അനുഭൂതിയുടെ അഗ്നിച്ചിറകുകൾ
ജയൻ പോത്തൻകോട്
“ഒരല്പംകൂടി കാവ്യാത്മകമായിരിക്കുക; ജീവിതത്തിനു
മനോഹരമായ പ്രണയ ലേഖനങ്ങൾ എഴുതുക. ധ്യാനം എന്ന്
പറഞ്ഞാൽ അതുതന്നെയാണ്” ഓഷോ.
എന്താണ് പ്രണയം...? കഞ്ഞിയിൽ ഉപ്പ് പോലെ അനുഭവിച്ചറിയാൻ മാത്രമാകുന്നതും
വാക്കുകളാൽ അതിരുകൾ വരയ്ക്കാനാകാത്തതുമായ വികാരമെന്ന് തനി നാടൻ ഭാഷ്യം. പ്രണയം അനശ്വരമായ
ഒരനുഭൂതിയും അതിനുപരിയായി ഒരു കലയുമാണെന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യവികാരങ്ങളിൽ ഏറ്റവും ഉൽക്കടവും
അതിതീവ്രവുമായ ഒന്ന് ലൈംഗിക ദാഹത്തിൽ നിന്ന് ഉടലെടുക്കുന്ന വികാരമെന്ന് പ്രണയത്തെ ലോക
പ്രശസ്തനായ മനശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡ്
അഭിപ്രായപ്പെടുന്നു. എന്നാൽ, സൗന്ദര്യത്തിൽ പരമമായ ആഹ്ലാദം കണ്ടെത്താനുള്ള മനസ്സിന്റെ
സാക്ഷാത്ക്കാരമാണ് പ്രണയമെന്ന് പ്ലേറ്റോ. പ്രണയം ഒരുതരം ഭ്രാന്തെന്ന് ജോണ്‍ ആൻലിയും.
എന്തായാലും ഏദൻ തോട്ടത്തിൽ അങ്കുരിച്ച പ്രണയം യുഗങ്ങളായി തുടർന്നുകൊണ്ടേയിരിക്കുന്നു.
ചുരുക്കത്തിൽ വേണ്ടതിനോടു മാത്രം തോന്നുന്ന വിശുദ്ധ വികാരം തന്നെ പ്രണയം.
യുവകവി ശ്രീ. സിദ്ദീഖ് സുബൈറിലൂടെയാണ്
രജി ചന്ദ്രശേഖർ എന്ന കവിയെ ഞാൻ പരിചയപ്പെടുന്നത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആ പ്രതിഭയുടെ കാവ്യബോധം എന്നെ അത്ഭുതപ്പെടുത്തി.
മലയാളമാസികയുടെ മുഖ്യ പത്രാധിപർ, മികച്ച സംഘാടകൻ, ജ്യോതിഷി തുടങ്ങിയ രംഗങ്ങളിൽ അദ്ദേഹം
കാണിക്കുന്ന മികവ് ശ്രദ്ധേയമാണ്. സാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലും ശക്തമായി ഇടപെടുന്നു.
ഭക്തിയും വ്യക്തമായ രാഷ്ട്രീയ നിലപാടും വച്ചുപുലർത്തുന്ന മനുഷ്യസ്‌നേഹി. ഈ അർത്ഥത്തിലെല്ലാം
അദ്ദേഹത്തെ വിശേഷിപ്പിക്കാമെങ്കിലും എനിക്കിഷ്ടം, പുതിയ എഴുത്തുകാർക്ക് നൽകുന്ന പ്രോത്സാഹനമാണ്.
എഴുതിത്തുടങ്ങുന്നവർക്ക് മലയാളമാസികയിൽ
ഒരിടമുണ്ട്. എഴുതുന്നതിനുള്ള ഒരു പ്രചോദനം
എപ്പോഴും രജി മാഷിൽ നിന്നും ലഭിക്കുന്നുമുണ്ട്.
ഒരു അദ്ധ്യാപകനുണ്ടായിരിക്കേണ്ട സത്യസന്ധത
(Truthfulness), ആത്മാർത്ഥത (Earnestness), കാര്യപ്രാപ്തി (Ability), സ്വഭാവഗുണം
(Character), നിഷ്‌കാപട്യം (Honesty), ഉത്സാഹം (Enthusiasm), വിവേചനശക്തി (Reasoning)
എന്നീ സപ്ത ഗുണങ്ങൾ രജി മാഷിൽ പ്രകടമാണ്.
