Views:
നമ്മള് കവിതയാകുന്നു.
കാലചക്രത്തിരശ്ശീല
വീണ്ടുമുയരുമ്പോൾ
കാറ്റിലാടും കോമരം ഞാൻ
തുള്ളിയാർക്കുന്നു...
ചിലമ്പൊച്ച തിളയ്ക്കുന്ന
വാളു വീശുമ്പോൾ
ചിണുങ്ങി മൂളും വികാരം നീ
വന്നു പൊതിയുന്നു... എന്നെ
വന്നു പൊതിയുന്നു...
ലാവണ്യപ്പെരുങ്കടൽ-
ത്തിരകൾ തഴുകുമ്പോൾ
ലവണമേറും മണ്ണടരായി
നിന്നിലലിയുന്നു...
ചാട്ടുളിയായ് നിൻ സ്മൃതിയെൻ
നെഞ്ചു കീറുമ്പോൾ
ചാലിടുന്നൊരു ചോരയായ് നീ
എന്നെ മൂടുന്നു... എന്നും
എന്നെ മൂടുന്നു...
നിന്നെയോർത്തു കരഞ്ഞ കണ്ണുകൾ
നീരു തേടുമ്പോൾ
നിന്റെ സ്നേഹം കൂർത്ത മുള്ളാ-
യുള്ളിലാഴുന്നു...
തമരുപൊട്ടും നിന്റെ വാക്കിൽ
ഉള്ളു ചിതറുമ്പോൾ,
തഴുകിയൊഴുകാനുറവയായ് നീ-
യെന്നുമുണ്ടല്ലൊ... കൂടെ-
യെന്നുമുണ്ടല്ലൊ...
ഇരുളുമൂടി കദനമായി നീ
രാവിൽ നിറയുമ്പോൾ...
രാക്കിളിയായി പാട്ടുമൂളി
ഓർമ്മ മിന്നുന്നൂ...
നിന്റെ ചിത്രം ഒന്നു മായ്ക്കാൻ,
മേധ തുനിയുമ്പോൾ
നിറമേഴും ചാർത്തിടും നീ
പ്രാണ മഴവില്ല്, എന്റെ
പ്രണയ മഴവില്ല്...
ആളിയാളിയെന്നെ നീയ-
ങ്ങാഞ്ഞു പുൽകുമ്പോൾ
ആഴമേറും തീക്കനലായ്
ഞാനുമുണരുന്നു... നിന്റെ
നോക്കിലുണരുന്നു ...
ദയയില്ലാ വറുതിയിൽ ഞാൻ
വിണ്ടു നീറുമ്പോൾ
ദാഹനീരായോടിയെത്തും
കരിമുകിൽ പെണ്ണ്, എന്റെ
കരിമുകിൽ പെണ്ണ്...
നിന്റെ നാവിത,ളെന്റെ വാക്കിനു
വെൺമയേറ്റുമ്പോൾ,
എങ്ങകലാൻ നൻമ, നേരുകള്‍,
നമ്മളാകുന്നു... നീ
പ്രാണനാകുന്നു... എന്റെ
കാലമാകുന്നു... എന്റെ
പ്രണയമാകുന്നു... നമ്മള്
കവിതയാകുന്നു...
2 comments:
നല്ല രചന
സന്തോഷം നല്ല വാക്കിന്
Post a Comment