Views:
Image Credit :: https://www.youtube.com/channel/UCitnsMtUvgocCryxlnSS_qw
കത്തിക്കുത്തുകേസിലെ പ്രതികൾക്ക് പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് നേടാനായതിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പി.എസ്.സി തന്നെ വെളിപ്പെടുത്തുകയും, മേൽനടപടികൾ സ്വീകരിക്കു കയും ചെയ്യുന്നു.
ഇതോടെ, പി.എസ്.സി എന്ന ഉന്നത ഭരണഘടനാ സ്ഥാപനത്തിന് ഉണ്ടായിരുന്ന പ്രതിഛായയും, സൽപേരും, വിശ്വാസ്യതയും പാടേ നഷ്ടപ്പെട്ടു.
ഒരു രാജ്യത്തിന്റെ ഭരണകാര്യങ്ങൾ കൃത്യമായി നടപ്പാക്കേണ്ട വിവിധ സർക്കാർ വകുപ്പുകളിലേക്ക് പ്രഗൽഭരായ ഉദ്യോഗസ്ഥരെ നിഷ്പക്ഷവും സുതാര്യവുമായ മാർഗ്ഗങ്ങളിലൂടെ കണ്ടെത്തി നിയമനം നടത്തുക എന്ന പവിത്രവും ഭാരിച്ചതുമായ ഉത്തരവാദിത്തം നിർവഹിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് പി.എസ്.സി.അതു കൊണ്ടു തന്നെ ആ സ്ഥാപനം കാത്തു സൂക്ഷിക്കേണ്ട ചില മൂല്യങ്ങൾ, സുതാര്യത, വിശ്വാസ്യത ഒക്കെ വളരെ പ്രാധാന്യമർഹിക്കുന്നു.
അതുപോലെ തന്നെ പ്രധാനമാണ് പി.എസ്.സി. വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഗുണനിലവാരവും, യോഗ്യതയും. നിർദ്ദിഷ്ട യോഗ്യതയുള്ള മിടുക്കരായുള്ള ഉദ്യോഗാർത്ഥികൾ തന്നെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്ന ഒരു വിശ്വാസം പി.എസ്.സി. യെ സംബന്ധിച്ച് ഇന്നലെ വരെ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കൾ വളരെ പ്രതീക്ഷയോടെ കണ്ണടച്ച് വിശ്വസിച്ചിരുന്ന സ്ഥാപനം ആയിരുന്ന ഇത്.
അതെല്ലാം ആണ് ഇപ്പോൾ നഷ്ടമായത്.
ഇത് ആദ്യമായി സംഭവിച്ച ഒരു വീഴ്ച എന്ന് ലാഘവത്തോടെ കാണാൻ കഴിയില്ല. വർഷങ്ങളായി തുടർന്നു വരുന്ന അഴിമതി തന്നെയാണ് ഇതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. യാദൃശ്ചികമായി ഒരു കത്തിക്കുത്തു കേസ് ഉണ്ടായപ്പോൾ ആ കേസിന്റെ അന്വേഷണ വഴിയിൽ കിട്ടിയ ഒരു 'ഉപോൽപ്പന്നം' മാത്രമാണ് ഈ ക്രമക്കേടു കണ്ടെത്തൽ. ഇത്തരത്തിൽ ഒരു കത്തിക്കുത്ത് നടന്നില്ലായിരുന്നെങ്കിൽ ഈ "കൃഷി '' യാതൊരു തടസ്സവും കൂടാതെ തുടർന്നേനെ.
ക്രമക്കേട് വെളിച്ചത്തുവന്ന ഉടൻ തന്നെ, പ്രാഥമികാന്വേഷണം പോലും നടത്താതെ, പി.എസ്.സി. നടത്തുന്ന പരീക്ഷകളെയും, റാങ്ക് ലിസ്റ്റിനെയും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും, യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും, അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി തന്നെ പറയുകയുണ്ടായി. അത് ആരെ രക്ഷിക്കാനായിരുന്നു എന്ന് വെളിപ്പെടുത്താനുള്ള ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. ഇപ്പോൾ തന്റെ വാക്കുകളെ അദ്ദേഹത്തിന് വിഴുങ്ങേണ്ടി വന്നിരിക്കുന്നു.
പി.എസ്.സി യുടെ വിശ്വാസ്യത വീണ്ടെടുത്തേ മതിയാകൂ. മുൻ കാലങ്ങളിൽ, പി.എസ്.സി യിൽ അംഗങ്ങളായും, ചെയർമാൻ ആയും നിയമിക്കപ്പെടുന്നവർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന, വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന പ്രതിഭകൾ ആയിരുന്നു.
എന്നാൽ ഇപ്പോൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളെ പ്രതിഷ്ടിക്കാനുള്ള ഒരു സംവിധാനമാക്കി പി.എസ്. സി എന്ന മഹത്തായ ഭരണഘടനാ സ്ഥാപനത്തെ മാറ്റി.
അത്തരം അംഗങ്ങളും ചെയർമാനും ഭരിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നും ഇത്തരത്തിലുള്ള അഴിമതിയും ക്രമക്കേടും ഉണ്ടായില്ലെങ്കിൽ മാത്രമേ അതിശയിക്കേണ്ടതുള്ളൂ. പി.എസ്.സി അംഗങ്ങളും, അവിടുത്തെ ചില ഉദ്യോഗസ്ഥരും, ഭരണകക്ഷിയിലെ ചില രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന ഒരു അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. (ഒന്നോ രണ്ടോ വ്യക്തികൾ ശ്രമിച്ചാൽ നടക്കുന്ന ക്രമക്കേടല്ല നടന്നിരിക്കുന്നത്.) മാറി മാറി വരുന്ന സർക്കാരുകൾക്കനുസരിച്ച് ഈ ലോബിയിലെ അംഗങ്ങൾ വ്യത്യസ്തമാകും എന്ന മാത്രം. അത്തരം ഒരു ലോബി തന്നെ പ്രവർത്തിക്കാതെ ഇത്ര ഗൗരവമുള്ള ക്രമക്കേടും കൃത്രിമവും പി.എസ്.സി.പരീക്ഷകളിൽ നടക്കില്ല എന്ന് ഉറപ്പ്.
അഴിമതി നടപ്പാക്കിയതിലെ വൈദഗ്ദ്ധ്യം മറ്റൊരു വസ്തുത കൂടി വിളിച്ചോതുന്നു, ഇത് ആദ്യ സംഭവം അല്ല. വർഷങ്ങളായി ഇവിടെ തുടർന്നു വരുന്ന ഒരു പതിവു പരിപാടി തന്നെയാണിത് ........!
"പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ"
അത്ര മാത്രം.............!!
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി എന്തിലും ഏതിലും രാഷ്ട്രീയം കാണാതെ, പി.എസ്.സി യ്ക്ക് ഉണ്ടായ ഈ കളങ്കം കഴുകി, നഷ്ടപ്പെട്ട വിശ്വാസ്യതയും മഹത്വവും വീണ്ടെടുക്കുവാനുള്ള സത്വര നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment