ചിത്രത്തിലേക്ക് കയറിപ്പോവുന്ന
പരുപരുത്ത വെളുത്ത സാരിത്തലപ്പ് ഞാൻ കണ്ടു.

Views:


തൃശൂർ കുടുംബക്കോടതിയിൽ ഡയസിന്റെ പിൻചുമരിൽ ഒരു ചിത്രമുണ്ട്.
നെടുനീളനെ മഹാത്മജിയുടെ വാചാലമായ ഒരു ചിത്രം.
അദ്ദേഹം പല്ലില്ലാച്ചിരിയമർത്തി പിറുപിറുക്കുന്നത് വളരെ ശ്രദ്ധിച്ചാൽ നമുക്ക് കേൾക്കാം.
"എന്റെ ജീവിതമാണ് എന്റെ സന്ദേശം".
നല്ലത്.
അതങ്ങ് ശീലമായിപ്പോയിരുന്നു.

കഴിഞ്ഞ ദിവസമാണ്.
കേസ് വിളിക്ക് ബെഞ്ച് ക്ലർക്കിന്റെ മൃദുലവാണിക്ക് കാതോർത്തിരിക്കയായിരുന്നു.
ഇഷ്ടം പോലെ സമയമുണ്ട്'.
തരം തിരിച്ച വിളികൾ താണ്ടി എന്റെ സമയമടുക്കാൻ
ഒരു പന്ത്രണ്ടരയെങ്കിലും ആവണം.
എത്ര നേരമെന്ന് വെച്ചാ ജഡ്ജിയുടെ മുഖത്ത് നോക്കിയിരിക്കുന്നത്,
അതും തികഞ്ഞ നിസ്സംഗതയുള്ള ഒരു മുഖത്ത് !
അലക്ഷ്യഭാവത്തിൽ കോടതിയലക്ഷ്യത്തെ മറികടന്ന് ഒന്ന് മയങ്ങാം.
കൂർക്കം വലിക്കരുതെന്നേയുള്ളൂ.
അങ്ങനെയൊക്കെ ചിന്തിക്കുന്നതിനിടയിൽ
ഞാൻ പിന്നാമ്പുറ ചിത്രത്തിലേക്ക് നോക്കിയിരുന്നു. മയങ്ങണ്ട.
പെട്ടെന്നാണ് അവർ ഇറങ്ങി വന്നത്.
ചിത്രത്തിൽ നിന്ന് നേരെ ഡയസിലേക്ക് ചാടിയിറങ്ങി താഴേക്ക്.
പതുക്കെ എന്റെ തൊട്ടടുത്ത സീറ്റിലേക്ക് .
ആരോ ഒരാൾ എണീറ്റ് നീങ്ങിയപ്പോൾ ഒഴിവ് കണ്ട ഒരേ ഒരു ഇരിപ്പിടമായതുകൊണ്ടാവാം.
ചുവന്ന വലിയ കരയുള്ള പരുപരുത്ത വെള്ളസ്സാരി തല പാതി മൂടിപ്പുതച്ച ക്ഷീണിതയായ വൃദ്ധ.
ഒരു എഴുപതിനപ്പുറം കാണണം.
"ഇത് വക്കീലന്മാര് ഇരിക്കണതാ. കക്ഷികൾക്ക് പുറകിൽ സീറ്റുണ്ട് "
"കക്ഷി തന്നെയാണ്. ആരെങ്കിലും വന്നാ ഒഴിഞ്ഞോളാം" അവർ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.
"എന്താ ഫാമിലി കോടതിലെ തിരക്ക് ല്ലേ?"
" ജഡ്ജി പ്രശ്നക്കാരനാണ്. സംസാരിച്ചാൽ ഉടക്കും"
"അങ്ങേരൊന്നും കേൾക്കില്ല"
"ഇപ്പോ സ്ത്രീകൾക്കൊക്കെ നല്ല സ്വാതന്ത്ര്യാണ് ല്ലേ?"
അവർ പറഞ്ഞു കൊണ്ടിരുന്നു. ഞാനാകട്ടെ, കോർട്ട് ഡെക്കോറം ഭയന്ന് കേട്ടുകൊണ്ടേയിരുന്നു.
"എന്നെ കണ്ട് പരിചയം തോന്നുന്നുണ്ടോ?"
ഞാൻ സൂക്ഷിച്ച് നോക്കി. നല്ല പരിചയം തോന്നുന്നുണ്ട്.
പുതുപ്പരിയാരത്തെ ഉണ്യേമയല്ല.
അകത്തേത്തറയിലെ തങ്കോടത്തിയല്ല.
