കാത്തിരിക്കാം :: ഗോപിക ബി എസ്

Views:
ഗോപിക ബി എസ്

രാത്രിതൻ താളത്തിനുത്തരമോതുവാൻ
മായാതുറങ്ങാതിരുന്നു തെന്നൽ
പൂക്കും നിശാഗന്ധി വെണ്ണിലാപ്പൂമണം
തീർക്കുന്നതിൽ വീണലിഞ്ഞു ചേരാൻ

പാടാതെ പാടുന്ന കുഞ്ഞിളം രാപ്പാടി
നീയിന്നുറങ്ങാതെ കാത്തിരുന്നോ
മഞ്ഞിന്റെ മാന്ത്രിക തേർത്തടമേറിവ-
ന്നെത്തിടും മാരനെ കാത്തിരുന്നോ

കിന്നരനല്ലവൻ കാമനുമല്ലവൻ
കാർമുകിൽ വർണ്ണന്റെ തോഴനാവാം
വെണ്ണിലാത്തള്ളികൾ മിന്നിടും കായലിൽ
കണ്ണാടി നോക്കുന്ന സ്വപ്നമാവാം

പഞ്ചവർണ്ണക്കിളി തേടുന്നതാരെ, നിൻ
മൊഞ്ചിൽ മയങ്ങിടും കാന്തനുണ്ടോ
പുഞ്ചിരികൊണ്ടവൻ നെയ്തിടും പൂഞ്ചില്ല-
മഞ്ചത്തിലേറുവാൻ തഞ്ചമുണ്ടോ

പഞ്ചമിപ്പൈതലിൻ പാൽച്ചിരിയേറുമീ
കൊഞ്ചലിൽ കണ്ണിന്റെ നീലിമയിൽ
ഈണം വിതുമ്പുന്നതെന്തിനു തോഴൻ നിൻ
വീണയിൽ തന്ത്രികൾ മീട്ടുമെന്നോ

ഒരുനാളുമാരുമേയെത്തി നോക്കാത്തൊരീ
തെരുവോരമിങ്ങനെ കാത്തിരിക്കാം
ആരും മറക്കാത്തൊരീനല്ല രാത്രിതൻ
മാത്രകൾ മായാതെ നിൽക്കുമല്ലൊ