രജി ചന്ദ്രശേഖറിന്റെ തനിച്ചു പാടാൻ
എന്ന ഈ കവിതാ സമാഹാരത്തിൽ 36 പ്രണയ ഗീതികളാണ് ഉള്ളത്. പ്രണയമെന്ന ഉദാത്തമായ ഭാവത്തിന്റെ വ്യത്യസ്ത മാനങ്ങൾ
തേടുകയാണ് ഇതിലെ കവിതകളിലൂടെ. നോവായും കരുണയായും
ആനന്ദമായും പരിഭവമായും പിണക്കമായുമെല്ലാം അത് ആടിത്തിമിർക്കുന്നു. ഹൃദ്യവും ചേതോഹരവുമായി
ആലപിക്കാവുന്നവയുമാണ് ഇതിലെ എല്ലാ കവിതകളും.
'വാക്യം
രസാത്മകം കാവ്യം' എന്നാണ് കവിതയെ
കുറിച്ച് പറയാറുള്ളത്. കവിത വായിക്കുമ്പോൾ വായനക്കാരൻ രസിക്കണം. ഇവിടെ രസിക്കുക മാത്രമല്ല,
സിരകളിൽ തീ പടർത്താനും കഴിയുന്നുണ്ട്. ഓരോ പ്രണയ ഗീതവും പ്രണയത്തിന്റെ അഗ്നിച്ചിറകുകളായി
മാറുന്നതും നമുക്ക് കാണാം.
പ്രണയത്തോളം ഹൃദ്യമായ മറ്റൊരു വികാരവുമില്ലെന്ന്
പുന്നാര പൂങ്കിളിയേ
എന്ന പ്രഥമ കവിതയിലൂടെ രജി ചന്ദ്രശേഖർ കുറിക്കുന്നു. കവിയുടെ ആരാമത്തിൽ കുറച്ചുകൂടി
കിന്നാരം ചൊല്ലി, എന്നും അരികിലായി തന്റെ പ്രണയിനി ഉണ്ടാകണമെന്ന് കവി ആഗ്രഹിക്കുന്നു.
പ്രണയം നയിക്കലും നമിക്കലുമാണ്. അത്
ഭക്തിയായും യാചനയായും മോക്ഷമായും മാറുന്നു. പ്രണയം തലയ്ക്കു പിടിച്ചാൽ എന്തും സംഭവിക്കാമെന്നാണ്
ദേഷ്യപ്പെടല്ലേ
എന്ന കവിതയിൽ പറയുന്നത്. പ്രണയിനി എപ്പോഴും
തന്റേതു മാത്രമായിരിക്കണമെന്നാണ് ഏതൊരു കാമുകന്റെയും ആഗ്രഹം. അതിനു വേണ്ടി കാട്ടിക്കൂട്ടുന്ന
ചെയ്തികൾ അല്പം കടന്നുപോകാറുമുണ്ട്. ഏത്തമിട്ടു കൂപ്പുകൈയ്യോടെ പ്രണയിനിയ്ക്കു മുമ്പിൽ
നിൽക്കുന്ന കാമുകനെ നമുക്കിവിടെ കാണാം.
ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം.
മറിച്ച് ഉറങ്ങാൻ അനുവദിക്കാത്ത വികാരമാണ് സ്വപ്നം. കിനാക്കളിൽ പൊന്നിൻ ചിറകുമായി കിന്നാരം
മൂളി കടന്നു വരുന്ന പ്രണയിനിയെ ഓർക്കുകയാണ് സ്വപ്നമേ
എന്ന കവിതയിൽ.
തുമ്പപ്പൂവിന്റെ വിശുദ്ധി ജീവിതത്തിലേയ്ക്ക്
കൊണ്ടു വന്ന പ്രണയിനിയെ താളം
എന്ന ഗീതത്തിലൂടെ കവി നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. അവളുടെ ഭംഗിയും മുഖകാന്തിയും
ആദ്യ പ്രണയത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളെ സമ്മാനിച്ചിരിക്കുന്നു. രണ്ടു കൈയ്യിലും
തുമ്പമലരുമായി കടന്നു വന്ന പ്രണയിനിയുടെ ഭംഗി കാലമേറെ കഴിഞ്ഞിട്ടും നക്ഷത്ര ശോഭയോടെ
ഇന്നും പൂത്തു നിൽക്കുന്നു.
രണ്ടു കൈയ്യിലും തുമ്പമലരുമായ്
പണ്ടു നീ വന്നു നിന്നതോർക്കുന്നുവോ
അന്നുതൊട്ടെന്റെ ചിന്തയിൽ പൂത്തതാ-
ണിന്നുമിന്നിടും താരങ്ങളൊക്കെയും.
