ഓർമയാനം
മഞ്ഞപ്പൊടിയും താരങ്ങളും

Views:


പള്ളിക്കൂടത്തിൽ നിന്ന് ഞാൻ ആദ്യം രുചിച്ച ഉച്ചഭക്ഷണം മഞ്ഞപ്പൊടിയാണ്. റവ കൊണ്ട് ഉണ്ടാക്കിയത്. മഞ്ഞനിറം. ഉപ്പുമാവിന്റെ സ്വാദ്. മഞ്ഞപ്പൊടി എന്നാണ് എല്ലാരും അതിനെ വിളിച്ചിരുന്നത്.

പള്ളിക്കൂടത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിന് മുന്നേ പാത്രം ഒരുക്കി വച്ചിരിക്കും. വട്ടത്താമരയിലയാണ് പാത്രം. ഇല മടക്കി പുസ്തകത്തിനിടയിൽ തിരുകി വയ്ക്കുന്നതാണ് എന്റെ പതിവ്. ചുറ്റുവട്ടങ്ങളിലും പുരയിടത്തിലും വട്ടത്താമര ധാരാളമുണ്ട്. എന്നാൽ ചെറിയ ഇലകളാണ്.  ഇലകളിൽ നിറയെ പുഴുക്കുത്തും ഓട്ടകളുമായിരിക്കും. ഒന്നിനു മീതെ മറ്റൊന്ന് പറിച്ചു വച്ചുള്ള ഓട്ടയടക്കൽ അഡ്ജസ്റ്റ്മെന്റാണ് പലപ്പോഴും ഞാൻ നടത്തിവന്നിരുന്നത്.

പള്ളിക്കൂട യാത്രാ വഴിയിലാണ് പല ചങ്ങാതിമാരുടേയും പാത്ര ശേഖരണം. ചിലപ്പോഴൊക്കെ ഇല പറിക്കാൻ അവരെ ഞാനും സഹായിക്കും. പാത്രശേഖരണ മഹോത്സവത്തിനിടയിൽ താഴെ ഇളമ്പ, കമ്പറത്ത് കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നടരാജൻമാരായി വരുന്ന പള്ളിക്കൂടത്തിലെ വലിയ അണ്ണൻമാർ ഞങ്ങളുടെ ഇല പറിക്കൽ രംഗം നോക്കി നില്ക്കും. സഹായിക്കില്ല.പകരം തങ്ങളുടെ കീശയിൽ നിന്ന് നല്ല മുട്ടൻ വട്ടത്താമരയിലപ്പാത്രങ്ങൾ നിവർത്തി ഉയർത്തിക്കാണിച്ച് ഞങ്ങളെ കൊതിപിടിപ്പിക്കും.

ചെറു സുഷിരം പോലുമില്ലാത്ത വമ്പൻ ഇലപ്പാത്രങ്ങൾ.അവർക്ക് മാത്രമായ് വട്ടത്താമര കനിഞ്ഞനുഗ്രഹിച്ചത് പോലെ.

''കണ്ടാടാ... കണ്ടാടീ " എന്നൊക്കെ ഉറക്കെ പറഞ്ഞ് ഞങ്ങളെ എരികേറ്റും.

ആരും മറുത്തൊന്നും പറയില്ല. കാരണം ഉച്ചയ്ക്ക് മഞ്ഞപ്പൊടി വിളമ്പുന്ന വൻസംഘത്തിലെ അംഗങ്ങളാണ്. പിണക്കിയാൽ കൊത്തിവയ്ക്കും.(തവിയിൽ കുറച്ച് കോരി ഇലയിൽ വച്ച് തരുന്ന ഏർപ്പാടിന് അന്നു പറഞ്ഞിരുന്ന പേര്) അതിനാൽ മിണ്ടാതെ അവർക്ക് പിന്നാലെ തല കുമ്പിട്ട് പോകാനേ നിവർത്തിയുള്ളൂ.

പന്ത്രണ്ട് പന്ത്രണ്ടര മണിയോടടുക്കുമ്പോൾ  ഞങ്ങൾ കുട്ടികളുടെ മൂക്കിൽ മഞ്ഞപ്പൊടി പാകമായതിന്റെ മണം എത്തും. പിന്നെ സാറന്മാർ ക്ലാസിൽ പഠിപ്പിക്കുന്നതൊന്നും ആരും ഉള്ള്കൊണ്ട് ഏറ്റെടുക്കാറില്ല.

ഉച്ചഭക്ഷണമണിയൊച്ചയ്ക്ക് കാതും വയറും നല്കിയുള്ള കാത്തിരിപ്പ്. സമയം കൃത്യമായി അറിയാൻ ഞങ്ങളുടെ ആരുടെ കൈയ്യിലും വാച്ച് ഇല്ല. സാറിനോട് ചോദിക്കാൻ പറ്റോ ..അതും രക്ഷയില്ല. എന്നാൽ സമയം എല്ലാരും കൃത്യതയോടെ അറിയും. തൊട്ടടുത്താണ് വായനശാല.റേഡിയോ പരിപാടികൾ ചെറിയ ഉച്ചഭാഷിണിയിലൂടെ പള്ളിക്കൂടത്തിലേക്കും ഒഴുകി എത്തും. അതാണ് ഞങ്ങളുടെ സമയമാപിനി.

