കഥ :: ഗംഭീരൻ പിള്ളയുടെ ചരമം !!

Views:

Photo by adrian on Unsplash

"മോനെ ,അച്ഛന് വളരെ സീരിയസാ" --വിദേശത്തുള്ള മകനെ അമ്മ ഫോണിൽ വിളിച്ചു.
ബന്ധുക്കൾക്ക് അച്ഛനെ കാണണമെങ്കിൽ വന്നു കണ്ടോളാൻ ഡോക്ടർ പറഞ്ഞു....

"മോൻ വരുമോ?"

"ഇല്ലമ്മേ, വരില്ല "

മോൻ ഉടൻ തന്നെ നാട്ടിലെ പ്രമുഖ പത്രമാഫീസിൽ മെയിൽ അയച്ചു.
ചരമ കോളത്തിൽ വാർത്ത കൊടുക്കാൻ.

പിറ്റേന്ന് രാവിലെ അമ്മ മോനെ വീണ്ടും വിളിച്ചു.

"അച്ഛന് അൽപം കുറവുണ്ട്. ഇനി പേടിക്കാനില്ലെന്ന് ഡോക്ടർ പറഞ്ഞു. "

ചരമ കോളത്തിൽ വാർത്ത വന്നു.
വാർത്തയിൽ ഫോട്ടോ ഇല്ലാത്തതു കൊണ്ട് പലരും ശ്രദ്ധിച്ചില്ല.

മകൻ വീണ്ടും പത്രമാഫീസിൽ മെയിലയച്ചു - -
അച്ഛന്റെ കളർ ഫോട്ടോ ഉൾപ്പെടെ..
വാർത്തയ്ക്കുള്ള ഫീസും ഓൺലൈൻ വഴി അടച്ചു..

പിറ്റേ ദിവസത്തെ പ്രമുഖ പത്രത്തിന്റെ ഒന്നാം പേജിൽ ഗംഭീരൻ പിള്ളയുടെ കളർ ഫോട്ടോ ഉൾപ്പെടെയുള്ള വാർത്ത വന്നു.

തിരുത്ത്

ഗംഭീരൻപിള്ള (85 വയസ്സ് )
ചെന്താമര വീട്
കൊക്കോതമംഗലം.

നിര്യാതനായില്ലെന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

എന്ന്,
ദുഃഖിതരായ കുടുംബാംഗങ്ങൾ




No comments: