Raji Chandrasekhar :: വാക്കായി വാഴുക...

Views:



എന്താണ് പ്രശ്നം ? 
ഒരു കുതിരക്കുളമ്പൊച്ച
നൊന്തിടംകണ്ണിനാൽ തേവുന്നു ഹൃത്തടം.

സ്വന്തമെന്നോർത്തേ, 
വിയർപ്പുപ്പിലുമ്മയാ-
ലന്തിക്കിരുട്ടി-
ന്നലോസരം ചേർപ്പതും നിർത്തി 
ഞാനെങ്ങോട്ടു പോകുവാൻ, 

ജീവിതം 
വ്യർത്ഥമാമാർത്തിക്കുതിപ്പെന്നു 
കാവിയിൽ മൂടണോ, 

മിണ്ടാതെ 
തെരുവോരമാർത്തനായാടി നടക്കണോ, 

കലമ്പു,ന്നൊരംഗതാളങ്ങളിൽ 
ആസക്തനായ് 
രാസരംഗങ്ങളാടിത്തിമിർക്കണോ, 
വേണ്ട.

വേണ്ട, 
ഞാനസ്വസ്ഥമോളപ്പരപ്പിലും
നീണ്ടുയർന്നംബരം ചുംബിക്കുമംബുജം.

എന്താണമാന്തമോ, 
ചെമ്പട്ടുടുത്തു നീ,
സന്തോഷമോ,ടതിൻ 
വാക്കായി വാഴുക...