ഒറ്റപ്പാലത്തെ മാതുച്ചിറ്റയുമല്ല.
അവരെയൊക്കെ വല്ലപ്പോഴുമേ കാണൂ. ഭാര്യയുടെ വീട്ടുകാരാണ്. അവരാരുമല്ല.
"ന്റെ പേര് പറഞ്ഞാ അറിഞ്ഞേക്കും. കസ്തൂർബ മഖൻജി കപാഡിയ. ചെലര് കസ്തൂർബാ ഗാന്ധീന്നും വിളിക്കും."
എന്റമ്മോ. വെറുതെയല്ല ഇവര് പടത്തീന്ന് ചാടിപ്പോന്നത്.
"ഈ കോടതീല് കുടുംബക്കേസ് മാത്രല്ലേ എട്ക്കുള്ളൂ."
- അതെ.
"ആ ചൊവരില് നിക്കണ പുള്ളിക്കാരൻ എന്റെ ഭർത്താവാർന്നു.. "
- അറിയാം.
"അപ്പോ കഥകളൊക്കെ അറിയാം ല്ലേ?"
- ഉം.
"അപ്പി കോരീതും മൂത്രം തൊടച്ചതുമൊക്കെ."
- വായിച്ച് ണ്ട്. പഠിപ്പിക്ക്ണ് ണ്ട്.
"നന്നായി. കൊറേ പറേണ്ടല്ലോ. അങ്ങേർക്ക് ഒന്നിനും സമയണ്ടാർന്നില്ല.
എന്നോട് പറയും, ഞാൻ ചെയ്യും. അങ്ങനൊരു കാലം.
കുട്ട്യോളൊന്നും മോഹിച്ച പോലൊന്നും ആയില്ല."
അവർ കണ്ണ് തുടച്ചു. കിതപ്പാറ്റാൻ സമയമെടുക്കുന്നതിനിടെ കൊക്കിച്ചുമക്കാൻ തുടങ്ങി.
- ശ്വാസം മുട്ടുണ്ടോ?
" ശ്വാസം തന്നെയില്ല. പിന്നെവിടെ മുട്ടാൻ?"
ഒരു തമാശ പറഞ്ഞ പോലെ റിലാക്സ് ചെയ്ത് ഒരു സ്വകാര്യം പോലെ അവർ ചോദിച്ചു.
"ഇന്നാണെങ്കി ഒരു ഡിവോഴ്സ് ഹർജി കൊടുക്കാർന്നൂല്ലേ?"
ഇപ്പോൾ അവർ ദയനീയമായി ചിരിക്കാൻ തുടങ്ങി.
"ഇല്ലെങ്കില് നിങ്ങള് വക്കീലന്മാര് തപ്പിപ്പിടിച്ച് വന്ന് കൊടുപ്പിച്ചേനെ. അല്ലേ കുട്ട്യേ?"
ഞാനും ആദ്യമായി ചിരിച്ചു. ജഡ്ജി കാണാഞ്ഞാ മത്യാർന്നു.
"കുടുംബം കുടുംബം എന്ന് വെച്ചാ
ഒരാള് മറ്റൊരാളെ അനുസരിപ്പിക്കണ സ്ഥലല്ലാന്നും
ഒരാൾക്ക് മാത്രം സന്തോഷം പോരാന്നും തിരിച്ചറിയണത് നല്ല കാര്യാണ്."
ഞാൻ മിണ്ടാതെ കേട്ടിരിക്കയായിരുന്നു.
"ഇപ്പോഴും അനുസരിച്ചനുസരിച്ച് ഞാൻ കൂടെ നിക്കണ് ണ്ട്.
വേറെവിടെ പോവാനാ?"
"ങ്ഹാ, പിന്നെ...
രാഷ്ട്രമാതാവിന്റെ പോസ്റ്റ് ഇല്ലാത്തതുകൊണ്ടാവും
എനിക്കതിനും യോഗം ണ്ടായില്ല.
സാരല്യ.
എന്തായാലും ചിത്രം അടിപൊളിയായിട്ട്ണ്ട്.
കുടുംബക്കോടതിക്ക് പറ്റിയ പടം തന്നെ."

ഒ.പി. പതിനാറ് പതി........
ദേ എന്റെ കേസ് വിളിച്ചു.
പ്രൊഡീസിംഗ്സിനിടയിൽ
ഡയസ്സിൽ മേശപ്പുറത്ത് ചവുട്ടി
ചിത്രത്തിലേക്ക് കയറിപ്പോവുന്ന
പരുപരുത്ത വെളുത്ത സാരിത്തലപ്പ് ഞാൻ കണ്ടു.



No comments: