കഥ :: പ്ലൂട്ടോ :: Anu P Nair

Views:

 
Image by intographics from Pixabay 

അയാൾ സ്വർഗത്തിലെ രാജാവായിരുന്നു.
അന്ന് അയാൾ പരിപൂർണ്ണ നഗ്നനായി രാജവീധിയിലൂടെ എഴുന്നള്ളി.കൂടെ അപ്സരസ്സുകളും.അവർ അയാളുടെ നഗ്നത ആസ്വദിക്കുന്നുണ്ടായിരുന്നു. ഞാൻ അറിയതെയൊന്നു കൂവി. രാജാവ് ക്രുദ്ധനായി എന്നെനോക്കി. അപ്സരസ്സുകൾ നെറ്റി ചുളിച്ചു. രാജകിങ്കരന്മാർ എന്നെ പിടികൂടി ജയിലിലടച്ചു.

”നീ സ്വർഗ്ഗത്തിന് ചേരാത്തവൻ.നിന്നെ ഞങ്ങൾ പുറത്താക്കുന്നു.”
അവരെല്ലാംചേർന്ന് തീരുമാനിച്ചു.
ഞാൻ സ്വർഗത്തിൽനിന്നും വലിച്ചെറിയപ്പെട്ടു.........

പ്ലൂട്ടോയുടെ ഡയറിക്കുറിപ്പുകൾ അവസാനിക്കുന്നതിങ്ങനെയാണ്.

മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണ്. പക്ഷേ ഈ ഡയറി വായിക്കാതെ  പ്ലൂട്ടോയെക്കുറിച്ച്നിങ്ങൾക്കൊന്നും അറിയാൻ സാധിക്കില്ല. അക്കാര്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ?പ്ലൂട്ടോയുടെ വീട്ടിൽ പോയ സ്ഥിതിക്ക് തീർച്ചയായും മനസ്സിലാക്കിയിരിക്കും.

“ഒരു ഗ്രഹം …….. ഭ്രമണംതെറ്റിയ ഒരു ക്ഷുദ്ര ഗ്രഹം എന്നാവും മകനെക്കുറിച്ചെന്തെങ്കിലും ചോദിച്ചാൽ രാമൻനായരുടെ പ്രതികരണം.

“അവനു വട്ടാണ്.  മുഴു വട്ട്” എന്നാവും ഭാരതിയമ്മ പറയുക.

“കുടുംബത്തിന് കൊള്ളാത്തവൻ“ എന്നു പറയുന്നത് അനുജൻ സത്യശീലനാണ്.

ഇങ്ങനെപലരും, പലതും നിങ്ങളോട്പറയും. അതുപലതും അപൂർണ്ണവും അസത്യവുമായിരിക്കും. അപൂർണ്ണമായ അസത്യങ്ങൾ കുത്തിനിറച്ച് പത്രത്തിന്റെ പ്രചാരം വര്ധിപ്പിക്കുകയല്ല ലക്ഷ്യമെങ്കിൽ നിങ്ങൾ ഈ ഡയറി താളുകളിലൂടെ ഒരു പ്രാവശ്യമെങ്കിലും കടന്നുപോയിരിക്കണം.

(ഇടക്കൊന്നുപറയട്ടെ, നിങ്ങളുടെ പംക്തി നന്നാവുന്നുണ്ട്.സാധാരണക്കാരുടെ തിരോധാനം, അതിനുപിന്നിലെ മാനസിക സാമൂഹിക കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.)

പ്ലൂട്ടോയെ കാണാതായി 2 വർഷം കഴിയുന്നു. നിങ്ങളൊഴിച്ച് ആരുമിതുവരെ അയാളെ തിരക്കി വന്നിട്ടില്ല. കാണാതാവുന്നതിനു നാലു മാസം മുൻപു വരെ പ്ലൂട്ടോ ഇവിടെയായിരുന്നു താമസം. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറി.

