Views:
ഭാരത രാഷ്ട്രീയത്തിൽ പൊതുവേയും, കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന പ്രതിഛായയിൽ ഇന്ത്യ മുഴുവൻ നിറഞ്ഞു നിന്ന വ്യക്തിത്വം ഇന്ന് വയനാട് എം.പി മാത്രമായി അധപ്പതിച്ചിരിക്കുന്നു.
കോൺഗ്രസ്സും യു.പി.എ യും ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടതു തന്നെ രാഹുൽ ഗാന്ധി പരത്തിയ പ്രഭാവലയത്തിന്റെ പ്രകാശത്തിലായിരുന്നു എന്നതാണ് വാസ്തവം.
എന്നാൽ, തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ, വടക്കേ ഇന്ത്യയിലെ പരമ്പരാഗത സിറ്റിംഗ് സീറ്റായ അമേഠിയിൽ അദ്ദേഹം ബി.ജെ.പി സ്ഥാനാർത്ഥി ആയ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടു. എന്നാൽ, കേരളത്തിലെ വയനാട്ടിൽ നിന്ന് നല്ല ഭുരിപക്ഷത്തോടെ വിജയിച്ചു.
വടക്കേ ഇന്ത്യയിൽ അക്ഷരാർത്ഥത്തിൽ കോൺഗ്രസ് തൂത്തെറിയപ്പെട്ടപ്പോൾ, വയനാട്ടിലെ രാഹുലിന്റെ സാന്നിദ്ധ്യം കേരളത്തിലെ കോൺഗ്രസിന് ഇരുപത് സീറ്റുകളിൽ ഒന്നൊഴികെ പത്തൊൻപത് സീറ്റുകളിലും ജയിച്ചു കയറാൻ സഹായകമായി.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങളോടുള്ള എതിർപ്പിനോടൊപ്പം, വെറുപ്പിന്നോടൊപ്പം രാഹുലിന്റെ സാന്നിദ്ധ്യം കൂടി ആയപ്പോൾ കേരളത്തിൽ കോൺഗ്രസ് മിന്നുന്ന വിജയം ഉറപ്പാക്കി. ഭാരതത്തിൽ ആകെ പരാജയപ്പെട്ട ആഘാതത്തിനിടയിൽ കേരളത്തിൽ നേടിയ തകർപ്പൻ വിജയം കോൺഗ്രസ്സിന് അനൽപ്പമായ ആശ്വാസം ആണ് പകർന്നത്.
പക്ഷെ, തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ നിറഞ്ഞു നിന്ന AICC പ്രസിഡന്റും, പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും കേരള മൊഴി കെയുള്ള സംസ്ഥാനങ്ങളിൽ നാമാവശേഷമായി. രാജ്യത്തിന്റെ തെക്കേ മൂലയിൽ, കേരളത്തിൽ മാത്രം സാന്നിദ്ധ്യം ഉറപ്പിച്ചു. പ്രധാന മന്ത്രി സ്ഥാനാർത്ഥി വയനാട്ടിലെ ഒരു എം.പി മാത്രമായി നിലംപതിച്ചു.......!
പാർലമെന്റിൽ ശക്തമായ ഒരു പ്രതിപക്ഷ നിര തീർക്കാൻ ഉതകുന്ന അംഗബലം പോലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പാർട്ടി ആയ കോൺഗ്രസ്സിന് ലഭിച്ചില്ല എന്നത് പരിതാപകരം .........!!
പാർട്ടിയുടെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ച് മാതൃകയായി.
എന്നു മാത്രമല്ല, കോൺഗ്രസ് നശിക്കരുതെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷമതികളും, രാഷ്ട്രീയ നിരീക്ഷകരും ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ആശയം കോൺഗ്രസ്സിൽ നടപ്പാക്കാനുള്ള ദൃഢ നിശ്ചയത്തോടെ ആയിരുന്നു ആ സ്ഥാനത്യാഗം.
"അയ്യോ കുഞ്ഞേ പോകല്ലേ ..........!'' എന്ന സ്തുതിപാഠകരുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങിയില്ല. താൻ ഇനി കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ രാഹുൽ ഇനി നെഹ്രു കുടുംബത്തിൽ നിന്നും ആ സ്ഥാനത്തേക്ക ആരും വരാൻ പാടില്ല എന്നും, കുടുംബത്തിനു പുറത്തു നിന്നും അദ്ധ്യക്ഷൻ ഉണ്ടാകണമെന്നും, കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും തുറന്നടിക്കാനുള്ള ധൈര്യവും ആത്മാർത്ഥതയും പ്രകടിപ്പിച്ചു.
പക്ഷെ, അദ്ദേഹം പ്രകടിപ്പിച്ച ആത്മാർത്ഥതയും ദിശാബോധവും അക്ഷരാര്‍ത്ഥത്തിൽ മനസ്സിലാക്കാൻ പാർട്ടിയിലെ സ്തുതിപാഠകർക്കും കുഴലൂത്തുകാർക്കും കഴിഞ്ഞില്ല. അതിന്റെ കാരണങ്ങൾ ഈ പംക്തിയിൽ മുൻ ദിവസങ്ങളിൽ നാം ചർച്ച ചെയ്തിട്ടുള്ളതിനാൽ ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ......?
തുടർന്ന് മാസങ്ങളോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഒടുവിൽ സോണിയാ ഗാന്ധി വീണ്ടും അദ്ധ്യക്ഷ പദവിയിലേക്കു് മടങ്ങി വന്നു.
