Views:
'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'
ഓണത്തെ കുറിച്ച് നാം സംസാരിക്കുമ്പോഴൊക്കെ സമത്വ സുന്ദരമായ ഭൂതകാലത്തെ ഗൃഹാതുരതയോടെ വിവരിക്കുക പതിവാണ്. എന്നാൽ, കാല്പനികമായി നാം പറഞ്ഞു കൂട്ടുന്നതൊക്കെയും വാസ്തവമാണോ? ആയിരിക്കാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഭാഷയില്‍ ഇന്നും പ്രചാരത്തിലിരിക്കുന്ന ചില ശൈലികളും പഴഞ്ചൊല്ലുകളും.
നാമിന്ന് ആഘോഷിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നതുപോലെ, ഓണം ആഘോഷിക്കുകയോ, എന്തിന്, ഓണത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ജനവിഭാഗങ്ങളും പഴയകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.
'ഓണം കേറാമൂല' എന്നാണ് അത്തരം സ്ഥലങ്ങളെ ശൈലിയിലൂടെ ഭാഷ അടയാളപ്പെടുത്തിയിരിക്കുന്നത്. മുഖ്യധാരാ ജീവിതത്തിന്‍റെ വർണ്ണാഭകളില്‍ നിന്നകന്ന്, വെളിച്ചപ്പെടാത്ത ഒറ്റപ്പെട്ട മനുഷ്യരുടെ ജീവചരിത്രക്കുറിപ്പാണ് 'ഓണം കേറാമൂല'യില്‍ കോറിയിടപ്പെട്ടിരിക്കുന്നത്.
'ഓണം അടുത്ത ചാലിയൻ' 'കാണം വിറ്റും ഓണം ഉണ്ണണം' എന്നിങ്ങനെ ഓണ സംബന്ധിയായ രണ്ട് പഴഞ്ചൊല്ലുകള്‍ ഡോ. ഗുണ്ടര്‍ട്ട് തന്‍റെ മലയാളം നിഘണ്ടുവില്‍ എഴുതുന്നുണ്ട്.
ചാലിയന്മാർ സമൂഹത്തിലെ ഒരു ജാതി വിഭാഗം ആളുകളാണ്. വസ്ത്രങ്ങൾ അലക്കുകയും തുണിയിൽ ചായം മുക്കുകയുമാണ് അവരുടെ ഉപജീവനമാർഗ്ഗം. കർക്കടകത്തിലെ ദുർഘടങ്ങളെല്ലാം ഒഴിഞ്ഞ്, വലിയ തിരക്കിലേക്കാണ് അവരെ സംബന്ധിച്ചിടത്തോളം ചിങ്ങം മിഴിതുറക്കുന്നത്. സമയത്തിന് ആഹാരം കഴിക്കാൻ പോലും അവർക്ക് അപ്പോള്‍ കഴിയാറില്ല. ആ നിലയ്ക്ക് ആഘോഷത്തിന്‍റെ കാര്യം പറയാനുമില്ല.
'കാണം വിറ്റും ഓണമുണ്ണണം' എന്ന പഴഞ്ചൊല്ല് ഡോ. ഗുണ്ടര്‍ട്ട് തന്‍റെ നിഘണ്ടുവില്‍ ഉദ്ധരിക്കുന്നുണ്ട്.
കാണം (ഭൗതിക സ്വത്തുക്കൾ) നഷ്ടപ്പെടുത്തിയായാലും ഓണാഘോഷത്തിൽ പങ്കുചേരാൻ ആരെയോ ആഹ്വാനം ചെയ്യുന്നതിന്‍റെ സ്വഭാവം ഈ പഴഞ്ചൊല്ലിലുണ്ട്. ആ പഴഞ്ചൊൽ അഭിസംബോധന ചെയ്യുന്ന ആളുകളുടെ ആത്മാഭിമാനത്തെ തൊട്ടു ഉണർത്തി ഉള്ളതെല്ലാം വിറ്റുപെറുക്കി ഓണം കൂടാനുളള ഒരു ത്വര അവരിൽ ഉണ്ടാക്കുവാൻ പ്രേരണാ ദായകമായാണ് ഈ പഴഞ്ചൊല്ല് പ്രയോഗവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഓണത്തിന്‍റെ ധാരാളിത്തത്തിലേക്ക് പ്രലോഭനത്തിന്‍റെ ചൂണ്ടകൊരുത്ത് കാണത്തിന്‍റെ ഉടമസ്ഥനെ ക്ഷണിക്കുകയാണ്.
'കാണം' എന്നതിനു 'ഭൂമിയുടെ ഉടമസ്ഥാവകാശം' എന്നാണര്‍ത്ഥം. 'കാണപ്പുലയന്‍' എന്നൊരു പ്രയോഗം നിലവിലുണ്ട്. 'പുലം' എന്നതിന് വയല്‍ എന്നര്‍ത്ഥം നിഘണ്ടുക്കള്‍ നല്‍കുന്നു. അങ്ങനെ നോക്കുമ്പോള്‍ 'പുലയന്‍' വയലിന്‍റെ അധികാരി / ഉടമസ്ഥന്‍ ആണ്. അഥവാ അങ്ങനെയായിരുന്നു. അതായത്, പുലയനെന്നാല്‍ വയലിന്‍റെ ഉടമയും കര്‍ഷകനുമായിരുന്നുവെന്നര്‍ത്ഥം. അതുകൊണ്ടാണ് 'കാണപ്പുലയന്‍' എന്ന ശൈലി സാധുതമാവുന്നത്.
ഭൂമിയുടെ യഥാര്‍ത്ഥ ഉടമകൂടിയായിരുന്നു ഒരിക്കല്‍ അയാള്‍. അയാളോടാണ് ഓണത്തിന് കാണം വില്‍ക്കണം എന്ന് ആരോ പറയുന്നത്.
ഓണം കാണപ്പുലയന് വലിയ വിശേഷങ്ങളല്ലായിരുന്നുവെന്ന സൂചനയും ഇതില്‍ ഉളളടങ്ങിയിരിക്കുന്നുവെന്നു വേണം കരുതാന്‍. അപ്പോള്‍, ഇവിടെ കടന്നുവന്ന് തന്ത്രപൂര്‍വ്വം ഭൂമിയുടെ ഉടമസ്ഥാവകാശം കയ്യടക്കിയവരിലൂടെയാണ് ഈ പഴമൊഴി പ്രചരിപ്പിക്കപ്പെട്ടത് എന്നു മനസ്സിലാക്കാം.
No comments:
Post a Comment