Views:
വേണപ്പൻ നായർ , കേണപ്പൻ പിള്ള , ഭരണി പിള്ള , സുഗ്രീവൻ പിള്ള .... തുടങ്ങിയ നാട്ടുകാർ അടുത്ത സുഹൃത്തുക്കളാണ്.
അവരുടെ പ്രഭാതസവാരിയും ഒരുമിച്ചാണ്.
ഒരു ദിവസം സവാരിക്ക് സുഗ്രീവൻ പിള്ള എത്തിയില്ല.
മറ്റുള്ളവർ നടന്നു പോകുന്നതു കണ്ടപ്പോൾ , ഉല്പലാക്ഷൻ വിളിച്ചു ചോദിച്ചു
-- "മരണം അറിഞ്ഞില്ലേ?"
"ഇല്ല, അയ്യോ ! ആര് , അര്? "
"തെക്കേതിലെ സുഗ്രീവൻ പിള്ള."
അവർ സവാരി മതിയാക്കി മരണവീട്ടിലേയ്ക്ക് പോയി.
അവിടെ കുറച്ചാളുകൾ കൂടിയിട്ടുണ്ട്.
വേണപ്പൻ നായർക്ക് ദുഃഖം അടക്കാൻ കഴിഞ്ഞില്ല.
സുഗ്രീവൻ പിള്ളയുടെ ഭാര്യ താമരാക്ഷി , മൂന്നു ദിവസമായി കലശലായ പനി ബാധിച്ച് കിടപ്പിലാണ്.
വേണപ്പൻ നായർ , സുഗ്രീവൻ പിള്ളയുടെ ശവശരീരം കാണാൻ , അദ്ദേഹത്തെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് കയറി.
ഒരു ഇടുങ്ങിയ മുറി.
ഇടതുഭാഗത്ത് താമരാക്ഷി , തറയിൽ പുതച്ചു കിടക്കുന്നു.
വലതുഭാഗത്ത് പിള്ളയുടെ ശവശരീരം വെള്ളപുതച്ച് , തല തെക്കോട്ടാക്കി കിടത്തിയിട്ടുണ്ട്.
വേണപ്പൻ നായർ, തലയ്ക്കൽ ചെന്ന് ഏറനേരം , കൈയും കെട്ടി നോക്കി നിന്നു.
നായർക്ക് അല്ലം 'കാഴ്ചക്കുറവുണ്ട് '.
ദു:ഖം പൊഴിച്ചുകൊണ്ടു നിന്ന നായരുടെ അടുത്തേയ്ക്ക് , 'സംഗതി ' പിടികിട്ടിയ കോലപ്പേട്ടൻ ചെന്ന് ചെവിയിലെന്തോ മന്ത്രിച്ചു.
ഉടൻ തന്നെ നായർ സുഗ്രീവൻ പിള്ളയുടെ ശവശരീരത്തിനടുത്തെത്തി കുറനേരം ദുഃഖത്തോടെ നോക്കി നിന്നു.
നായർ വെളിയിലേയ്ക്കിറങ്ങി.
"കാഴ്ച അല്പം കുറവാ , കോലപ്പേട്ടൻ പറഞ്ഞതു നന്നായി. "
"താമരാക്ഷി കിടക്കുന്നതുകണ്ടപ്പോൾ ഞാൻ കരുതി സുഗ്രീവൻ പിള്ളയാണെന്ന്."
ആരുമരിച്ചാലും 'റീത്ത് ' വക്കുന്ന സ്വഭാവം നായർക്കുണ്ട്.
മരണം പെട്ടെന്നായതു കൊണ്ട് റീത്തു വാങ്ങാൻ കഴിഞ്ഞില്ല.
ദൈവമേ ! വേണപ്പൻ നായരുടെ കൈയിൽ റീത്തുണ്ടായിരുന്നെങ്കിൽ അത് പാവം താമരാക്ഷിക്ക് വച്ചേനെ.!
മരണവീട്ടിൽ ഇപ്പോൾ നാട്ടുകാരുടെ എണ്ണം കൂടിയിട്ടുണ്ട്.
ചില ചെറുപ്പക്കാർ കുമ്പിട്ട കോലങ്ങളെപ്പോലിരുന്ന് ചാറ്റുന്നു.
ചിലർ വേറൊരു ഭാഗത്ത് സജീവ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നു. മറ്റു ചിലർ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
ഇവർക്കിടയിലൂടെ വാർഡ് മെമ്പർ മന്ദാകിനി കൈയിലൊരു റീത്തുമായി തിക്കിതിരക്കിയെത്തി.
മാഡത്തിന്റെ 'ഫേഷ്യൽ ' ചെയ്ത മുഖത്ത് ദു:ഖമുണ്ടെങ്കിലും , ചുണ്ടിലെ 'ലിപ്സ്റ്റിക്ക് ' ദുഖത്തെ പുറത്തു കാണിക്കുന്നില്ല.
"മെമ്പർ എന്താ താമസിച്ചേ? " , ശിങ്കാരൻ നായർ ചോദിച്ചു.
"വടക്കേതിലെ കർക്കിടകൻ പിള്ളയുടെ കുഞ്ഞിന്റെ 'നൂല്കാച്ചാ'യിരുന്നു."
"നുല് കാച്ചോ? "
"അയ്യോ , നൂല് കെട്ടായിരുന്നു ". മാഡം ഇളിഭ്യയായി പറഞ്ഞു .
അപ്പോൾ കൂടി നിന്നവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
പെട്ടെന്ന് ഗീർവാണൻ പിള്ള മരണത്തിനെത്തി , ബോഡി കണ്ടിട്ട് പുറത്തേക്കിറങ്ങി.
"താമരാക്ഷി ഇത്ര പെട്ടെന്ന് മരിക്കുമെന്ന് കരുതിയില്ല." വിഷമത്തോടെ പറഞ്ഞു.
"താമരക്ഷി അല്ല പിള്ളേ മരിച്ചത് , സുഗ്രീവൻ പിള്ളയാ ."
"ഓ , അതു ശരി. ഞാൻ മുഖം മാത്രമേല്ലേ കണ്ടുള്ളു ."
"എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല."
No comments:
Post a Comment