ഇവിടെ ഉപേക്ഷിച്ചുപോയ ഈ ഡയറികളിൽ നിന്നാണ് പ്ലൂട്ടോയെ ക്കുറിച്ച് ഞാൻ കൂടുതൽ അറിയുന്നത്.

സീമന്ത പുത്രന് പ്ലൂട്ടോ എന്ന് പേരിട്ടത് രാമൻ നായരാണ്.പ്രത്യേക അർത്ഥമൊന്നും ഉണ്ടായിട്ടല്ല അങ്ങനെയൊരു പേരിട്ടതെന്ന് അയാൾ പറയും.പക്ഷേ, പ്ലൂട്ടോ അത് വിശ്വസിക്കുന്നില്ല. മകനെ മനസ്സിലാക്കാത്ത അച്ഛന്റെ, അച്ഛനെ മനസ്സിലാക്കിയ മകനായിരുന്നു പ്ലൂട്ടോ.

പ്ലൂട്ടോയെന്ന്പറഞ്ഞാൽ കുഞ്ഞൻ, ഉയരമില്ലാത്തവൻ എന്നൊക്കെയാണ് അർഥം. അച്ഛൻ ശരിക്കും എന്നെപരിഹസിക്കുവാൻ വേണ്ടിയാണു ഇങ്ങനെയൊരുപേരിട്ടത്. ജനനം മുതല്ക്കേ അച്ഛന് എന്നോട് പകയായിരുന്നു. നൂറ്നൂറു ഉദാഹരണങ്ങൾ പറയുവാനുണ്ട്. പക്ഷേ, ഈ പേര്തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. എന്നെ “കുരുട്ട്”എന്ന് വിളിച്ച് കൂട്ടുകാർ പരിഹസിക്കുമായിരുന്നു. പക്ഷേ, ഏറ്റവും വലിയ പരിഹാസം പ്ലൂട്ടോ എന്ന പേര് വിളിക്കുന്നത് തന്നെ. അച്ഛനാണ് എന്നെ ആദ്യം പരിഹസിച്ചത്“. - പ്ലൂട്ടോ എഴുതുന്നു.

സത്യത്തിൽ രാമൻനായർക്ക് പ്ലൂട്ടോയെ ഇഷ്ടമായിരുന്നില്ല. ഇത്എനിക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്. അതുകൊണ്ടാണ് രാമൻ നായർ വീട്ടിൽ നിന്നിറക്കി വിട്ട അവന് ഞാൻ അഭയം നല്കിയത്.

“ഇതെനിക്കുണ്ടായതാണോടീ………..?” മകനെ ആദ്യമായ് കണ്ട രാമൻ നായർ  ആശുപത്രിയാണെന്ന കാര്യം മറന്നുകൊണ്ടലറി.
“അവൻ എനിക്കുണ്ടയതല്ല”.

തന്റെബീജത്തിൽ നിന്നും വിരൂപിയായ ഒരു കൃമി പിറക്കുമെന്ന് അയാൾ കരുതിയിരുന്നില്ല. അയാളുടെ പൂർവ്വികരുടെ ബീജങ്ങളും വിരൂപികളെയും ഉയരമില്ലാത്തവരെയും സൃഷ്ടിച്ചില്ല. യാഥാർഥ്യത്തോട്, ഭാഗികമായ് മാത്രമേ അയാൾക്ക്പൊരുത്തപ്പെടാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ രാമൻ നായർക്ക് പ്ലൂട്ടോ നിന്റെ മോൻ (ഭാരതിയമ്മയുടെമകൻ) ആയിരുന്നു.

പ്ലൂട്ടോയ്ക്ക്‌ ശേഷം ഭാരതിയമ്മ പ്രസവിച്ചത് സുന്ദരനും ഉയരമുള്ളവനുമായ സത്യശീലനെയാണ്.
“എന്റെകുട്ടൻ” എന്നാണ് രാമൻ നായർ സത്യശീലനെ വിളിച്ചിരുന്നത്. സത്യശീലൻ ജനിച്ചദിവസം  പ്ലൂട്ടോയുടെ സ്വർണ്ണമാല അയാൾ ഊരി വാങ്ങിച്ചു.