മണി മുഴങ്ങിയാൽ പിന്നെ സാറെന്നോ സഹപാഠികളെന്നോ ഒരു നോട്ടവുമില്ല.തടയണ പൊട്ടി വെള്ളം കുത്തിയൊലിക്കും മാതിരി ഒറ്റ ഒഴുക്കാണ്,  മുറ്റത്തേക്ക്.

പൊരിവെയിലിൽ ഭക്ഷണത്തിനായി ഇല നിവർത്തി കാത്തിരിപ്പ്.

വിളമ്പണ്ണമാർ അങ്ങ് തുടങ്ങുകയായി. തോന്നിയപോലുള്ള വിളമ്പ്

ഓരോരുത്തർക്കുംഅന്നത്തെഭാഗ്യം പോലിരിക്കും ഇത്തിരി കൂടുതൽ കിട്ടാൻ. നിർഭാഗ്യശാലികൾ കൂടുതൽ കിട്ടിയവരുടെ ഇലപ്പാത്രത്തിൽ നോക്കി ഒന്ന് നെടുവീർപ്പിട്ട് ഉള്ളത് നുള്ളിക്കഴിക്കും. ചിലർക്ക് അതിനും പറ്റിയെന്ന് വരില്ല.

മരച്ചോട്ടിൽ അല്പം തണല് തേടിയ കുറ്റത്തിന് മരത്തിൻ മുകളിലിരുന്ന് കാക്ക നേരെ ഭക്ഷണത്തിൽത്തന്നെ കാഷ്ഠിച്ച് കാലനാവും. കൊണ്ട് കളഞ്ഞ് വയറിനെ സമാധാനിപ്പിച്ച് നിർത്തുകയേ അവർക്ക് മാർഗമുള്ളൂ.

രണ്ടാമത് വിളമ്പലില്ല.

എല്ലാർക്കും വിളമ്പിയ ശേഷം വിളമ്പണ്ണന്മാർ ഒരു തീറ്റയുണ്ട്. വട്ടയിലപ്പാത്രത്തേക്കും വിഴുങ്ങിക്കൊണ്ടുളള കൂറ്റൻ മഞ്ഞപ്പൊടിമല. അതിന്റെ ഓരത്തിരുന്ന് കൈനീട്ടിയൊരെടുപ്പ് പിന്നെ നേരെ വായിലോട്ട് .നിമിഷ നേരം കൊണ്ട് മല അപ്രത്യക്ഷo. എന്തോര് തീറ്റ . കണ്ട് നില്ക്കുന്ന ഞങ്ങൾ മണ്ടമാർക്കും മണ്ടികൾക്കും ഹോ ആ അണ്ണൻമാരാവാൻ കഴിഞ്ഞെങ്കിൽ എന്ന വ്യാമോഹം.
വിളമ്പണ്ണമാർക്ക് ബാക്കിയുള്ള മഞ്ഞപ്പൊടി പൊതിഞ്ഞു കെട്ടി വീട്ടിൽ കൊണ്ടുപോകാൻ അധികാരമുണ്ട്. അതവർ ഭംഗിയായി നിറവേറ്റി. കൊത്തിവച്ചും കാക്ക കാഷ്ഠിച്ചവരെ രണ്ടാമത് പരിഗണിക്കാതെയും മെച്ചമായി വരുന്ന മിച്ചം വട്ടയിലയിൽ പൊതിഞ്ഞ് കിഴിപോലെയാക്കി പള്ളിക്കൂടം വിട്ട് വൈകുന്നേരം വീട്ടിലേക്ക് കൊണ്ടു പോയിരുന്നു.

അവിടെയും പ്രശ്നം ഞങ്ങളെപ്പോലുള്ളവർക്കാണ്. രാവിലെ പള്ളിക്കൂടത്തിലേക്ക് വരുമ്പോൾ വലിയ ഇലകൾ കാട്ടിയാണ് കൊതിപിടിപ്പിച്ചതെങ്കിൽ.വൈകുന്നേരം മഞ്ഞപ്പൊടി കിഴി കാണിച്ച് താരാരാധന വളർത്തുന്നു.

ആ അണ്ണന്മാരിൽ പലരും ഞങ്ങൾ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ ദാ അവിടെയിരിക്കുന്നു. പിന്നെ ഒപ്പത്തിനൊപ്പമായി. അണ്ണൻ മാറി പേര് വിളിയായി.കൂട്ടുകാരായി.

അപ്പോഴേക്കും മഞ്ഞപ്പൊടിയുടെ സ്ഥാനം കടല ഏറ്റെടുത്തു കഴിഞ്ഞിരുന്നു.




No comments: