Views:
മേഘം തട്ടി തൂവി നനഞ്ഞൊരു
ചിങ്ങപ്പുലരി പെണ്ണിൻ മാറിൽ
എൻ സമ്മതമാരും ചോദിക്കാതെ
വലിച്ചെറിഞ്ഞൊരു നാളുമുതൽക്കേ
തിമിരം മൂടിയ കണ്ണുകളും പിന്നൊ-
ടിഞ്ഞു തൂങ്ങിയ പിൻകാലും
നട്ടെല്ലൊട്ടി കാളും വയറുമായ്
ഇവിടെ ശയിക്കുമീ നാളോളം
എന്താണെന്നറിയില്ല എന്തിനെന്നറിയില്ല
ഈ ജന്മമെന്തിനാണെന്നിന്നുമറിയില്ല
അലഞ്ഞതില്ലതുതേടി തിരഞ്ഞതില്ലൊരിടത്തും
അറിയാൻ ശ്രമിച്ചതില്ലെന്നതാവും പൊരുൾ
വഴിയിൽ കപാലം തകർന്ന് കണ്‍തള്ളി
മേനിക്കു മോടിയായ് കുടൽമാലയും ചാർത്തി
ചേതനയറ്റു കിടന്ന മാതാവിനെ ആരോ
കെട്ടിയിഴച്ചുകൊണ്ടെങ്ങോ പോയാനാളിൽ
നിലച്ചെന്റെ സ്നേഹാമൃതത്തിന്റെ മധുരവും
മാതൃവാത്സല്യത്തിന്നൂഷ്മള താപവും,
കൂടപ്പിറപ്പുകളോടു വഴക്കിട്ടു
തട്ടിപ്പറിച്ചു നുകർന്ന മാധുര്യവും
കൂടപ്പിറപ്പിനെ കൊത്തി വലിക്കുന്ന
കാക്കക്കൂട്ടത്തിന്റെ കണ്ണിൽപ്പെടാതെ
ഒളിഞ്ഞുനിന്നൊരു നോട്ടം നോക്കി
അനാഥത്വത്തിനാഴത്തിലേക്ക് ഞാൻ കൂപ്പുകുത്തി
അതിനു ശേഷം വന്ന യുദ്ധങ്ങളോരോന്നും
വയറിന്റെ നിലവിളിക്കായിരുന്നുമുരണ്ടും കടിച്ചു വലിച്ചെറിഞ്ഞും പല
കേമന്മാർ ആട്ടിയകറ്റിടുമ്പോൾ
സൂത്രത്തിലൊപ്പിച്ചു തിന്നു വളർന്നു ഞാൻ
യൗവ്വന മുറ്റത്തു വന്നുനിൽക്കേ
വിശപ്പു ശമിച്ചാൽ കത്തുന്ന കാമത്തി-
ന്നറുതിക്കായ് കടിപിടി പലതുകൂടി.
ഒന്നു കഴിഞ്ഞാൽ വേറൊന്നിനെ തേടിയെൻ
യൗവ്വനം മാദക വസന്തമാക്കി.
തലമുറ പലതെന്റെ സിരകളിൽ നിന്നീ
വിറക്കുന്ന ഭൂമിയിൽ പെറ്റ് വീണു.
എത്രപേരുണ്ടെന്നറിയില്ല ജീവിപ്പോർ
ചത്തുമലച്ചതും അറിഞ്ഞുകൂടാ
പിന്നെയെൻ കാമത്തിനടിപെട്ടു നിന്നതിൽ
എൻ രക്തമുണ്ടോ അറിഞ്ഞുകൂടാ
കൊഴിയുന്ന നാളുകൾ കാഴ്ചക്കുചുറ്റും
പടർത്തിയ പുകമറ പെരുകിവന്നു.
ഇരുളിന്റെ തിരശീല മിഴികളിൽ വിരിയിച്ച്
കാലമെൻ വസന്തം കവർന്നെടുത്തു.
ആന്ധ്യത്തിൽ നഷ്ടവസന്ത സ്വപ്നങ്ങളിൽ
അലഞ്ഞു നടന്നൊരു നാളിലെന്റെ
പിൻകാലു തല്ലിതകർത്തവർക്കിന്നെന്റെ
ജീവനുംകൂടി എടുക്കരുതോ.
ഒഴുകിയെത്തുന്ന ഗന്ധങ്ങൾക്ക് പിന്നാലെ
പോകാൻ വയറു കൊതിക്കുന്നുവെങ്കിലും
വ്രണങ്ങളിൽ പൊതിയുന്ന ഈച്ചകളെയാട്ടി
അകറ്റുവാൻ പോലും ത്രാണിയില്ല
ഒരുതുള്ളി കണ്ണീരും പൊഴിയില്ലെനിക്കായി
ഒരു നെഞ്ചുമിന്നു പിടക്കില്ലെനിക്കായി
വ്യർത്ഥമായ് ഒരു ജന്മം ജീവിച്ചു തീർത്ത ഞാൻ
വൈകി അറിഞ്ഞൊരീ പാഠങ്ങളൊക്കെയും
ആരെയും ചൊല്ലി കേൾപ്പിക്കുവാനില്ല
ആർക്കും കേൾക്കാൻ സമയമില്ല
വഴിവക്കിൽ പൊരിവെയിലത്തു കിടക്കുന്ന
ശ്വാന മനസ്സിന്റെ ജൽപ്പനങ്ങൾ പലതും
ഓർക്കുക കാത്തിരിപ്പുണ്ടാകുമൊരിടത്തു.
ഇരുകാലിൽ മദിക്കുന്ന ശ്വാനവീരന്മാർക്കും ...