“ഇതിനി എന്റെ കുട്ടന്……. ”  ആ മാല സത്യശീലന്റെകഴുത്തിലയാൾ  അണിയിച്ചു. ഒപ്പം ഒരു മുത്തവും നല്കി.

അന്ന് പ്ലൂട്ടോ ഒരുപാട് കരഞ്ഞു.അനുജനെന്നാൽ നഷ്ടമെന്നാണർഥമെന്ന് ആ കുഞ്ഞ് ഹൃദയം അറിഞ്ഞു. ആ അറിവാണ് പ്ലൂട്ടോയെ പിന്നീട് നയിച്ചത്.

മക്കളെ താരതമ്യം ചെയ്യുക രാമൻ നായരുടെ സ്വഭാവമായിരുന്നു. എന്നും നല്ല സർട്ടിഫിക്കറ്റ് നല്കിയിരുന്നത് സത്യശീലന്. പ്ലൂട്ടോ കുഴപ്പക്കാരൻ, താന്തോന്നി. അവന്റെ കഴിവുകേടുകൾ കണ്ടുപിടിക്കുന്നതിലും, നാലുപേരോട് പറഞ്ഞ് രസിക്കുന്നതിലും അയാൾ ആനന്ദം കണ്ടെത്തി.

ഒരുസംഭവം ഡയറിയിലുണ്ട്.
''ഇന്നു പത്താം ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു. ഡിസ്റ്റിങ്ങ്ഷൻ ഉണ്ട്. ഞാൻ വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു. പിന്നീട് അഛനോടും. അച്ഛന്റെ മുഖത്ത് ഒരു സന്തോഷവും കണ്ടില്ല. മാത്രവുമല്ല, ചോദിച്ചത് ഇങ്ങനെയാണ് – ‘നിനക്ക് തെങ്ങിൽ കയറാൻ അറിയുമോ’.ഞാൻ കഴിയില്ലെന്ന്പറഞ്ഞു.
‘എങ്കിൽ സത്യൻകുട്ടനെപ്പോലെ നാലു തേങ്ങ പറക്കിയിടുകയെങ്കിലും ചെയ്യ്‌…..തിന്നുമുടിക്കാൻ….’ എന്നായിരുന്നു അച്ഛന്റെ പ്രതികരണം.

ഇതായിരുന്നുരാമൻ നായരുടെ സമീപനം.

ഇനി നിങ്ങൾക്ക് അറിയേണ്ട വിഷയത്തിലേയ്ക്ക് വരാം .രാമൻ നായർ എന്തിനാണ് പ്ലൂട്ടോയെ വീട്ടിൽ നിന്ന് പുറത്താക്കിയത് എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്? പറയാം

മാവിനോടും, മാമ്പഴത്തോടും പ്ലൂട്ടോയ്ക്കൊരു പ്രത്യേക ഇഷ്ടമാണ്. വീടിന്റെ മുറ്റത്ത്‌ ഒരു ആപ്പീസ് മാവുണ്ട്. എല്ലാ വേനൽ കാലത്തും  അതിൽ ധാരാളം മാങ്ങയുണ്ടാവും. വിളയും മുൻപ് അതിനെ എറിഞ്ഞിടുന്നത് പ്ലൂട്ടോയാണ്. പഴുത്താൽ ആപ്പീസ് മാങ്ങയ്ക്ക് സ്വാദേറുമെങ്കിലും, നിറയെ പുഴു കയറിയെന്നിരിക്കും. അതു കൊണ്ടാണ് വിളയും മുമ്പേ മാങ്ങ എറിഞ്ഞിടുന്നത്.