പ്രണയം സ്വന്തമാക്കാനുള്ളതാണ്. സ്വന്തമായാൽ തീർന്നുപോകുന്നതുമല്ലെന്ന്
നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രണയിനിയായ ഗംഗയെ ജടയിൽ ഒളിപ്പിച്ച
പരമശിവനെ രൗദ്രമാടാം
എന്ന കവിതയിൽ കാണാം. ഇടതടവില്ലാതെ ഒഴുകുന്ന
ഗംഗയുടെ ഗുരുത്വകാന്തിയിൽ ഉടക്കി, ഉടുക്കിന്റെ താളത്തിനൊത്ത് നൃത്തം വയ്ക്കുന്ന ശിവന്റെ
പ്രണയമാണ് കവി വർണ്ണിച്ചിരിക്കുന്നത്. ദൈവികമായ
സിദ്ധി ഉള്ളവർക്കുമാത്രം അറിയുന്ന കാര്യം.
താളാത്മകത ഇതിലെ ഒട്ടുമിക്ക കവിതകളിലും
നമുക്ക് കാണാം. കണ്ടു
എന്ന കവിതയിൽ നോക്കിയാൽ അതു നമുക്ക് സ്പഷ്ടമാണ്. വാക്കുകളെ കൃത്യമായ താളത്തിൽ ക്രമീകരിച്ചിരിക്കുന്നു.
വളരെ കൈവഴക്കം വന്ന ഒരെഴുത്തുകാരന്റെ പ്രതിഭാവിലാസം നാം കാണുന്നു.
പ്രണയപക്ഷത്ത് നിന്നുകൊണ്ട് തന്നെ
പ്രണയത്തെ കളിയാക്കുന്ന മറ്റു രണ്ടു രചനകളാണ് എനിക്കൊരു
ഫ്രണ്ടുണ്ട്, പ്രണയത്തിൻ
സെൽഫിയായി എന്നിവ. ജീവിതത്തെ അതിന്റെ നശ്വരത അറിഞ്ഞുകൊണ്ടു തന്നെ അതിനെ അംഗീകരിക്കുകയും
സ്നേഹിക്കുകയും ചെയ്യുന്ന കവി, പ്രണയത്തിന്റെ മധുര സങ്കൽപങ്ങൾ ഇതിലെ കവിതകളിലും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ഒറ്റപ്പെടലും വിഷാദവും മുറ്റി നിൽക്കുന്ന കവിതകളുമുണ്ട്.
പ്രേമാനുഭൂതികളുടെ ഊഷ്മളത അതിന്റെ വൈകാരിക
തീക്ഷ്ണതയോടെ കോറിയിടുവാൻ രജി ചന്ദ്രശേഖറിനു കഴിഞ്ഞിരിക്കുന്നു. ദിവ്യ യജ്ഞമല്ലെ,
ആനന്ദജ്യോതി
എന്നീ കവിതകൾ ഉദാഹരണങ്ങൾ. പദവിന്യാസത്തിന്റെ ശാലീന സൗകുമാര്യത്താൽ പ്രേമാനുഭൂതികളുടെ
പുതിയ വസന്തമാണ് ഇത്തരം കവിതകളിൽ വിടരുന്നത്.
പ്രണയത്തോളം ഹൃദ്യമായ മറ്റൊരു വികാരവുമില്ലെന്ന്
പ്രണയമേ നീയെന്ന
കവിതയിൽ പറയുന്നുണ്ട്. പ്രണയത്തെ ഒരു നാളും അണകെട്ടി തടയുവാനോ വിലക്കുവാനോ കഴിയില്ലെന്നു
സാരം.
ഉദയാസ്തമയങ്ങളെ ബന്ധിപ്പിക്കുന്ന
കണ്ണിയാണ് സന്ധ്യ. അങ്ങനെയുള്ള സിന്ധൂരസന്ധ്യയ്ക്ക് പൊന്നാട ചാർ ത്തുവാൻ പ്രണയിനി എന്നു
വരുമെന്നാണ് എന്നു നീ
വന്നുചേരും എന്ന കവിതയിൽ രജി മാഷ് ചോദിക്കുന്നത്. കാത്തിരിപ്പ്, ആരാധന, സമർപ്പണം എന്നീ അവസ്ഥകളിലൂടെ
വരുന്ന പ്രണയ പ്രപഞ്ചത്തെയാണ് നമുക്ക് ഈ വരികളിൽ കാണാൻ കഴിയുന്നത്.
