Views:
എവിടെ ഞാൻ നിത്യം ചവിട്ടിപ്പോകാറുള്ള
ഒറ്റച്ചാലാം വഴി
കുറ്റിക്കാടുകൾ പിന്നെ തൊട്ടാവാടിക്കൂട്ടങ്ങൾ
തൊട്ടു തൊട്ടു നോക്കുമ്പോൾ നുള്ളിനുള്ളി -
കിന്നാരം പറഞ്ഞു ചിരിച്ചുള്ള പച്ചത്തലപ്പുകൾ
മഴ മിഴി നീട്ടീടവേ,യന്നോളമറിയാത്ത അത്യപൂർവ്വ സുഗന്ധം
വാപിയിലെങ്ങും വ്യാപിച്ചുള്ള പങ്കജങ്ങൾ
കോടി ജന്മങ്ങൾ മാറി മറിഞ്ഞു വന്നീടിലും
അന്തര്യാമിയായിന്നും കാന്തിയാൽ കാത്തീടുന്ന
ഹൃദയസരസ്സിലെ കുളിരാംകുരുന്നില പെണ്ണ്.
കള്ളിമുള്ളു പൂത്തുള്ള കാലത്തിലാണിന്നു ഞാൻ
കാടക,മുള്ളിൽ പേറി നടക്കും ജന്മങ്ങൾ -
കാടായ കാടൊക്കെയും കട്ടുമുടിക്കും കാലം.
ഇലക്കുമ്പിളും കോട്ടി ഓണപ്പൂ പറിക്കുവാൻ
കേറിയ കുന്നും ,കാടും ,ഊഷ്മള ശ്വാസങ്ങളും
വേനലും, വെളിമ്പ്രദേശവും ഇടവപ്പാതിതൻ -
തുടിതാളവും
താളം തെറ്റിപ്പോയല്ലോ തമസ്സുകിളിർത്തല്ലോ
നന്മയും ,നറുമലരും എങ്ങാണൊളിഞ്ഞിരിപ്പൂ
നിറങ്ങളെല്ലാം വറ്റി തിരിച്ചറിയാതായല്ലോ
ഗ്രീഷ്മങ്ങൾ പെയ്യുന്നല്ലോ
കാട്ടുതീയാണിന്നെങ്ങും
നട്ടുച്ചത്തിറയാട്ടം, ഗുരുസി കലിയാട്ടം
ഒറ്റച്ചാലാംവഴിപോൽ
ഒറ്റയ്ക്കു നിൽക്കുന്നു ഞാൻ
ഓർമ്മകൾ തൊട്ടാവാടി കൂട്ടമായ് തളിർക്കുന്നു
പഴയൊരാമുഖത്തിനെ മറച്ചീടുന്നു കാലം
മറക്കാനെളുതാമോ,യെനിക്കാ മുഖത്തിനെ
മാലേയ സുഗന്ധത്തെ.
--- Raju.Kanhirangad
5 comments:
നല്ല രചന
സന്തോഷം
good
നന്ദി
നന്ദി
Post a Comment