മാങ്ങയുമായ് നേരെ ഓടുന്നത് അച്ചാമ്മയുടെ അടുത്തേക്കാണ്. അച്ചാമ്മ അതിന്റെ തൊലിചെത്തി കൊത്തിയരിഞ്ഞ് ഉപ്പും, മുളകും ചേർത്ത് കൊടുക്കും. പ്ലൂട്ടോ അതു രുചിയോടെ കഴിക്കും.കോളേജ് ജീവിതം കഴിയുംവരെ പ്ലൂട്ടോ ഈ രുചിയറിഞ്ഞു.

അച്ചാമ്മയുടെ മരണം, ജീവിതത്തിലെ പല തരം രുചികളുടെയും, തണുത്ത തലോടലിന്റെയും കൂടി മരണമായിരുന്നു. പിന്നീടാ മാവ് പൂത്തതുമില്ല, കയ്ച്ചതുമില്ല. ആഗോളതാപനത്തിന്റെ ഗതികെട്ടകാലത്ത് പൂക്കുകയും, കായ്ക്കുകയും ചെയ്യുന്ന മാവ് ഒരു മഹാത്ഭുതം തന്നെയല്ലേ!മഹാത്ഭുതങ്ങൾ എപ്പോഴും സംഭവിക്കാറില്ല.

വീട്ടില് മതില്കെട്ടണം. തീരുമാനമെടുത്തത് രാമൻനായരാണ്. ആരോടും പ്രത്യേകിച്ച് പ്ലൂട്ടോയോട് അഭിപ്രായം ചോദിക്കുന്ന പതിവ് അയാൾക്കില്ല. മതിൽ കെട്ടാൻ ആപ്പീസ്മാവ് മുറിച്ചേ പറ്റൂ. പ്ലൂട്ടോ ആദ്യം അമ്മയോട്തന്റെ എതിർപ്പ് പറഞ്ഞു.

“̎പോടാ വട്ടാ. നീയെന്തിനാ ഇതൊക്കെ തിരക്കുന്നത് ”എന്നായിരുന്നുഭാരതിയമ്മയുടെ പ്രതികരണം.

പ്ലൂട്ടോയ്ക്ക്ദേഷ്യംകയറി. “̎അന്വേഷിക്കും. ആ മാവ് വെട്ടുന്നതിനു മുൻപ് എന്നെ വെട്ടണം” അവൻ അലറി.

ഇതുകേട്ടുകൊണ്ടാണ് രാമൻ നായർ കടന്നുവരുന്നത്. നിന്നെ വെട്ടിയാലും ശരി, ഞാൻ ആ മാവു മുറിക്കും രാമൻ നായർ കലിതുള്ളി.

നമുക്ക്കാണാം എന്നായ്‌പ്ലൂട്ടോ.
എന്നോട്കയർക്കുന്നോടാ പട്ടീന്റെ മോനെ
രാമൻ നായർ അടിയ്ക്കാനുയർത്തിയ കൈ പ്ലൂട്ടോ തടഞ്ഞു. അവൻ അയാളെ പിടിച്ചുതള്ളി. രാമൻ നായർ തറയിൽ വീണു.

അങ്ങനെ, അന്നാണ് പ്ലൂട്ടോയെ രാമൻ നായർ വീട്ടിൽനിന്ന് പുറത്താക്കിയത്.

പിന്നീടൊരു വർഷത്തോളം എന്റെകൂടെ ഈ ലോഡ്ജ്മുറിയിലാണ് അവൻ കഴിഞ്ഞത്. കാണാതാവുന്നതിനു നാലുമാസം മുൻപ് ഇവിടെനിന്നും പോയി. മറ്റൊരു ജോലിശരിയായിട്ടുണ്ടെന്നാണ് എന്നോട്പറഞ്ഞത്. പക്ഷെ, അയാൾ പോയത് ജോലിക്കായിരുന്നില്ല. ഒരാളെതേടിയായിരുന്നു.ആയാത്രക്കിടയിൽ അയാളെ കണ്ടുമുട്ടിയ പല സ്നേഹിതരും പറഞ്ഞ കഥകൾ ചേർത്തുവയ്ക്കാൻ ഞാൻ ശ്രമിക്കാം.