പ്രണയിക്കുന്ന ആളോട് തന്റെ പ്രണയം
തുറന്ന് പറയുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നോട്ടം കൊണ്ടു പോലും പ്രണയികൾക്ക്
ഹൃദയം കൈമാറാൻ കഴിയുമെന്ന് തനിച്ചു പാടാൻ
എന്ന കവിത കാണിച്ചു തരുന്നു. കാവ്യ സമാഹാരത്തിനു നൽകിയിരിക്കുന്ന തനിച്ചു പാടാൻ
എന്ന ശീർഷകം ഏറെ മനോഹരമായി.
പ്രണയത്തിന്റെ ആരംഭം നോട്ടത്തിൽ തുടങ്ങുന്നു. ഒളിഞ്ഞും തെളിഞ്ഞും കാണാൻ ശ്രമിക്കുന്നവരാണ് കമിതാക്കൾ.
എന്നാൽ പ്രണയം മനുഷ്യരെ അന്ധരാക്കും എന്നത് രഹസ്യമായി പ്രണയിക്കുന്നവരുടെ കാര്യത്തിലും
ശരിയാണ്. പ്രണയിക്കുന്നവർ കാണാനുള്ള ഒരവസരവും പാഴാക്കാറുമില്ല.
ഈ കവിതാ സമാഹാരത്തിലെ മറ്റൊരു പ്രത്യേകത
ഇതിലെ കവിതകൾക്കു കൊടുത്തിരിക്കുന്ന മനോഹരമായ തലക്കെട്ടുകളാണ്. ഒരു മന്ദഹാസം,
തുണ,
ധന്യജന്മം,
സാന്ദ്രം,
ആഗ്നേയവീണ
എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം.
അമ്മയുടെ വാത്സല്യത്തിന്റെ താരാട്ട്
കേട്ട് ഉറങ്ങുന്ന പൈതൽ അനുഭവിക്കുന്ന സുരക്ഷിതത്വം നിർവ്വചിക്കാനാവാത്തതാണ്. നിറഞ്ഞൊഴുകുന്ന
താരാട്ടിന്റെ ശീലുകൾ അമ്മയുടെ സ്‌നേഹത്തിന്റെ ഉറക്കു പാട്ടുകളാണ്. ഈണം മുറിയാതെ ഓർമ്മയിൽ സൂക്ഷിക്കുന്ന താരാട്ടു പാട്ടുകൾ
പോലെ തന്റെ മാറിൽ ചേർന്നുറങ്ങാൻ എന്നു വരുമെന്നു കവി പ്രണയിനിയോട് ചോദിക്കുന്നുണ്ട്. പ്രണയവും കവിതയും ഒന്നു തന്നെയാണ് രജി ചന്ദ്രശേഖറിന്.
ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായ
രാധാകൃഷ്ണ പ്രണയം കൂടി ഈ പ്രണയഗീതികളിൽ ഉൾപ്പെടുത്തണമായിരുന്നു എന്നാണ് വ്യക്തിപരമായി
ഈയുള്ളവന്റെ നിർദ്ദേശം.
മഹാമാരിയുടെ ഈ കറുത്ത കാലത്തും മനുഷ്യ
മനസ്സിന്റെ പ്രബുദ്ധതയും ആകുലതയും ആർദ്രതയും മനസ്സിലാക്കുന്ന സമാനഹൃദയർ ഉണ്ടാകണമെന്നാണ്
കവി ആഗ്രഹിക്കുന്നത്.
രജി എന്ന വാക്കിന് ആയുസ്സിന്റെ പുത്രൻ
എന്നാണ് അർത്ഥം. ഏതു മേഖലയിലും ശോഭിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ. പറയുന്നതേ ചെയ്യു,
ചെയ്യുന്നതേ പറയൂ എന്ന നിർബന്ധമുള്ള ജ്യേഷ്ഠസുഹൃത്ത്. ഹൃദയാന്തർഭാഗത്ത് പ്രണയം കൊണ്ട്
നടക്കുന്ന ഏതൊരാൾക്കും ഇതിലെ കവിതകൾ ഇഷ്ടപ്പെടും. രജി ചന്ദ്രശേഖറിൽ നിന്നും ഇനിയും
ഇത്തരത്തിലുള്ള പ്രണയ ഗീതികൾക്ക് കാതോർക്കുന്നു. കവിയെയും കവിതാ സമാഹാരത്തെയും നമുക്ക്
സ്വാഗതം ചെയ്യാം. അനുഭൂതിയുടെ അഗ്നിച്ചിറകുകളിലേറാം...
സ്‌നേഹാദരം......
No comments:
Post a Comment