ഈ വേളയിലാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്.
പൊതുവേ നേതൃപാടവവും ഭരണതന്ത്രജ്ഞതയും താരതമ്യേന കുറവായ രാഹുൽ മുൻപ് പല ഘട്ടങ്ങളിലും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുകയും, ദുരൂഹത പരത്തിക്കൊണ്ട് രഹസ്യമായി വിദേശ രാജ്യങ്ങളിൽ പോയി 'അജ്ഞാതവാസം' നടത്തി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുമുള്ള വ്യക്തിയാണ്.അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഇത്തവണ നടത്തിയ ഈ പിൻവാങ്ങൽ ആ പ്രതിഛായ ഒന്നു കൂടി അരക്കിട്ടുറപ്പിക്കുന്നതായി.
നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് ഒരു ദേശീയ അദ്ധ്യക്ഷൻ ഉണ്ടാകണമെന്ന രാഹുലിന്റെ ആശയം AICC തള്ളിക്കളഞ്ഞത് നിസ്സാരമായി കാണേണ്ടതല്ല....!
കോൺഗ്രസ്സിൽ 'അവസാന വാക്ക്' രാഹുലിൻറേതാണ് എന്ന് പാർട്ടിയിലും പുറത്തുമുണ്ടായിരുന്ന 'വിശ്വാസം' ഇതോടെ അസ്ഥാനത്തായി.
രാഹുലിന്റെ വ്യക്തിത്വത്തിനേയും പ്രതിഛായയേയും ഒട്ടൊന്നുമല്ല ഇത് ബാധിക്കുന്നത് .......!
- ഒരുവേള അദ്ദേഹം ആഗ്രഹിച്ചതു പോലെ, നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് ഒരു നേതാവ് ആയിരുന്നു പുതിയ ദേശീയ പ്രസിഡന്റ് ആയി വന്നതെങ്കിൽ, കോൺഗ്രസ്സിന്റെ നവോത്ഥാനത്തിന് തന്റെ സ്ഥാനത്യാഗത്തിലൂടെ പാതയൊരുക്കിയ നേതാവ് എന്ന നിലയിൽ, അതുല്യവും അപൂർവ്വവും ആയ ആ പ്രതിഛായയിൽ ഭാരതം മുഴുവൻ അദ്ദേഹത്തെ ആദരിച്ചേനെ............!
- കോൺഗ്രസ്സിൽ പുതിയ സൂര്യോദയത്തിന് അവസരമൊരുക്കിയ യുവനേതാവ് എന്ന ഖ്യാതി അദ്ദേഹത്തിനു മാത്രം സ്വന്തമായേനെ..........!
- തന്റെ രാഷ്ട്രീയ ഭാവി പോലും തൃണവൽഗണിച്ചു കൊണ്ട്, കോൺഗ്രസ്സിന്റെ പരിവർത്തനത്തിന് നാന്ദി കുറിച്ച, നിസ്വാർത്ഥമതിയായ ത്യാഗി എന്ന പരിവേഷം അദ്ദേഹം സ്വന്തമാക്കിയേനെ...........!
- ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ശോഭനമായ ഒരു രാഷ്ട്രീയഭാവി അദ്ദേഹത്തിന് ഉണ്ടായേനെ...........!
എന്നാൽ, അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയും, ദീർഘവീക്ഷണവും, ദിശാബോധവും മനസ്സിലാക്കാത്ത, അഥവാ അതിന് വില കൽപ്പിക്കാത്ത സ്വാർത്ഥ താൽപര്യക്കാരായ, കടൽ കിഴവൻമാരായ കുറച്ച് നേതാക്കൻമാരും, കുഴലൂത്തുകാരായ ചില യുവതുർക്കികളും, അദ്ദേഹത്തിന്റെ മാതാവും ചേർന്ന് (അതോ,അവരെ സ്വാധീനിച്ചതോ....?) അതൊക്കെ പാടേ നശിപ്പിച്ചു എന്നതാണ് സത്യം.........!!
അങ്ങനെ,ആ അലങ്കാരം അത്ര വേഗം മാറിക്കിട്ടുന്നതുമല്ല........!
'പാർട്ടിയെ നയിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട ദേശീയ പ്രസിഡന്റ് '
പോരാ,
' പാർട്ടി നേരിട്ട ഏറ്റവും നിർണ്ണായകമായ ആപത്ഘട്ടത്തിൽ പാർട്ടിയേയും പ്രവർത്തകരേയും കൈവിട്ട്, തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും പിൻവാങ്ങി മാളത്തിൽ ഒളിച്ച ദേശീയ പ്രസിഡന്റ് ' എന്ന അലങ്കാരം വളരെ എളുപ്പത്തിൽ രാഹുൽ ഗാന്ധിയുടെ മേൽ ചാർത്തിക്കിട്ടി...........!
അതിനാൽ, ഭാവിയിൽ പാർട്ടിയുടെ നേതൃത്വത്തിലേക്ക്
അദ്ദേഹത്തിന്റെ മടങ്ങി വരവിനുള്ള സാദ്ധ്യത പോലും തുലോം കുറവ്...........!!
പക്ഷെ,
രാഷ്ട്രീയത്തിൽ അസംഭവ്യമായി ഒന്നും തന്നെയില്ല.
അതു കൊണ്ടു തന്നെ, രാഹുൽ ഗാന്ധിക്ക് ഇനി ഒരു മടങ്ങിവരവ് ഉണ്ടാകുമോ?
കാത്തിരുന്നു കാണാം.........!
No comments:
Post a Comment