പ്ലൂട്ടോ ഈ മുറിയില്‍ നിന്നിറങ്ങിപ്പോയത്ബസ്സ് സ്റ്റാൻഡിലേക്കായിരുന്നു. അപ്പോൾ സമയം രാവിലെ പതിനൊന്നര. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഒരു ബസിൽ അയാൾ കയറി.അത്കണ്ടത്ഗവർൺമെന്റ് സ്കൂളിലെ ശിപായിയായ മുരുകനാണ്. താഴെയാണ് മുരുകന്റെ മുറി.നിങ്ങൾക്കയാളോട്സംസരിക്കണമെങ്കിൽ ആവാം.

ഏകദേശം രണ്ടുമാസം കഴിഞ്ഞാണ് പിന്നെ പ്ലൂട്ടോ തിരിച്ചുവന്നത്. എൽ ഐ സി ഏജന്റ് സുന്ദരനാണ് ഇക്കുറി അയാളെ കണ്ടത്. ഒപ്പം ഒരു പെൺകുട്ടിയുമുണ്ടായിരുന്നത്രെ.

പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടി എന്നാണ് സുന്ദരം പറഞ്ഞത്.
ഏതാ ആ പെൺ കുട്ടി.നിങ്ങൾ തിരക്കിയില്ലേ. സുന്ദരത്തോട് ചോദിച്ചു.
'ഞാനെന്തിനു തിരക്കണം.അവനായ് അവന്റെ പാടായ്.'

അല്ലെങ്കിലും സുന്ദരത്തിന് പ്ലൂട്ടോയെ അത്ര ഇഷ്ടമല്ല. അച്ഛൻ ദൈവമെന്നു കരുതുന്ന അയാൾക്ക്‌ അച്ഛനെ വെറുക്കുന്ന പ്ലൂട്ടോയെ എങ്ങനെ ഇഷ്ടപെടനാകും.

'നമ്മുടെ പ്ലൂട്ടോക്ക് പെങ്ങൾ ഉണ്ടോ.' കലക്ട്രെട്ടിൽ ജോലിയുള്ള ഹരികൃഷ്ണനാണ്എന്നോട്ചോദിച്ചത്.

എന്റെ അറിവില് പ്ലൂട്ടോക്ക് ഒരു സഹോദരൻ മാത്രമേയുള്ളൂവെന്നു ഞാൻ പറഞ്ഞു. എന്നാൽ അങ്ങനെയല്ലെന്നും പ്ലൂട്ടോയും പെങ്ങളും ഇപ്പോൾ തന്റെ ഭാര്യവീട്ടിനടുത്താണ്താമസ്സമെന്നും ഹരികൃഷ്ണൻ അറിയിച്ചു.

ഹരികൃഷ്ണന്റെ ഭാര്യവീട് എനിക്കറിയാം. പലതവണ ഹരികൃഷ്ണനോടൊപ്പം അവിടെ പോയിട്ടുണ്ട്. സത്യം എന്താനെന്നറിയണം. അങ്ങനെയാണ്ഞാൻ വൈകുന്നേരം അവിടെപോയത്. വീട്പൂട്ടികിടക്കുന്നു. അയാള് അവിടെയില്ല……ഹരികൃഷ്ണന്റെ അമ്മാവൻ വീട്ടിൽ നിന്ന് വിളിച്ചുപറഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നു.

പ്ലൂട്ടോ എങ്ങോട്ടാണ്പോയത്.

