Views:
ഇല്ലാ പുരസ്കാരമില്ലാ പുകഴ്ത്തലും,
നിദ്രയെ തൻകുഞ്ഞ് പുൽകാൻ പുണരുവാൻ വേണ്ടി
അവൾ, അവളിലെ അമ്മ പൊഴിയ്ക്കുന്ന
സ്വര മധുരമുത്തുകൾക്കിതുവരെയും
അടരുന്നു ഹൃത്തിന്റെ നേർത്ത സിരാധമനികൾ
അവയിന്നുഗാനമായ് ജീവനതാളമായ്,
മധുവുണ്ടുമദിക്കുന്ന മലരിനെ
മയക്കുന്നു തേൻ കിനിയും താരാട്ടിനീണമായ്.
പാടാനറിയാത്ത പാട്ടുകാരി അമ്മ
എങ്കിലും പാടുന്നു മൂളുന്നു നിത്യം
ഒറ്റ ലക്ഷ്യം, കുഞ്ഞുറങ്ങണം, കാണണം
വർണ്ണം വിടർത്തും കിനാവനേകം അവൻ.
ശൈശവത്തിലും പിന്നത്തെ ബാല്യത്തിലും
ഈരടി മൂളാത്ത കൗമാര ദശയിലും,
പാടാത്ത പാട്ടിന്നു പാടുന്നിവൾ തന്റെ
കാണാഞരമ്പിൽ ധവളമൂറിയ നാൾ മുതൽ.
തന്നിളം ശ്രോതാവിനെ തോണിയേറ്റണം.
കനവിന്റെ തിരകളും നിനവിൻ തുരുത്തും,
താണ്ടിയവനകലണം അവനൊടുവിൽ പുൽകണം
ഇടമുറിയാ സ്വാസ്ഥ്യം, സുഖസുഷുപ്തി.
തിരികെ എത്തണം അവനതേ തോണിയിൽ.
നിദ്രയൊഴിയണം, ഒഴിയുമ്പോൾ ചൊരിയണം
വാരിയ മുത്തും പവിഴവുമെന്നാശയുണ്ട്
മൊഴിയെത്തിടാ പൈതലല്ലെന്നറികിലും, വെറുതെ.
വേണ്ടാ പുരസ്കാരം, വേണ്ടാ പുകഴ്ത്തലും.
വേണ്ടൊരു ബഹുമതിയുമെന്നത് നിശ്ചയം.
ഉണ്ടൊരു പ്രതിഫലം അവളിലെ ഗായിക-
യ്ക്കുണ്ട് വിലമതിയാതെ ലഭ്യം സുനിശ്ചയം.
പാതിമയക്കത്തിനിടെ മിന്നിമറയുമാ,
പിഞ്ചിളം ചുണ്ടിലെ മന്ദസ്മിതം മതി,
ഒരു ജന്മസാഫല്യമേകാൻ മനസ്സിന്,
ഇളനീർ മഴയാൽ കുളിരേകുവാൻ.
1 comment:
അശ്വതി വാക്കുകളിൽ കാന്തികത ഒളിപ്പിച്ചു വയ്ക്കുന്ന ഒരു നിരൂപിക കൂടിയാണെന്നു മനസിലായി. നല്ലെഴുത്ത്. ഒരുപാടുയരങ്ങൾ നീ കീഴടക്കും, ഉറപ്പാ.. അഭിമാനത്തോടെ ഇവളെന്റെ പ്രിയപ്പെട്ടവൾ എന്ന് ലോകത്തോട് വിളിച്ചു പറയുന്ന കാലത്തിനെ ഞാൻ കാത്തിരിക്കുന്നു..
Post a Comment