ശലഭം

Views:


പച്ചിലച്ചാർത്തുകൾ തോറും പറന്നെത്തി
പൂവിനു മുത്തം കൊടുക്കും ശലഭങ്ങളേ
പൂവിൻ മൃദുത്വവും ഭംഗിയും വെല്ലുന്ന
പൊൻ പട്ടുചേലയിതെങ്ങു നിന്ന്?

പൊൻ പട്ടുചേലയിൽ തൊട്ടു നോക്കീടുവാൻ
എന്നുമെൻ ചിത്തം കൊതിക്കയാലെ
ഓടി നിൻ ചാരത്തു വന്നെത്തി നിൽക്കവെ
എങ്ങു നീ പാറിപ്പറന്നു പോയി?

കാണുവാൻ പിന്നെയും കൊതിയാലെ
ഞാനങ്ങു മാറി മറഞ്ഞൊന്നു നോക്കിടുമ്പോൾ
ആകാശ നീലിമ തൊട്ടുരുമ്മീടുവാൻ
വെമ്പുന്ന മട്ടിൽ നീ പോയിടുന്നൂ

കാണുന്നു പിന്നെ ഞാൻ ഓരോ ദിനങ്ങളിൽ
ഇമ്മട്ടിലേറെ ശലഭങ്ങളെ
ക്ഷണമാണു നിന്നെ ഞാൻ കാണുന്നതെങ്കിലുമാ
ക്ഷണികതയെന്നിൽ തിളങ്ങി നില്പൂ.

---000---



No comments: