പ്രണയം :: ആര്‍ഷ. എ. ആര്‍

Views:
ആർഷ എ ആർ
മുകിലിന്റെ മുടിയില്‍ നിന്നിറ്റിറ്റുവീഴുന്ന 
മഴയെ ഞാനറിയാതെ പ്രണയിച്ചുപോയി 
തുടരുവാനായില്ലെനിക്കാ പ്രണയം 
ആ മഴമുത്തിന്നു മണ്ണുമായ്‌ ചേര്‍ന്നു 

സപ്‌തവര്‍ണ്ണങ്ങളാല്‍ മേനി മെനഞ്ഞൊരു 
മഴവില്ലഴകിനെ പ്രണയിച്ചു ഞാൻ
മഴവില്ലു മേഘമായ്‌ പ്രണയത്തിലാണെന്ന്‌ 
ആരോ പറഞ്ഞു ഞാന്‍ കേട്ടു 

ഏതോ സ്വകാര്യമെന്‍ കാതില്‍ മൊഴിഞ്ഞൊരാ 
കാറ്റിനെയൊരുനാള്‍ പ്രണയിച്ചു ഞാന്‍ 
കാറ്റും കടലുമായ്‌ പ്രണയത്തിലാണെന്ന്‌ 
ഞാനറിയുന്നതോ പിന്നെയല്ലേ 

പിന്നെ ഞാന്‍ പ്രണയിച്ചു മിന്നാമിഌങ്ങിനെ 
ഇത്തിരിപ്പോന്നൊരാ പൊന്‍കുടത്തെ 
എന്നോടവള്‍ തന്നെ എന്നോ പറഞ്ഞു 
രാത്രിയാണവളുടെ കമിതാവെന്ന്‌ 

ഉത്രാട രാവിലെന്‍ മുറ്റത്തു നിന്നൊരാ 
പുഷ്‌പവുമായി ഞാന്‍ പ്രണയത്തിലായ്‌ 
മിഴികളാല്‍ കണ്ടു ഞാന്‍ പിന്നെയൊരു നാള്‍ 
ഒരു ശലഭമുമ്മവയ്‌ക്കുന്നതാപ്പൂവിനെ 

പ്രണയമീ പ്രകൃതിയില്‍ പരമാര്‍ത്ഥമാണെന്നു 
പറയുന്നു പ്രണയിനീ നിന്നോടു ഞാന്‍ 
അറിയാതെയാകിലും ഒരു നൂറു മോഹങ്ങള്‍ 
പറയാതെ നല്‍കി നീ പോയിടല്ലെ