അയാൾ അച്ഛനെ കാണാൻ പോകുന്നുവെന്ന്പറഞ്ഞു. ഹരികൃഷ്ണന്റെ അമ്മാൻ പ്ലൂ ട്ടോയുടെ കൂടെയുണ്ടായിരുന്ന പെൺ കുട്ടിയെക്കുറിച്ച്സംസാരിച്ചു. ഒരു തമിഴ്പെൺകുട്ടി. അവൾ പ്ലൂട്ടോയെ അണ്ണാ എന്നും പ്ലൂട്ടോ അവളെ “തങ്കച്ചി” എന്നും വിളിച്ചിരുന്നു.

അന്ന് തങ്കച്ചിയെയും കൂട്ടി അച്ഛനെകാണാൻ പോയ പ്ലൂട്ടോയെ പിന്നെയാരും കണ്ടില്ല. പക്ഷേ, ആ പെൺകുട്ടിയെ കണ്ടവരുണ്ട്. ഹരികൃഷ്ണൻ തന്നെയാണ്അവളെകണ്ടത്. പോലീസ്സ് സ്റ്റേഷന് മുന്നിൽ നിന്നൊരു ദയനീയശബ്ദം (അത്കരച്ചിലല്ല, യാചനയുമല്ല രണ്ടിനുമിടയിലുള്ള എന്തോ ഒന്ന്) കേട്ടാണ്ഹരികൃഷ്ണൻ നോക്കിയത്.

രണ്ടുദിവസംമുൻപ് പ്ലൂട്ടോയുടെ കൂടെകണ്ടത് ഈ പെൺകുട്ടിയെ തന്നെ. വസ്ത്രം കീറിയിരിക്കുന്നു, മുടിയൊക്കെ അലങ്കോലമായിക്കിടക്കുന്നു.

“അമ്മാ പശിക്കിത്, അപ്പാ പശിക്കിത്……..അണ്ണാ ….അണ്ണാ” അവൾ അകത്തേയ്ക്ക്കൈകൾ നീട്ടി യാചിക്കുന്നു.
“അണ്ണാ ….അണ്ണാ……….”  ഹരികൃഷ്ണൻ അവിടെനിന്നും ഓടിയകലുകയായിരുന്നു. വയ്യ സ്വരം ……… കേൾക്കാൻ .
കോൺസ്റ്റബിൾ പപ്പുകുമാർ ഒരു കഥ പറഞ്ഞു.

പുറത്ത്അറിയരുതെന്ന്പ്രത്യേകം പറഞ്ഞിരുന്നു.
രാമൻ നായർ, എസ്.ഐ ശിവകുമാറിന്റെ സുഹൃത്താണ്.അയാൾ സ്റ്റേഷനിൽ വന്നിരുന്നു.

“ആ നശിച്ചചെറുക്കൻ തങ്കച്ചിയെന്ന് പറഞ്ഞ് ഒരുത്തിയെ കൊണ്ടുവന്ന് എന്റെ മാനം കേടുത്തുവാ”രാമൻ നായർ പറഞ്ഞു.

“എന്താടോ….അതിൽ വല്ല………“ ശിവറാം ചോദിച്ചു.

“അതിന്റെ തള്ള പണ്ട്തറവാട്ടിലെ പണിക്കാരിയായിരുന്നു“.

“താൻ പേടിക്കേണ്ട.പ്രശ്നംഞാൻ തീർത്തുതരാം“.

ശിവറാം എങ്ങനെ പ്രശ്നം തീർത്തു വെന്ന് പപ്പുവിനറിയില്ല. അതു കണ്ടുപിടിക്കേണ്ടത് നിങ്ങളാണ്. നിങ്ങള്‍ക്കതിനു സാധിക്കട്ടെയെന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു. എനിക്കൊരല്പ്പം തിരക്കുണ്ട്‌. നിങ്ങള്ക്ക്പോകാം.
………………………………………………………………………………………………….
പ്ലൂട്ടോ ഇപ്പോഴും സൗരയൂഥതിലെവിടെയോ ഏകാകിയായ് അലയുന്നുണ്ടാവാം…..



No comments: