ജീവനുകളും
ഇതൊരറിയിപ്പായി
കരുതണം
കൂടൊഴിയണം..
മൂന്നാം നാൾ
തൂക്കിയിടണമെന്നെ
ഇഴപിരിച്ചെടുത്ത നീളൻ
തുണിയിൽ നാനാവർണ്ണങ്ങൾ
പുഞ്ചിരി തൂകണം
മുഖം വർണ്ണശോഭയാകണം.
കനൽപോൽ തണുത്തിരിയ്ക്കണം മനം.
കൈകാൽവിരലുകൾ
എനിയ്ക്കുനേരേ തന്നെ
ചൂണ്ടണം.
എന്‍റെ വിസർജ്ജ്യങ്ങൾ
എനിക്ക് കൂട്ടാവണം.
ഒറ്റമരക്കൊമ്പിന്‍റെ
മരമേ
നിനക്കിനിയെന്നാണ്
എന്നെയുണർത്താനാവുക.
ഇഴപിരിച്ചെടുത്ത നീളൻ തുണിമെടഞ്ഞിട്ട
വാർകൂന്തലായി
മോഹിപ്പിക്കുന്നുണ്ട്....
--- Anil Thekkedath
No comments:
Post a Comment