മീശസ്നേഹി !!

Views:

Photo by Alan Hardman on Unsplash


''ദേ, മനുഷ്യാ ഇന്നെങ്കിലും ജോലിക്ക് പോകുന്നുണ്ടോ? ''

ഭാര്യ അയാളോട് ദേഷ്യപ്പെട്ടു.
പക്ഷെ അയാളതു കേട്ടതായി ഭാവിച്ചില്ല.

കണ്ണാടിയിൽ തന്റെ മീശയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു അയാൾ.

''കഷ്ടം!!! പൊന്നുമോൾക്ക്‌ വയറു നിറയെ ആഹാരം കൊടുത്തിട്ട് എത്ര ദിവസമായി?'' അവൾ പിന്നെയും പരിഭവിച്ചു.

അയാൾ മീശ ചീകി വെടിപ്പാക്കി, മീശയുടെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു...?
ഒന്നിനും ഒരു ഉത്തരവാദിത്വവുമില്ലാത്ത പോലെ.

''ഞാൻ ജോലി ചെയ്തു കൊണ്ടു തരുന്നതും കഴിച്ചോണ്ട് ഇരുന്നോ''
''എന്നും ഇങ്ങനെ കഴിയാമെന്ന് വിചാരിക്കേണ്ട.'' അവൾ പിറുപിറുത്തു കൊണ്ട് പുറത്തേയ്ക്കിറങ്ങി.

വൈകുന്നേരം ജോലി കഴിഞ്ഞവൾ മടങ്ങിയെത്തി. ഭർത്താവ് സുഖമായി ഉറങ്ങുന്നതു കണ്ട് അവൾക്ക് ദേഷ്യപ്പെടാതിരിക്കാൻ കഴിഞ്ഞില്ല.

''ഉറങ്ങിക്കോ, ഉറങ്ങിക്കോ ഞാനൊരുത്തിയുണ്ടല്ലോകഷ്ടപ്പെടാൻ''..

ശബ്ദം കേട്ട് അയാൾ ഉണർന്നു .

 തലയ്ക്കലിരുന്ന കണ്ണാടി എടുത്ത് മീശയുടെ ഭംഗി ഒന്നുകൂടി ആസ്വദിച്ചു .

''ദേ മോൾക്ക്‌ തീരെ വയ്യ, മരുന്നു വാങ്ങാനാണെങ്കിൽ കാശുമില്ല''  ഭാര്യയുടെ സങ്കടം കേട്ടുകൊണ്ടാണ് പിറ്റേന്നു രാവിലെ അയാൾ ഉണർന്നത്..

എന്നിട്ടും അയാൾക്ക് ഒരു കുലുക്കവുമില്ല .
പതിവുപോലെ കണ്ണാടി എടുത്തു നോക്കി.

 അയാളൊന്നു ഞെട്ടി!!!

തന്റെ മീശയുടെ പകുതി ആരോ കരണ്ടിരിക്കുന്നു!!!

''എന്റെ ഈശ്വരാ ഈ മനുഷ്യനെ കൊണ്ടു ഞാൻ തോറ്റു. എനിക്കിങ്ങനെ ഒരു ഗതി വന്നല്ലോ''?

അവൾ മോളേയും കൊണ്ട് പുറത്തേയ്ക്കിറങ്ങി ..

അപ്പോഴും അയാൾ തന്റെ മീശയുടെ മറ്റേ പകുതിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.



No comments: