പ്രശസ്ത
കവി രജി ചന്ദ്രശേഖർ മാഷിന്റെ മനോഹരമായ
കവിതയാണ് മഞ്ചാടി. പ്രണയവും, ഏകാന്തതയും,
ദൈന്യതയും പിന്നെ മനുഷ്യന്റെ ഒടുങ്ങാത്ത ദുരയും, മതാന്ധതയുമെല്ലാം ഈ കവിതയിൽ പ്രതിഫലിക്കുന്നുണ്ട്.
ശക്തമായ ആർഷഭാരത സംസ്കാരത്തെ കവി ഉയർത്തിക്കാട്ടുന്നുമുണ്ട്.
മഞ്ചാടി പോലെന്റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു.
ആ നിണ രസത്തുള്ളി
കൊണ്ടു നിന്റെ നെറ്റിയിൽ ഞാനൊരു പൊട്ടുകുത്താം. നിന്റെ അധരങ്ങളിലും, തുടുത്ത കവിളിണകളിലും
ഈ ചക്രവാളത്തിനുമിന്നൊരേ നിറം! ചെമ്പരത്തിയും ചെമ്പനീർപ്പൂവുമെല്ലാം അംഗരാഗമണിഞ്ഞ്
അഴകോടെ നിൽക്കുന്ന കാഴ്ച. എത്ര മനോഹരമാണീ കവി ഭാവന!
കുളിർപകർന്നു
കറങ്ങുന്ന പങ്ക, വായിച്ചു കൊണ്ടിരുന്ന പുസ്തകത്താളിലെ കൈവിരൽ താളത്തിൽ ലയിച്ചു പ്രണയിനിയുടെ
കടക്കണ്ണൊളികളിലേക്ക് പാളി വീഴുന്ന നോട്ടത്തിലൂടെ പ്രണയസാഫല്യം തിരയുന്ന കവിമനസ്സ്!
ടാർപോലും
ഉരുകിത്തിളയ്ക്കുന്ന വെയിൽച്ചൂടിനെ തണുപ്പിക്കാൻ പുലരിയിലെ മഞ്ഞിൻ കണങ്ങൾക്കാകും.
മനസ്സിനുള്ളിലെ
ഏതു തീച്ചൂളയേയും ശാന്തമാക്കാൻ പച്ചിലക്കാട്ടിൽ നിന്ന് എത്തി നോക്കിച്ചിരിക്കുന്ന ചെറുപുഷ്പത്തിനും,
നിശബ്ദമായി പൂന്തേൻ നുകരുന്ന കൊച്ചുതുമ്പിക്കുപോലുമാകും. പ്രകൃതിദൃശ്യങ്ങൾ മനുഷ്യ മനസ്സിനെ
അത്രമേൽ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. എന്നാൽ ഒരേകാകിയുടെ ജീവിതത്തിൽ സുന്ദരമായ ദൃശ്യങ്ങൾക്ക്
സന്തോഷം പകരാൻ ആവില്ല. ചുറ്റുമുള്ളവയിലൊക്കെയും ദു:ഖം തിരയുന്ന മിഴികൾ... അടക്കി വെച്ച
പ്രണയം വെറും സ്വപ്നമായി മാത്രമവശേഷിക്കുന്നു.
ഇവിടെ
ദൈന്യതയുടെ പ്രതിരൂപങ്ങളായ വൃദ്ധനും, വൃദ്ധയും നൊമ്പരക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.
തെളിമയാർന്ന നീലാകാശവും, വെൺമേഘങ്ങളും അവരെ ഒന്നു നോക്കുക പോലും ചെയ്യാതെ ധൃതിയിൽ എങ്ങോ
പോയി മറയുന്നു. മർത്യന്റെ എണ്ണമില്ലാത്ത ആശകൾ തീരത്തണയാതെ നിരാശയിൽ മുങ്ങിത്താഴുന്നു.
ജീവിതവ്യഥകളിൽപ്പെട്ടുഴറി
റെയിൽപ്പാളത്തിലൊടുങ്ങുന്ന ആരുടേയോ തേങ്ങൽ ശബ്ദം കർണ്ണങ്ങളിൽ മുഴങ്ങുന്നതു പോലെ...
വഞ്ചനയും., ചതിയും, അഴിമതിയും നടമാടുന്ന വർത്തമാനകാല ദൃശ്യങ്ങൾ... മനുഷ്യന്റെ ജീവിതത്തോടുള്ള
ഒടുങ്ങാത്ത ആസക്തിയെ കവി ഇവിടെ വരച്ചു കാട്ടിയിരിക്കുന്നു.
തീക്ഷ്ണമായ പക്ഷപാതവും, മതാന്ധതയും മുഖം
മൂടിയണിഞ്ഞ മനുഷ്യരും കാലഘട്ടത്തിന്റെ നേർക്കാഴ്ചകളായി മാറുന്നു. ഏതിരുളിലും വെളിച്ചമേകാൻ,
ജ്ഞാനപ്രകാശം പരത്താൻ ശക്തമായ നമ്മുടെ ആർഷഭാരത സംസ്കാരത്തിനാകുമെന്ന് കവി ചൂണ്ടിക്കാട്ടുന്നു.
ഒരു പാട് അർത്ഥതലങ്ങളുള്ള ഈ വരികൾ വായനക്കാരന്റെ ഹൃദയത്തിൽ ഇടം നേടുമെന്ന
കാര്യത്തിൽ യാതൊരു തർക്കവുമില്ല. രജി ചന്ദ്രശേഖർ മാഷിന്റെ മഞ്ചാടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്മിത ആർ നായർ
Manchadi Cover Art
No comments:
Post a Comment